ശാസ്താംകോട്ട: ഇരുചക്രവാഹനത്തിൽ പാത്രത്തിലാക്കി കൊണ്ടുവന്ന വെളിച്ചെണ്ണ റോഡിൽ മറിഞ്ഞതിനെ തുടർന്ന് സ്കൂട്ടർ യാത്രികർ തെന്നിവീണു. കഴിഞ്ഞ ദിവസം വൈകീട്ട് 4.30ന് ഭരണിക്കാവ് ജങ്ഷനിൽ കടപുഴ റോഡിന്റെ തുടക്കത്തിൽ ട്രാഫിക് ഐലന്റിന് സമീപമാണ് അപകടം.
സ്റ്റീൽ പാത്രത്തിലാക്കി 10 ലിറ്ററോളം എണ്ണ സ്കൂട്ടറിൽ കൊണ്ടുവരുന്നതിനിടെ എതിരെ വന്ന കാറിൽ തട്ടിയതിനെ തുടർന്ന് പാത്രം റോഡിലേക്ക് മറിഞ്ഞു. റോഡിൽ ഒഴുകിയത് എണ്ണയാണെന്ന് അറിയാതെ വാഹനം കയറ്റിയിറക്കിയ സ്കൂട്ടർ യാത്രികരാണ് ഒരോന്നായി തെന്നിവീണത്.
തിരക്കേറിയ സമയത്ത് പലരും വലിയ അപകടത്തിൽനിന്ന് ഭാഗ്യം കൊണ്ടും രക്ഷപ്പെട്ടു. ഈ സമയത്ത് ഗതാഗതം നിയന്ത്രിക്കാനുണ്ടായിരുന്ന ഹോം ഗാർഡുകൾ സമയോചിതമായി ഇടപെട്ടില്ല. ചിലർ പ്രതിഷേധവുമായി എത്തിയതോടെയാണ് ഇവർ ഗതാഗതം നിയന്ത്രിച്ചത്.
പിന്നീട് ശാസ്താംകോട്ടയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി വെള്ളം ശക്തിയായി റോഡിലേക്ക് ഒഴിച്ച് കഴുകിയതോടെയാണ് അപകടം ഒഴിവായത്. തിരക്കേറിയ ഭരണിക്കാവ് ജങ്ഷനിൽ ഏറെനേരം ഗതാഗത തടസ്സവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.