ശാസ്താംകോട്ട: ജനവാസ കേന്ദ്രത്തിലെ മൈനാഗപ്പള്ളി അഞ്ച് തുണ്ടിൽ മുക്കിലെ റെയിൽവേ ഗേറ്റ് നമ്പർ 62 ഒരു മുന്നറിയിപ്പും നൽകാതെ അടച്ച് പൂട്ടി. അറ്റകുറ്റപ്പണിക്ക് ഗേറ്റ് താൽക്കാലികമായി പൂട്ടുന്നുവെന്ന് കഴിഞ്ഞദിവസം ബോർഡ് വെച്ചിട്ട് പകൽ സമയം ഗേറ്റ് വഴിലെ കോൺക്രീറ്റ് കട്ടകൾ ഇളക്കി മാറ്റുകയും രാത്രിയിൽ ഗേറ്റിന് മുന്നിൽ അഗാധമായ കുഴികൾ കുഴിച്ച് ഗതാഗത തടസ്സം സൃഷ്ടിക്കുകയായിരുന്നു.
മണ്ണൂർക്കാവ് ക്ഷേത്രം, പഞ്ചായത്ത് പബ്ലിക്ക് ഗ്രൗണ്ട്, കിഴക്കും പടിഞ്ഞാറുമായി ഹൈസ്കൂൾ അടങ്ങുന്ന ജനവാസ കേന്ദ്രമാണ് ഇവിടം. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ അഞ്ച് വാർഡിലേക്കുള്ള പ്രധാന യാത്രാമാർഗം കൂടിയാണിത്. കൂടാതെ മൈനാഗപ്പള്ളി-കരുനാഗപ്പള്ളി റോഡിലെ പ്രധാന റെയിൽവേ ഗേറ്റ് തുറക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ പകരം സംവിധാനമെന്ന നിലയിൽ ഈ ഗേറ്റാണ് ഉപയോഗിക്കുന്നത്.
ഗേറ്റ് അടച്ച് പൂട്ടിയ വിവരം അറിഞ്ഞ് പ്രദേശവാസികൾ തടിച്ചുകൂടി ജനപ്രതിനിധികളെയും രാഷ്ട്രീയ പാർട്ടി നേതാക്കളെയും അറിയിക്കുകയായിരുന്നു. ഗേറ്റ് തുറക്കുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു.
കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. ഷാജഹാൻ, ഗ്രാമ പഞ്ചായത്ത് അംഗം അനന്തു ഭാസി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എസ്.രൂപേഷ്, എസ്. അജയകുമാർ, അരവിന്ദാക്ഷൻ പിള്ള, തടത്തിൽ സലിം, ഷാജി അഞ്ചുതുണ്ടിൽ, അലാവുദീൻ, ജാഫർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.