പുനലൂർ: വന്യമൃഗങ്ങൾ ജീവനും സ്വത്തിനും ഭീഷണിയായതോടെ ആര്യങ്കാവിലെ സ്വർണഗിരിക്കാർ നാടുവിടുന്നു. ഇവിടുള്ള കുടുംബങ്ങൾ വ്യാഴാഴ്ച ആര്യങ്കാവ് റേഞ്ചിലെ കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി അധികൃതരെ വിവരമറിയിച്ചു.
നവ കേരള പദ്ധതിയിൽ സർക്കാർ നടപ്പാക്കുന്ന സ്വയം ഒഴിഞ്ഞുപോകൽ പദ്ധതിയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇത് സംബന്ധിച്ച് അപേക്ഷയും എല്ലാ കുടുംബങ്ങളുടേയും സമ്മതപത്രവും നൽകിയാൽ സർക്കാറിൽ അറിയിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഇവരെ അറിയിച്ചു.
ആര്യങ്കാവ് പഞ്ചായത്തിലെ ഫ്ലോറൻസ് വാർഡിൽപെട്ടതും വനത്താലും സ്വകാര്യ എസ്റ്റേറ്റിനാലും ചുറ്റപ്പെട്ടതാണ് സ്വർണഗിരി. ദേശീയപാതയിൽ ചേനഗിരി പാലത്തിന് സമീപത്ത് നിന്നും അഞ്ച് കിലോമീറ്റർ ദൂരമുണ്ട് സ്വർണഗിരിയിലേക്ക്.
ബ്രിട്ടീഷുകാർ ഇവിടെ എസ്റ്റേറ്റ് സ്ഥാപിച്ച കാലത്ത് തൊഴിലാളികളായി തമിഴ്നാട്ടിൽ നിന്നും എത്തിയവരാണ് ഇവിടുള്ള കുടുംബങ്ങൾ. അക്കാലത്ത് വനം വെട്ടിപ്പിടിച്ച് താമസമാക്കിയവരുടെ പിന്മുറക്കാരായ പത്ത് കുടുംബങ്ങളാണ് ഇപ്പോഴുള്ളത്. ഇവരുടെ കൈവശം ഇരുപതോളം ഏക്കർ ഭൂമിയുണ്ട്. ഇതിൽ 15 ഏക്കറോളം ഭൂമിക്ക് പട്ടയവും ബാക്കി കൈവശാവകാശവുമാണ്.
കൃഷി ഭൂമിക്ക് ചുറ്റും സ്വന്തംനിലയിൽ സൗരോർജ വേലിയും മറ്റ് പ്രതിരോധങ്ങളും ഒരുക്കിയാണ് ഇവർ കൃഷി ചെയ്ത് ജീവിക്കുന്നത്. തെങ്ങ്, വാഴ, റബർ, കുരുമുളക്, ഗ്രാമ്പു തുടങ്ങിയ എല്ലാത്തരം കൃഷികളും ചെയ്തു മണ്ണിനെ പൊന്നാക്കി ജീവിക്കുന്നവരാണിവർ.
എന്നാൽ, അടുത്ത കാലത്തായി വന്യമൃഗങ്ങളുടെ നശീകരണം കാരണം ഒരുദിവസംപോലും ഇവിടെ ജീവിക്കാൻ കഴിയുന്നില്ലെന്ന് കർഷകനായ കറുപ്പയ്യ പറഞ്ഞു.
പ്രതിരോധങ്ങളെല്ലാം ആനയും പുലിയും തകർത്ത് മുഴുവൻ കൃഷികളും നശിപ്പിക്കുന്നു. മുമ്പില്ലാത്തവിധം അടുത്തകാലത്തായി മൃഗങ്ങളുടെ ശല്യം രൂക്ഷമായി. കന്നുകാലികളെ പുലി പിടിച്ചുകൊണ്ട് പോകുന്നു.
രാത്രിയിലും പകലും കാവൽ നിന്നാണ് ശേഷിക്കുന്ന കൃഷി മൃഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നത്. ഇവകളെ പ്രതിരോധിക്കാൻ വനംവകുപ്പ് കാര്യമായി ഒന്നും ചെയ്യുന്നില്ല. ഇനിയും ഇവിടെ കഴിഞ്ഞു കൂടുന്നത് ദുഷ്കരമാണെന്ന് കണ്ടാണ് എങ്ങനെയും ഒഴിഞ്ഞുപോകാൻ തയാറാകുന്നതെന്നും ഇവിടുള്ളവർ പറയുന്നു.
പദ്ധതി പ്രകാരം പട്ടയ ഭൂമിയുള്ള ഒരു കുടുംബത്തിന് 15 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്. ഒരുവീട്ടിൽ തന്നെ ഉള്ളവരെ പ്രത്യേക പരിഗണന വെച്ച് പല കുടുംബങ്ങളായി കണക്കാക്കി നഷ്ടപരിഹാരം ലഭിക്കും. കുളത്തൂപ്പുഴ പഞ്ചായത്തിലെ റോസ്മല, കല്ലാർ, കട്ടിപ്പാറ തുടങ്ങിയ ഭാഗങ്ങളിൽ പദ്ധതി നടപ്പായി കുടുംബങ്ങൾ ഒഴിഞ്ഞുതുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.