പുനലൂർ: നിരന്തരമുണ്ടാകുന്ന വന്യമൃഗങ്ങളുടെ ഉപദ്രവത്തിൽ കിഴക്കൻ മലയോരത്ത് ഇനിയും എത്ര ജീവനുകൾ നഷ്ടപ്പെടേണ്ടിവരും. മൂന്ന് വർഷങ്ങൾക്കിടെ വന്യമൃഗ ആക്രമണത്തിൽ ഈ മേഖലയിൽ മൂന്നുപേരുടെ ജീവൻ നഷ്ടപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ആയൂർ പെരുങ്ങള്ളൂരിൽ സാമുവൽ വർഗീസിനെ കാട്ടുപോത്ത് ആക്രമിച്ചു കൊലപ്പെടുത്തിയതാണ് ഒടുവിലത്തെസംഭവം.
നൂറുകണക്കിന് വളർത്തു മൃഗങ്ങളെയും പുലിയടക്കം അടുത്തകാലത്തായി പിടിച്ചുകൊന്നു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് ഓരോ വർഷവും നശിപ്പിക്കുന്നത്. വന്യജീവികൾ കാടിറങ്ങാതിരിക്കാൻ വനം വകുപ്പ് കോടികൾ ചെലവിടുന്നുണ്ട്. ഇതിന് മതിയായ ഫലം ഇല്ലാതാകുന്നതോടെ മൃഗങ്ങൾ ഒറ്റക്കും കൂട്ടായും മലയോരവുംവിട്ട് ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന അവസ്ഥ വർധിച്ചു.
ആയൂരിൽ വനവുമായി ബന്ധവുമില്ലാത്ത ഗ്രാമത്തിലാണ് കാട്ടുപോത്തിറങ്ങിയത്. വനവുമായി നേരിട്ട് ബന്ധമുള്ള കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല, പിറവന്തൂർ പഞ്ചായത്തുകൾ കൂടാതെ സമീപ പഞ്ചായത്തുകളിലേക്കും ആനയും കാട്ടുപന്നികളും കാട്ടുപോത്തുകളും ഇറങ്ങി നാശം വിതക്കുന്നത് പതിവാണ്.
മൂന്ന് വർഷം മുമ്പ് തെന്മലയിലെ കുറവന്താവളം എസ്റ്റേറ്റിൽ റബർ ടാപ്പിങ്ങിനിടെ തുളസീധരനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ആറുമാസം മുമ്പ് അലിമുക്ക്-അച്ചൻകോവിൽ റോഡിൽ കടമ്പുപാറക്ക് സമീപം അജ്ഞാതനെ കാട്ടാന അതിദാരുണമായി കൊലപ്പെടുത്തി.
ജനവാസ മേഖലയായ അച്ചൻകോവിലിൽ വീട്ടിൽ കയറിപോലും ആളുകളെ പന്നി ആക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം ആര്യങ്കാവിൽ അറണ്ടലിൽ സ്കൂട്ടർ യാത്രികനായ മുനിയ സാമി കാട്ടാനയിൽനിന്ന് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ഒറ്റയാൻ സ്കൂട്ടർ ചവിട്ടിപ്പൊളിച്ചു. മൂന്നുമാസം മുമ്പ് അച്ചൻകോവിൽ വീട്ടിൽ കയറി യുവതിയെ കാട്ടുപന്നി മാരകമായി കുത്തിയ സംഭവമുണ്ടായി.
കഴിഞ്ഞ ആഗസ്റ്റ് 27ന് അമ്പനാട് എസ്റ്റേറ്റ് തൊഴിലാളി അന്തോണിയെ ഭാര്യയുടെ മുന്നിലിട്ട് കാട്ടാന ആക്രമിച്ചു ഗുരുതരമായി പരിക്കേൽപിച്ചു. കഴിഞ്ഞ മാർച്ച് 23ന് അമ്പനാട് അരണ്ട ഡിവിഷനിലെ കോട്ടയിലെ തോട്ടം തൊഴിലാളിയായ സോപാലിന് ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
മൂന്ന് ദിവസം മുമ്പ് നാഗമല എസ്റ്റേറ്റ് തോട്ടം തൊഴിലാളി പിച്ച മണിയുടെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കുട്ടിയെ പുലി പിടിച്ചു കൊന്നു. വന്യജീവികളുടെ എണ്ണം ക്രമാതീതമായി വർധിച്ചത് വനത്തിലെ ആവാസ വ്യവസ്ഥ തകിടം മറിച്ചു. ഇവക്ക് ആവശ്യമായ തീറ്റയും വെള്ളവും ഇല്ലാതായതോടെ സമീപത്തെ കൃഷിയിടങ്ങളാണ് ആശ്രയം.
വന്യജീവികളെ കാട്ടിൽ തന്നെ നിലനിർത്താനാവശ്യമായ നിലയിൽ കുളങ്ങൾ നിർമിക്കാനും ഈറ, മുള തുടങ്ങിയ തീറ്റകൾവെച്ചു പിടിപ്പിക്കാനും എല്ലാ റേഞ്ചുകളിലും മുറക്ക് നടക്കുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ല. ഇതിന്റെ സൂചനയാണ് മൃഗങ്ങളുടെ കാടിറക്കം.
വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയരുമ്പോഴും ഫലപ്രദമായി നടപടികൾ സ്വീകരിക്കുവാൻ അധികൃതർ തയ്യാറാവുന്നില്ല എന്നുള്ളതാണ് ആക്ഷേപം. ആക്രമണം തടയാൻ മാസ്റ്റർ പ്ലാൻ അടക്കം തയാറാക്കിയെങ്കിലും ഒന്നും ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. കൂടാതെ ആക്രമങ്ങൾക്ക് വിധേയരാകുന്നവർക്കും കൃഷിനാശം ഉൾപ്പെടെ സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരം സമയത്തിന് ലഭിക്കാറുമില്ല. തുച്ഛമായി ലഭിക്കുന്ന തുക വളരെ പ്രയാസപ്പെട്ടാണ് അധികൃതർ നിന്നും ലഭിക്കുന്നത്.
അഞ്ചൽ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാമുവൽ വർഗീസും ഭാര്യയും മകളുടെ പ്രസവ ശുശ്രൂഷക്കായി കഴിഞ്ഞ മൂന്നുമാസമായി ഗൾഫിലായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് ഇരുവരും നാട്ടിലെത്തിയത്.
വീടിനോട് ചേർന്നുള്ള റബ്ബർ പുരയിടത്തിൽ കാട്ടുപന്നി കയറിയെന്ന് കരുതി ടാപ്പിങ് നടത്തുന്നയാൾ സാമുവൽ വർഗീസിനെ വിളിച്ചറിയിച്ചു. തുടർന്നെത്തിയ സാമുവൽ വർഗീസും ടാപ്പിങ് തൊഴിലാളിയും ചേർന്ന് വിരട്ടിയോടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടുപോത്ത് പാഞ്ഞടുത്തത്.
ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സാമുവൽ വർഗീസിനെ കാട്ടുപോത്ത് ആക്രമിച്ച് കഴിഞ്ഞിരുന്നു. ഈസമയം പ്രാണരക്ഷാർത്ഥം റബ്ബർ മരത്തിൽ കയറി രക്ഷപ്പെട്ട ടാപ്പിങ് തൊഴിലാളിയുടെ ബഹളം കേട്ടാണ് പരിസരവാസികൾ ഓടിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.