വെളിയം: ബൗദ്ധിക-മാനസിക വെല്ലുവിളി നേരിടുന്ന തലമുറകള്‍ക്കായി സംസ്ഥാനത്ത് പുനരധിവാസ ഗ്രാമങ്ങള്‍ ഒരുങ്ങുകയാണെന്ന് മന്ത്രി ആര്. ബിന്ദു. വെളിയം കായിലയില്‍ തുടങ്ങിയ സംരക്ഷണ കേന്ദ്രമായ 'പ്രിയ ഹോം' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പരിമിതികളുള്ള കുഞ്ഞുങ്ങളുടെ ആശങ്കകളെല്ലാം അകറ്റാനുള്ള സംവിധാനങ്ങളാണ് തുടങ്ങുന്നത്. ഇവിടെ തുടങ്ങിയ കേന്ദ്രത്തില്‍ ആദ്യം 15 പേര്‍ക്കും വിപുലീകരണം വഴി 100 പേര്‍ക്കും ഇടമൊരുക്കും. എല്ലാ സൗകര്യങ്ങളുമുള്ള സംരക്ഷണരീതിയാണ് പിന്തുടരുക. ചികിത്സയും മറ്റ് അവശ്യ വസ്തുക്കളും ഉള്‍പ്പെടുത്തിയുള്ള സംരക്ഷണം ഉറപ്പുവരുത്താന്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. പരിശീലന കേന്ദ്രങ്ങളും അനുബന്ധമായുണ്ടാകും. ശാരീരിക പരിമിതികള്‍ മറികടക്കാനുള്ള ഉപകരണങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട്. പരിമിതികള്‍ ഉള്ളവര്‍ക്കായുള്ള തൊഴില്‍-വിദ്യാഭ്യാസ-സംരംഭകത്വ പദ്ധതിയും നടപ്പാക്കുന്നു. ഇതിന്റെ വിവരങ്ങള്‍ സാമൂഹികനീതി വകുപ്പിന്റെ പോര്‍ട്ടല്‍ വഴി അറിയാനാകും. പുനലൂര്‍, മൂലിയാര്, നിലമ്പൂര്‍, കാഞ്ഞിരപ്പള്ളി, കാട്ടാക്കട എന്നിവിടങ്ങളില്‍ പുനരധിവാസ ഗ്രാമങ്ങള്‍ തുടങ്ങുകയാണെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. അതിദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള സര്‍ക്കാറിന്റെ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുമെന്നും പരിമിതിയുള്ളവര്‍ക്കായുള്ള പരമാവധി കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പുതുതായി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, എ.ഡി.എം ആര്. ബീന റാണി, ജില്ല സാമൂഹികനീതി ഓഫിസര്‍ കെ.ആര്. പ്രദീപന്, ജില്ല പഞ്ചായത്തംഗം ജയശ്രീ വാസുദേവന്‍പിള്ള, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ്, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. ബിനോജ്, വൈസ് പ്രസിഡന്റ് കെ. രമണി, ബ്ലോക്ക് പഞ്ചായത്തംഗം സജിനി ഭദ്രന്, ഗ്രാമപഞ്ചായത്തംഗം സി.എസ്. സുരേഷ്കുമാർ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.