ശാസ്താംകോട്ട: ലോകകപ്പ് ഫുട്ബാൾ മത്സരത്തിന്റെ ഫൈനലിൽ ഫ്രാൻസ് പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച സൈനികൻ ഉൾപ്പെടെ പ്രതികൾ അറസ്റ്റിലായി. കുന്നത്തൂർ പടിഞ്ഞാറ് കോളൂർ പുത്തൻ വീട്ടിൽ സാബു (38), സുഹൃത്തുക്കളായ മൈനാഗപ്പള്ളി സ്വദേശി ശ്രീജിത്ത്, അരുൺ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആഴ്ചകളോളം ചികിത്സയിലായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കുന്നത്തൂർ പടിഞ്ഞാറ് അരുൺ ഭവനിൽ സൈനികനായ അരുൺ (30), കുന്നത്തൂർ പടിഞ്ഞാറ് അഖിൽ ഭവനിൽ വിഷ്ണു (28), അഖിൽ ഭവനിൽ അഖിൽ ബാബു (26), പുത്തൻപുരയിൽ സുധീഷ് (33), പവിത്രേശ്വരം ചെറുപൊയ്ക വിലാസത്തിൽ ഷിബി രാജ് (33), കുന്നത്തൂർ പടിഞ്ഞാറ് പറക്കോട്ട് വിള അഭിഷേക് (24, കിച്ചു), രതീഷ് ഭവനിൽ രജീഷ് (33) എന്നിവരാണ് അറസ്റ്റിലായത്.
കോടതി ഇവരെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ജനുവരി 29ന് രാത്രിയിലാണ് ആക്രമണം നടന്നത്. കുന്നത്തൂർ നെടിയവിള ഭഗവതി ക്ഷേത്രത്തിലെ ഉത്സവദിവസം കെട്ടുകാഴ്ച കണ്ട് മടങ്ങുകയായിരുന്ന സാബുവിനെ മാരകായുധങ്ങൾകൊണ്ട് പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.
തടയാനെത്തിയ സുഹൃത്തുക്കളായ ശ്രീജിത്ത്, അരുൺ എന്നിവർക്കും മർദനമേറ്റു. പേരക്കമ്പുകൊണ്ട് മുഖത്ത് അടിയേറ്റതിനെ തുടർന്ന് ശ്രീജിത്തിന്റെ പല്ലുകൾ ഇളകിത്തെറിക്കുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്തു.സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു.
അഞ്ച് പ്രതികളെ തിരുവല്ലയിൽനിന്നും രണ്ടു പേരെ കുന്നത്തൂർ, കുമരഞ്ചിറ എന്നിവിടങ്ങളിൽനിന്നുമാണ് പൊലീസ് പിടികൂടിയത്. ശാസ്താംകോട്ട എസ്.ഐ ഷാനവാസ്, ജി.എസ്.ഐ മാരായ രാജേഷ്, വിനയൻ, സി.പി.ഒ മാരായ അഖിൽ ചന്ദ്രൻ, സുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.