അ​ടി​വ​ശം ദ്ര​വി​ച്ച് കോ​ൺ​ക്രീ​റ്റ് ഇള​കി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ക​ട​പ്പാ​ക്കു​ഴി ക​ലു​ങ്കി​ന്റെ അ​ടി​ഭാ​ഗം

കടപ്പാക്കുഴി പാലം അപകടാവസ്ഥയിൽ

ശാസ്താംകോട്ട: കടപുഴ-കാരാളിമുക്ക് പ്രധാന പാതയിൽ പടിഞ്ഞാറെ കല്ലട കടപ്പാക്കുഴി ജങ്ഷനിൽനിന്ന് തെക്കോട്ട് തിരിയുന്ന ഭാഗത്തെ കലുങ്ക് അപകട ഭീഷണിയാകുന്നു. കലുങ്കിന്റെ അടിവശം ദ്രവിച്ച് കോൺക്രീറ്റ് ഇളകി കമ്പികൾ തുരുമ്പെടുത്ത് ഏതുനിമിഷവും നിലംപറ്റാവുന്ന നിലയിലാണ്.

ഈ കലുങ്കിലൂടെയാണ് ഭാരം നിറച്ച ടോറസുകളും ടിപ്പർ ലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ ചീറിപ്പായുന്നത്. 'പാലം അപകടത്തിൽ' എന്നെഴുതി പഞ്ചായത്ത് സ്ഥാപിച്ചിരുന്ന ബോർഡും ഇപ്പോൾ കാണാനില്ല. കലുങ്ക് നാട്ടുകാർക്ക് പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. പാലം തകർന്നാൽ ഗ്രാമപ്രദേശമായ കടപ്പാക്കുഴിക്കാർക്ക് മറ്റ് പ്രദേശങ്ങളിലേക്ക് വേഗത്തിൽ എത്താനും കഴിയില്ല.

അതിനിടെ കലുങ്കിന്റെ മുകളിലൂടെയുള്ള റോഡിന്റെ വശത്ത് സ്ഥാപിച്ചിരുന്ന ചുമടുതാങ്ങിയുടെ കല്ലുകൾ ഇളക്കിമാറ്റി വലിയ വാഹനങ്ങൾക്ക് പോകാൻ സൗകര്യം ചെയ്തത് പഞ്ചായത്താണെന്നും ഇതിനാലാണ് കലുങ്ക് തകർച്ചയിലായതെന്നും ആക്ഷേപമുണ്ട്. എന്നാൽ പഞ്ചായത്തിനെതിരായ ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

പഞ്ചായത്ത് സ്ഥാപിച്ച ബോർഡ് കടപ്പാക്കുഴിയിൽ ആരംഭിക്കുന്ന ടാർമിക്സിങ് പ്ലാന്റുകാർ ഹൈകോടതിയെ സമീപിച്ച് മാറ്റുകയായിരുന്നു. പ്ലാന്റിലേക്ക് ഭാരവാഹനങ്ങൾ പോകുന്നതിനു വേണ്ടിയാണ് അനുകൂല വിധി സമ്പാദിച്ചത്. പിന്നീട് പലതവണ പാലത്തിന്റെ തകർച്ച ചൂണ്ടിക്കാട്ടി പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പഞ്ചായത്ത് എ.ഇ പാലത്തിന്റെ ബലക്ഷയം പരിശോധിച്ച് നൽകിയ റിപ്പോർട്ടിലും അപകട ഭീഷണി ചൂണ്ടിക്കാട്ടുന്നുണ്ട്.

Tags:    
News Summary - Kadappakuzhi Bridge is in danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.