ശാസ്താംകോട്ട കെ.എസ്.ആര്‍.ടി.സി ഗാരേജിനായി നിർമിച്ച സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മാലിന്യ സംഭരണകേന്ദ്രത്തില്‍ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം

കെ.എസ്.ആര്‍.ടി.സി ഗാരേജ് പ്ലാസ്റ്റിക് മാലിന്യസംഭരണകേന്ദ്രമായി

ശാസ്താംകോട്ട: കെ.എസ്.ആര്‍.ടി.‌സി ഗാരേജ് പണി പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തനക്ഷമമായില്ല. ഇതിനെ തുടര്‍ന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് ഗാരേജിനായി എടുത്തിരുന്ന സ്ഥലം പ്ലാസ്റ്റിക് മാലിന്യസംഭരണ കേന്ദ്രമായി മാറി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശാസ്താംകോട്ടയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ പ്രവര്‍ത്തനം ആരംഭിച്ചത്. ഏറെ വൈകാതെ തന്നെ ഡിപ്പോയുടെ പ്രവര്‍ത്തനം നിലക്കുകയും ചെയ്തു.

പ്രതിഷേധം രൂക്ഷമായതോടെ ശാസ്താംകോട്ടയില്‍ ഓപറേറ്റിങ് സെന്‍ററാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്നും ഡിപ്പോ എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കണമെങ്കില്‍ ഗാരേജ് കൂടി വേണമെന്ന നിലപാടുമായി കെ.എസ്.ആര്‍.ടി.സി രംഗത്ത് വന്നു. തുടര്‍ന്ന് ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് മുന്നിട്ടിറങ്ങി സമീപ പഞ്ചായത്തുകളുടെ സഹകരണത്തോടെ മണ്ണെണ്ണമുക്കില്‍ ഗാരേജിനായി വസ്തു വാങ്ങി.

സര്‍ക്കാര്‍ ഫണ്ടും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ച് ഗാരേജ് നിർമാണം പൂര്‍ത്തിയാക്കിയെങ്കിലും കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി മൂലം ശാസ്താംകോട്ട ഡിപ്പോ യാഥാർഥ്യമായില്ല. ഇതോടെ ഗാരേജിന് വേണ്ടി നിര്‍മിച്ച കെട്ടിടം പ്ലാസ്റ്റിക് മാലിന്യം സംഭരിക്കുന്നതിനുവേണ്ടി ഗ്രാമപഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. ശാസ്താംകോട്ട ഗ്രാമപഞ്ചായ ത്തിന്‍റെ വിവിധ മേഖലകളില്‍ നിന്ന് സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഇപ്പോള്‍ ഗാരേജിലാണ് സംഭരിച്ചുവരുന്നത്.



Tags:    
News Summary - KSRTC garage becomes plastic waste storage center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.