ശാസ്താംകോട്ട : വെട്ടിക്കാട്ട് മഹാദേവർ ക്ഷേത്രത്തിലെ ആന ഗജോത്തമൻ വെട്ടിക്കാട്ട് ചന്ദ്രശേഖരൻ വിട പറഞ്ഞിട്ട് ഒരു വർഷം. ചെങ്ങന്നൂർ ക്ഷേത്രത്തിൽ ഉൽസവ എഴുന്നള്ളിപ്പിന് കൊണ്ടുപോയ ചന്ദ്രശേഖരൻ കഴിഞ്ഞ വർഷം ഡിസംബർ 28 ന് ഉച്ചകഴിഞ്ഞാണ് ചരിഞ്ഞത്. രാത്രിയിൽ തന്നെ ചെങ്ങന്നൂരിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ ചന്ദ്രശേഖരന്റെ ജഡം ശാസ്താംകോട്ടയിൽ എത്തിച്ചു.
അവിടെ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ക്ഷേത്രത്തിൽ എത്തിച്ചത്. രാത്രി വൈകിയും ആയിരക്കണക്കിന് ആളുകളായിരുന്നു ചന്ദ്രശേഖരനെ കാണാൻ വഴിയോരങ്ങളിൽ നിലയുറപ്പിച്ചിരുന്നത്. പിറ്റേന്ന് പൊതു ദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് കോന്നിയിൽ കൊണ്ടുപോയി സംസ്കരിച്ചു. 37 വർഷങ്ങൾക്ക് മുമ്പാണ് അന്ന് 35 വയസുണ്ടായിരുന്ന ചന്ദ്രശേഖരനെ വെട്ടിക്കാട്ട് ക്ഷേത്രത്തിൽ നടയ്ക്ക് ഇരുത്തിയത്.
ശാന്ത പ്രകൃതക്കാരനായിരുന്ന ചന്ദ്രശേഖരൻ ഏവരുടെയും കണ്ണിലുണ്ണിയായിരുന്നു. ശബരി മലയിൽ ഉൽസവത്തിന് നിരവധി തവണ ശാസ്താവിന്റെ തിടമ്പേറ്റിയിട്ടുള്ള ചന്ദ്രശേഖരന് പിന്നീട് ദേവസ്വം ബോർഡ് ഗജോത്തമൻ പട്ടം നൽകി. ചന്ദ്രശേഖരൻ വിടവാങ്ങി ഒരു വർഷം കഴിയുമ്പോൾ ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ അനുസ്മരണം സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.