ശാസ്താംകോട്ട: ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന തരത്തിൽ കുന്നത്തൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മരം മുറിക്കുന്നു. മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക് പഞ്ചായത്തുകളിലാണ് നിലവിൽ കൂടുതൽ തടി കടത്തുന്നത്.
പ്രദേശത്തെ മരങ്ങൾ ഒട്ടുമിക്കതും മുറിച്ച് മാറ്റപ്പെട്ടതിനാൽ ഇടനിലക്കാർ പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണ്. വീടുകളിൽ നിന്ന് വിലക്ക് വാങ്ങിയാണ് തടികൾ കൊണ്ടു പോകുന്നതെങ്കിലും വ്യാപകമായ തോതിൽ ഇങ്ങനെ മരംമുറിക്കുന്നത് ഭാവിയിൽ അത്യുഷ്ണവും ജലക്ഷാമവും അടക്കമുള്ള പാരിസ്ഥിതിക പ്രശനങ്ങൾക്ക് കാരണമാകും.
ഒട്ടുമിക്ക സ്ഥലങ്ങളിലും ശക്തമായ വേനൽ മഴ ലഭിച്ചിട്ടും കുന്നത്തൂരിൽ പെയ്തിട്ടില്ല. വിളവ് എത്താത്ത മരങ്ങൾ പോലും വ്യാപകമായി മുറിച്ചു മാറ്റുന്നു. കേരളത്തിനകത്തും പുറത്തുമുള്ള പ്ലൈവുഡ് ഫാക്ടറികളിലേക്കും ഫർണിച്ചർ നിർമാണത്തിനുമാണ് തടി കൊണ്ടുപോകുന്നത്. നേരത്തെ റബർ, മഹാഗണി, അക്കേഷ്യ, മാഞ്ചിയം പോലുള്ള തടികളാണ് കൊണ്ട് പോയതെങ്കിൽ ഇപ്പോൾ പ്ലാവ്, മാവ്, ആഞ്ഞിലി തുടങ്ങി എല്ലാതരം നാട്ടുമരങ്ങളും മുറിച്ച് നീക്കപ്പെടുന്നു.
ഇടനിലക്കാർ വീടുകളിലെത്തി തടികൾ വാങ്ങുകയും ഇവ മുറിച്ച് താൽക്കാലികമായി ആരംഭിക്കുന്ന ഡിപ്പോകളിൽ എത്തിക്കും. അവിടെ നിന്ന് വലിയ വാഹനങ്ങളിൽ കയറ്റിക്കൊണ്ടു പോവുകയുമാണ് ചെയ്യുന്നത്.
കുന്നത്തൂരിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി തടി ഡിപ്പോകൾ ഇപ്പോൾ പ്രവർത്തിക്കുന്നു. ഇവിടെ നിന്ന് നിരവധി ലോഡ് തടികളാണ് ഓരോ ദിവസവും കൊണ്ടുപോകുന്നത്. ബന്ധപ്പെട്ട അധികൃതർ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.