ശാസ്താംകോട്ട: സി.പി.ഐ ശാസ്താംകോട്ട പടിഞ്ഞാറ് ലോക്കൽ കമ്മറ്റിയിൽ പൊട്ടിത്തെറി. നൂറ്റമ്പതോളം പേർ പാർട്ടിവിട്ടു. ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് ഭാരവാഹികളും അടക്കം ഇരുപത്തഞ്ചോളം പാർട്ടി അംഗങ്ങളും നൂറിലധികം അനുഭാവികളും പാർട്ടി വിട്ടവരിൽപ്പെടുന്നു.
വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിച്ചുവരുന്നവർക്ക് അർഹമായ പരിഗണന നൽകാതെ ചില തൽപ്പരകക്ഷികൾ പാർട്ടി ഭാരവാഹിത്വങ്ങളും സ്ഥാനമാനങ്ങളും പങ്കിട്ടെടുക്കുകയാണെന്ന് സംഘടന വിട്ടവർ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥിത്വം അടക്കം അർഹരായവർക്ക് ലഭിച്ചില്ല. ഇത് സംബന്ധിച്ച് മേൽഘടകങ്ങളിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. ഈ നിലപാടിൽ പ്രതിഷേധിച്ച് നിരവധി പേർ നേരത്തേതന്നെ പാർട്ടിവിട്ടിരുന്നു.
ഏറ്റവും ഒടുവിൽ ശാസ്താംകോട്ട സർവിസ് സഹകരണ ബാങ്കിന്റെ പള്ളിശ്ശേരിക്കൽ ബ്രാഞ്ച് ആരംഭിക്കുമ്പോൾ പള്ളിശ്ശേരിക്കൽ ലോക്കൽ കമ്മറ്റിയിൽനിന്ന് ഒരാൾക്ക് ജോലി നൽകാം എന്ന് ഉറപ്പ് പറഞ്ഞിരുന്നങ്കിലും നിയമനം നടത്തിയപ്പോൾ ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ലോക്കൽ കമ്മിറ്റിയിൽ പോലും ചർച്ച ചെയ്യാതെ മറ്റൊരാൾക്ക് ജോലി നൽകുകയായിരുന്നു. ഇതിനു പിന്നിൽ സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ട്.
പാർട്ടി നേതൃത്വത്തിൽ ഇരുന്ന് ചിലർ കൃഷിഭവനുകൾ വഴി വിത്തും വളവും നൽകുന്നതിലൂടെ കോടികൾ സമ്പാദിക്കുന്നതായും പാർട്ടി നേതാക്കളായിരുന്ന എം. അബ്ദുൽ സത്താർ വട്ടവിള, കൊപ്പാറയിൽ അബ്ദുൽ സമദ്, അലിയാരുകുഞ്ഞ്, ശ്രീധരൻ, തോമസ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.