പുനലൂർ: ആര്യങ്കാവിൽ അമ്പനാട് എസ്റ്റേറ്റിലെ കുളത്തിൽ പതിവായി നീരാടാനെത്തുന്ന ഒറ്റയാൻ തൊഴിലാളികളെ ഭീതിയിലാഴ്ത്തുന്നു. വേനൽ കടുത്തതോടെ വനത്തിൽ നീരുറവകൾ വറ്റിയതിനാൽ ആനയടക്കം വന്യജീവികൾ ദാഹമകറ്റാനും ശരീരം തണുപ്പിക്കാനും പരക്കം പായുകയാണ്. ഇതിനിടെയാണ്, എസ്റ്റേറ്റിനുള്ളിൽ തൊഴിലാളികളുടെ ആവശ്യത്തിനായി അധികൃതർ നിർമിച്ച കുളം ഒറ്റയാന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒരു ഭയാശങ്കയുമില്ലാതെ ജന സാന്നിധ്യമുള്ള കുളത്തിലെത്തി ദാഹമകറ്റി, മണിക്കൂറുകൾ വെള്ളത്തിൽ കിടന്ന് ദേഹം തണുപ്പിച്ച ശേഷം കാടുകയറും. ഈ ഭാഗത്ത് തേയില നുള്ളാനെത്തുന്ന തൊഴിലാളികൾ ആനയുടെ സാന്നിധ്യം കാരണം മറുവഴികളിലൂടെയാണ് ജോലിക്കെത്തുന്നത്. ചില സമയങ്ങളിൽ കുളത്തിന് സമീപം തൊഴിലാളികളെത്തി ആനയോട് മാറിപ്പോകാൻ പറയുമ്പോൾ കാടുകയറുന്നതായും തൊഴിലാളികൾ പറയുന്നു.
അമ്പനാട് എസ്റ്റേറ്റിലെ ചേനഗിരി ഭാഗത്ത് അടുത്തിടെ ഒരു തൊഴിലാളിയെ ആന ആക്രമിച്ചിരുന്നു. ശേഷം ഭീതിയോടെയാണ് തൊഴിലാളികൾ പലരും ജോലിക്ക് പോകുന്നത്. കുളത്തിലെത്തുന്ന ആനയെ അകറ്റാൻ എസ്റ്റേറ്റ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും തൊഴിലാളികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.