ശാസ്താംകോട്ട: പൊലീസ് പിന്തുടർന്നപ്പോൾ ഉപേക്ഷിച്ചുപോയ വാഹനത്തിൽനിന്ന് 20 ലക്ഷം രൂപയുടെ ലഹരി ഉൽപന്നങ്ങൾ പിടികൂടി; ഒരൾ അറസ്റ്റിൽ. പള്ളിശ്ശേരിക്കൽ പുത്തൻവിള വടക്കതിൽ ഷംനാദ് (32) ആണ് അറസ്റ്റിലായത്. 60 ചാക്ക് ലഹരി ഉൽപന്നങ്ങളാണ് വാഹനത്തിൽനിന്നും ഇയാളുടെ വീട്ടിൽനിന്നും ശാസ്താംകോട്ട പൊലീസ് പിടികൂടിയത്.
വീട്ടിൽ നിന്ന് 13 ചാക്ക് ലഹരി പദാർത്ഥങ്ങളാണ് പിടിച്ചെടുത്തത്. വീടിന്റെ ടെറസിലും മറ്റുമായാണ് ചാക്കുകളിൽ കുത്തിനിറച്ച് ഇവ സൂക്ഷിച്ചിരുന്നത്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തെതുടർന്ന് നിരീക്ഷണം നടത്തിവരികയായിരുന്നു.
ഇതിനിടയിൽ വെള്ളിയാഴ്ച രാവിലെ അഞ്ചോടെയാണ് ഷംനാദിന്റെ വീട്ടിൽ ചാക്കുകളിൽ നിറച്ച് പുകയില ഉല്പന്നങ്ങൾ എത്തിച്ചശേഷം കാരാളിമുക്ക് ഭാഗത്തേക്ക് പോകുന്ന വാഹനം പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയ വാഹനത്തിലുണ്ടായിരുന്നവർ പട്ടകടവ് സ്കൂളിന് സമീപം വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
വാഹനത്തിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത്. വാഹനത്തിന്റെ രജിസ്ട്രേഷൻ പരിശോധിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വാഹനത്തിൽ പരിശോധന നടത്തിയ പൊലീസ് ഇതേസമയംതന്നെ ഷംനാദിന്റെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ലഹരിവസ്തുക്കൾ കണ്ടെത്തുകയുമായിരുന്നു.
ലഹരി വസ്തുക്കൾ ഇയാളുടെ വീട്ടിൽ ഇറക്കിയശേഷം അടുത്തയാൾക്ക് കൈമാറാൻ പോകുന്ന വഴിക്കാണ് വാഹനം പൊലീസ് പിടികൂടിയത്. എവിടെനിന്നാണ് ഇവ എത്തുന്നതെന്നോ വാഹനത്തിലുണ്ടായിരുന്നവർ ആരാണെന്നോ ഉള്ള വിവരം തനിക്കറിയില്ലെന്നാണ് പൊലീസിനോട് ഷംനാദ് പറയുന്നത്.
ആറു മാസമായി ഇവരിൽനിന്ന് ലഹരിവസ്തുക്കൾ വാങ്ങി വീട്ടിൽ സൂക്ഷിച്ച ശേഷം ആവശ്യാനുസരണം കടക്കാർക്ക് വിറ്റഴിക്കുന്നതാണ് ഷംനാദിന്റെ രീതി. എന്നാൽ വർഷങ്ങളായി ഇയാൾ ഇത്തരം കച്ചവടം നടത്തിവരുന്നതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.