ശാസ്താംകോട്ട: വീടിനുമുകളിലൂടെയുള്ള 11 കെ.വി വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് നവകേരള സദസ്സിൽ നൽകിയ പരാതിക്ക് ‘പരിഹാരം’ 12 ലക്ഷത്തിന്റെ എസ്റ്റിമേറ്റ്. 12 ലക്ഷം രൂപ അടച്ചാൽ ലൈൻ മാറ്റാമെന്ന കെ.എസ്.ഇ.ബി അധികൃതരുടെ മറുപടി കേട്ട് അന്തംവിട്ടിരിക്കുകയാണ് കറണ്ട് ചാർജ് അടക്കാൻ പോലും ബുദ്ധിമുട്ടുന്ന സാധാരണക്കാർ.
മൈനാഗപ്പള്ളി പഞ്ചായത്തിലെ 18ാം വാർഡിൽ പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം താമസിക്കുന്ന 12 വീട്ടുകാർക്കുവേണ്ടി ചക്കാല കിഴക്കതിൽ അലാവുദ്ദീൻ എന്നയാളാണ് നവകേരള സദസ്സിൽ പരാതി നൽകിയത്. ഇവരുടെ വീടിന് മുകളിലൂടെയാണ് ഈ ഭാഗത്തുള്ള ട്രാൻസ്ഫോർമറിൽ നിന്ന് തടത്തിൽമുക്കിലെ ട്രാൻസ്ഫോമറിലേക്ക് വൈദ്യുതി പോകുന്നത്. ഇതിനോടനുബന്ധിച്ചുള്ള മറ്റ് സ്ഥലങ്ങളിൽ വൈദ്യുതി ലൈൻ റോഡിലൂടെയാക്കിയെങ്കിലും ഈ ഭാഗത്തെ ലൈൻ മാറ്റാൻ നടപടി ഉണ്ടായിട്ടില്ല.
ഇതുമൂലം ഇവിടെ താമസിക്കുന്നവർ ഏറെ ബുദ്ധിമുട്ടിലാണ്. വൈദ്യുതി ലൈനിൽ വൃക്ഷശിഖരങ്ങൾ തട്ടി പൊട്ടിത്തെറിയും തീപിടിത്തവും നിരവധി തവണ ലൈൻ പൊട്ടി വീഴലുമൊക്കെ ഉണ്ടായിട്ടുണ്ട്. ഏത് സമയവും അപകടം ഉണ്ടാകും എന്ന ഭയത്താൽ നാല് വീട്ടുകാർ ഇവിടെനിന്ന് താമസംതന്നെ മാറി. വിഷയത്തിൽ പഞ്ചായത്തംഗം മുതൽ മുഖ്യമന്ത്രിക്കുവരെയും കെ.എസ്.ബി അധികൃതർക്കും നിരവധിതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് നവകേരള സദസ്സിൽ പരാതി നൽകിയത്.
പരാതി കെ.എസ്.ഇ.ബി അധികൃതർക്ക് കൈമാറിയതുപ്രകാരം അവർ സ്ഥലത്തുവന്ന് പരിശോധന നടത്തി. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ അംഗീകാരം ലഭിച്ച വർക്കുകളിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ 12,18099 രൂപ അടച്ചാൽ പ്രവൃത്തി നടത്താമെന്ന എക്സി. എൻജിനീയറുടെ മറുപടികത്ത് കഴിഞ്ഞദിവസം പോസ്റ്റ് വഴി അലാവുദ്ദീന് ലഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.