ശാസ്താംകോട്ട: കുന്നത്തൂർ-കരുനാഗപ്പള്ളി സംയുക്ത കുടിവെള്ളപദ്ധതിയുടെ അവലോകനയോഗം കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോന്റെയും കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷിന്റെയും സാന്നിധ്യത്തിൽ ശാസ്താംകോട്ട ബ്ലോക്ക് കോൺഫറൻസ് ഹാളിൽ നടന്നു. നബാർഡിൽ സാങ്കേതികാനുമതി ലഭിച്ച 44 എം.എൽ.ഡി ജലശുദ്ധീകരണശാല കുന്നത്തൂർ അമ്പുവിളയിൽ നിർമിക്കും.
ഇതിനുള്ള എഗ്രിമെന്റ് നടപടി 2023 നവംബറിൽ പൂർത്തിയായി. ജലജീവൻ മിഷനിൽ ഞാങ്കടവിൽ കല്ലടയാറിന് സമീപം നിർമിക്കുന്ന 10 മീറ്റർ വ്യാസമുള്ള കിണറിന്റെയും 2.0 കിലോമീറ്റർ പൈപ്പ് ലൈനും അനുബന്ധ ഘടകങ്ങളുടെയും ടെൻഡർ നടപടി പുരോഗമിക്കുകയാണ്. കുന്നത്തൂർ അമ്പുവിളയിൽ നിർമിക്കുന്ന 24.63 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ഉപരിതല സംഭരണിയും 12.67 കിലോമീറ്റർ പൈപ്പ് ലൈനിന്റെയും എഗ്രിമെന്റ് 2023 ആഗസ്റ്റിൽ പൂർത്തിയായി. ഹൈദരാബാദുള്ള സ്ട്രെഫ പ്രോജക്ടാണ് കരാർ എടുത്തിട്ടുള്ളത്. പോരുവഴി ദേവഗിരി കോളനിയിൽ നിർമിക്കുന്ന 11.20 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ഉപരിതല സംഭരണിയുടെയും ഇടക്കാട് മാർക്കറ്റിൽ നിർമിക്കുന്ന 2.25 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഭൂഗർഭ ജലസംഭരണിയുടെയും പ്രവൃത്തി പുരോഗമിക്കുകയാണ്. 9.10 കിലോമീറ്റർ പൈപ്പ് ലൈനിന്റെ ടെൻഡർ നടപടിയും പുരോഗമിക്കുന്നു. ശൂരനാട് വടക്ക് ആനയടി എഫ്.ഡബ്ല്യു.സി കോമ്പൗണ്ടിൽ നിർമിക്കുന്ന 9.23 ലക്ഷം ലിറ്റർ ഉപരിതല സംഭരണിയുടെയും 1.85 ലക്ഷം ലിറ്റർ ഭൂഗർഭ ജലസംഭരണിയുടെയും നിർമാണം അവസാനഘട്ടത്തിലാണ്. 9.70 കിലോമീറ്റർ പൈപ്പ്ലൈൻ സ്ഥാപിക്കൽ പുരോഗമിക്കുന്നു.
തഴവ പാവുമ്പ പാലത്തിന് സമീപം നിർമിക്കുന്ന 11.67 ലക്ഷം ലിറ്റർ ഉപരിതല സംഭരണിയുടെയും 2.33 ലക്ഷം ലിറ്റർ സംഭരണിയുടെയും 10.90 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കലിന്റെയും ടെൻഡർ നടപടി പൂർത്തിയായി. 2023 ഒക്ടോബറിൽ എഗ്രിമെന്റ് വെച്ചിട്ടുണ്ട്. പണി ഉടൻ ആരംഭിക്കും. തൊടിയൂർ പാട്ടുപുരയ്ക്കൽ നിർമിക്കാനുള്ള 8.57 ലക്ഷം ലിറ്റർ ഉപരിതല സംഭരണിയുടെയും 3.71 ലക്ഷം ലിറ്റർ ഭൂഗർഭ ജലസംഭരണിയുടെയും 8.60 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കലിന്റെയും ടെൻഡർ നടപടി പുരോഗമിക്കുകയാണ്. കുലശേഖരപുരം സംഘപുരമുക്ക് മഹാരാഷ്ട്രകോളനിക്ക് സമീപം നിർമിക്കുന്ന 17.30 ലക്ഷം ലിറ്റർ ഉപരിതലസംഭരണിയുടെയും 3.46 ലക്ഷം ലിറ്റർ ഭൂഗർഭ ജലസംഭരണിയുടെയും 6.25 കിലോമീറ്റർ പൈപ്പ് ലൈനിന്റെയും ടെൻഡർ ഡിസംബറിൽ ഒപ്പുവെച്ചു. പണി ഉടൻ ആരംഭിക്കും. ഈ പഞ്ചായത്തുകളിലേക്കുള്ള എഫ്.എച്ച്.ടി.സിയുടെയും വിതരണ ശൃംഖലയുടെയും വർക്കുകൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചുവരുന്നു.
പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടുകൂടി 42,923 പ്രവർത്തനക്ഷമമായ ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കാൻ സാധിക്കും. പദ്ധതിയുടെ നടത്തിപ്പിനായി നബാർഡിൽ 65.50 കോടിയും ജലജീവൻ മിഷനിൽ 415.57 കോടിയും ഉൾപ്പെടെ 481.07 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. 2024 ഡിസംബറിൽ പദ്ധതി പൂർത്തീകരിക്കാനാണ് വിഭാവനം ചെയ്യുന്നത്. അവലോകനയോഗത്തിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി, ജല അതോറിറ്റി ബോർഡ് മെംബർ ഉഷാലയം ശിവരാജൻ, കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി, കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, തൊടിയൂർ പഞ്ചായത്ത് സെക്രട്ടറി സി. ഡമാസ്റ്റിൻ എന്നിവരും ജല അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.