ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട തലയിണക്കാവ് അടിപ്പാതയിലൂടെയുള്ള രാത്രിയാത്ര ഭീതിയോടെ. യാത്രക്കാർ കടന്നുപോകുന്ന ഭാഗങ്ങളിൽ ഒരിടത്തും വഴിവിളക്കുകളോ സി.സി ടി.വി കാമറകളോ ഇല്ല. ഒറ്റപ്പെട്ട സ്ഥലമാണവിടം. അടുത്തെങ്ങും വീടുകളും സ്ഥാപനങ്ങളുമില്ലാത്തത് അടിപ്പാതയിലൂടെ കടന്നുപോകുന്നവരിൽ ആശങ്ക വർധിപ്പിക്കുന്നു.
തലയിണക്കാവ് റെയിൽവേ ഗേറ്റ് മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ സമീപത്ത് അടിപ്പാത നിർമിക്കണമെന്ന നിരന്തര ആവശ്യത്തെ തുടർന്നാണ് റെയിൽവേ പാത പൂർത്തിയാക്കിയത്. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പരിശ്രമവും ഉണ്ടായിരുന്നു. രണ്ടര കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. ഇതോടെ തലയിണക്കാവ് റെയിൽവേ ഗേറ്റ് സ്ഥിരമായി റെയിൽവേ അടച്ചുപൂട്ടി.
എല്ലാ വാഹനങ്ങളും ഇപ്പോൾ അടിപ്പാത വഴിയാണ് കടന്നുപോകുന്നത്. അടിപ്പാത യാത്രക്ക് തുറന്നുകൊടുക്കുന്ന സമയത്തുതന്നെ വഴിവിളക്ക് ഇല്ലാത്തതും സി.സി ടി.വി അടക്കമുള്ള സുരക്ഷ മുൻകരുതൽ ഇല്ലാത്തതും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും ഇനിയും നടപടി ഒന്നും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.