ശാസ്താംകോട്ട: വേങ്ങ തെക്ക് നിവാസികളുടെ യാത്രാദുരിതം ഇനിയും തുടരും. റെയിൽവേ സ്റ്റേഷന് സമീപം കരാൽ ജങ്ഷനിലെ ഗേറ്റ് തുറക്കാൻ വൈകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അടുത്തമാസം ഏഴിനേ ഗേറ്റ് തുറക്കുകയുള്ളൂ എന്ന് റെയിൽവേ ബോർഡും തൂക്കി. റെയിൽ മാറ്റത്തിന് വേണ്ടി ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം കരാൽ ജങ്ഷനിലെ ഗേറ്റാണ് ഈ മാസം 18 ന് അടച്ചത്. പിറ്റേ ദിവസം കുറച്ച് ജോലിക്കാരെത്തി ഗേറ്റിൽ വാഹന ഗതാഗതത്തിന് സൗകര്യപ്രദമായി സ്ഥാപിച്ചിരുന്ന സ്ലാബുകൾ ഇളക്കി ഇട്ട ശേഷം മടങ്ങുകയായിരുന്നു. പിന്നീട് പണികൾ ഒന്നും നടന്നില്ല.
ഇതോടെ വേങ്ങതെക്ക് ഭാഗത്ത് ഉള്ളവരും തേവലക്കര , ചവറ, പന്മന ഭാഗത്തേക്ക് പൈപ്പ് റോഡ് വഴി പോകേണ്ടവരും റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെ വലയുകയായിരുന്നു. വേങ്ങതെക്ക് ഭാഗത്ത് ഉള്ളവർക്ക് മൈനാഗപ്പള്ളി ശാസ്താംകോട്ട ഭാഗത്തേക്ക് പോകാൻ കിലോമീറ്ററുകളോളം സഞ്ചരിച്ച് കാരാളിമുക്ക്, തോപ്പിൽ മുക്ക് വഴി പോകേണ്ട അവസ്ഥയിലായിരുന്നു.
ഗേറ്റ് അടക്കുന്നത് സംബന്ധിച്ച് റെയിൽവേ അധികൃതർ തന്നെ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ 27ന് വൈകിട്ട് ആറിന് തുറക്കും എന്നാണ് സൂചിപ്പിച്ചിരുന്നത്. പണി തീരാൻ ഇനിയും ഒരാഴ്ച എങ്കിലും എടുക്കുമെന്ന സാഹചര്യത്തിലാണ് ജനുവരി ഏഴിനേ ഗേറ്റ് തുറക്കുകയുള്ളു എന്ന ബോർഡ് സ്ഥാപിച്ചത്.
ഗേറ്റിന് തൊട്ട് സമീപത്തുള്ള വേങ്ങ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഉത്സവം ജനുവരി നാലിനാണ്. ഗേറ്റ് അടഞ്ഞ് കിടക്കുന്നത് ഉത്സവത്തെയും ബാധിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.