പുനലൂർ: വനത്തിൽനിന്ന് കൃഷിയിടത്തിലേക്ക് ഇറങ്ങാൻ റെയിൽവേ പാളത്തിലൂടെയെത്തിയ ഒറ്റയാൻ ഏറെ സമയം ആശങ്കയുയർത്തി. കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപം കഴിഞ്ഞദിവസം പുലർച്ചെയാണ് സംഭവം.
റെയിൽവേ സ്റ്റേഷന് അകലെ നിന്നാണ് കൃഷിയിടം ലക്ഷ്യമാക്കി ഒറ്റയാൻ പാളത്തിലൂടെ ഏറെദൂരം നടന്നെത്തിയത്. ഈപ്രദേശത്ത് കേന്ദ്രികരിച്ചിട്ടുള്ള തെന്മല വനം റേഞ്ചിലെ എലഫൻറ് സ്ക്വാഡിന്റെ ശ്രദ്ധയിൽ ആനപെട്ടു. റെയ്ഞ്ച് ഓഫിസർ സി. സെൽവരാജ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. ബാബു, ബി.എഫ്.ഒമാരായ സൂരജ് ജി. നായർ, വി .രാധാകൃഷ്ണൻ, വാച്ചർ സത്യരാജ്, ദേവദത്തൻ, സുബിൻ എന്നിവരുടെ നേതൃത്വത്തിൽ ഏറെസമയം പരിശ്രമിച്ച് ഒറ്റയാനെ കാട്ടിലിലേക്ക് തിരികെ കയറ്റി.
രാത്രിയും പുലർച്ചെയും ഈലൈനിൽ ട്രെയിൻ സർവിസുണ്ട്. ആനയടക്കം വന്യമൃഗങ്ങളുടെ സാന്നിധ്യം മിക്കപ്പോഴും ലൈനിനോട് അനുബന്ധിച്ച് ഉണ്ടാകാറുണ്ട്. ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ മേഖലയിൽ ആനകളെത്തി നാശങ്ങൾ വരുത്തുന്നത് പതിവാണ്. പാളത്തിൽ ആനകൾ ഇറങ്ങി നിൽക്കുന്നതും മരങ്ങളും മറ്റും മറിച്ചിടുന്നതുംകാരണം ട്രെയിനുകൾ നിർത്തിയിടാറുണ്ട്.
വന്യമൃഗങ്ങൾ പാളത്തിലേക്ക് ഇറങ്ങാതിരിക്കാൻ ഹാങ്ങിങ് ഫെൻസിങ് പോലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആവശ്യമുയർന്നെങ്കിലും വനം വകുപ്പോ റെയിൽവേ അധികൃതരോ പരിഗണിച്ചിട്ടില്ല. ഇതുകാരണം നിരവധി മൃഗങ്ങൾ ട്രെയിനിടിച്ച് ചാവുന്നതും പതിവായിട്ടുണ്ട്. മ്ലാവ്, കേഴ പോലുള്ളതാണ് കൂടുതലും ട്രെയിനിന് അടിയിൽപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.