ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ സർക്കാർ ഓഫിസുകൾക്ക് സ്വന്തം കെട്ടിടം എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുന്നു. താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിലെ ബഹുഭൂരിപക്ഷം സർക്കാർ ഓഫിസുകളും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. മുൻകാലങ്ങളിൽ മാറിവരുന്ന സർക്കാറുകൾ ബജറ്റുകളിൽ പ്രതീക്ഷ നൽകാറുണ്ടെങ്കിലും എല്ലാം കടലാസുകളിലൊതുങ്ങി. കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച റവന്യൂ ടവറാണ് ഇനിയുള്ള പ്രതീക്ഷ.
ശാസ്താംകോട്ട ജങ്ഷനിലെ ജല അതോറിറ്റിയുടെ സ്ഥലത്താണ് റവന്യൂ ടവർ നിർമ്മിക്കുന്നത്. റവന്യൂ ടവറിന്റെ നിർമാണത്തിനായി ജല അതോറിറ്റിയുടെ കൈവശം ഉണ്ടായിരുന്ന സ്ഥലം റവന്യൂ വകുപ്പിന് കൈമാറുകയും നിർമാണ പ്രവർത്തനങ്ങൾക്കായി സർക്കാർ ഏഴ് കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
ജല അതോറിറ്റിയുടെ സ്ഥലത്ത് ജീവനക്കാർക്കായിട്ടുള്ള ക്വാർട്ടേഴ്സിലെ താമസക്കാരെ ഒഴിപ്പിച്ചു കെട്ടിടങ്ങൾ പൊളിച്ചു നീക്കിയെങ്കിലും തുടർനടപടി വൈകുയാണ്. ശാസ്താംകോട്ടയിലെ വിവിധ ഓഫിസുകൾക്കായി ഒരുമാസം ലക്ഷങ്ങൾ ചെലവിടുമ്പോൾ നിർമാണം പൂർത്തിയായ മിനി സിവിൽ സ്റ്റേഷന്റെ രണ്ടാംനില പ്രയോജനപ്പെടുത്താതെ നശിച്ചുകിടക്കുകയാണ്.കെ.എസ്.ആർ.ടി.സിക്ക് ഗാരേജ് നിർമാണത്തിനായി വാങ്ങിയ ഒരു ഏക്കർ സ്ഥലവും വെറുതെ കിടക്കുകയാണ്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, സഹകരണ വകുപ്പ് അസി. രജിസ്ട്രാർ ഓഫിസ്, ലേബർ ഓഫിസ്, ജിയോളജി ഓഫിസ്, ആർ.ടി.ഒ ഓഫിസ്, ലീഗൽ മെട്രോളജി ഓഫിസ്, കശുവണ്ടി തൊഴിലാളി ക്ഷേമനിധി ഓഫിസ്. ഫയർ സ്റ്റേഷൻ, എക്സൈസ് ഓഫിസ് കെ.എസ്.ഇ.ബി ഓഫിസ് ഡിവൈ.എസ്.പി ഓഫിസ് കുടുംബകോടതി, എം.എ.സി.ടി കോടതി, മണ്ണ് സംരഷണവകുപ്പ് ഓഫിസ്, ലീഗൽ മെട്രോളജി ഓഫിസ് തുടങ്ങി നിരവധി ഓഫിസുകൾ വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
റവന്യൂ ടവർ നിർമാണത്തിനുള്ള ടെൻഡർ നടപടി പുരോഗമിക്കുകയാണെന്നും റവന്യൂ ടവർ യാഥാർഥ്യമാകു ന്നതോടെ താലൂക്കിലെ മുഴുവൻ സർക്കാർ ഓഫിസുകളും ഒരു കുടക്കീഴിലേക്ക് വരുമെന്നും കോവൂർ കുഞ്ഞുമോൻ എം.എൽ.എ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.