ശാസ്താംകോട്ട: ശാസ്താംകോട്ട തടാക തീരത്തിന് സമീപം താമസിക്കുന്ന കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി പരാതി. ശാസ്താംകോട്ട തടാകത്തിന്റെ വൃഷ്ടി പ്രദേശത്ത് വാട്ടർ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള അതിർത്തി കല്ലിൽനിന്നും 50 മീറ്റർ ദൂരപരിധി ഇല്ലെന്ന കാരണത്താലാണ് നിരവധി നിർധന കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നത്.
പടിഞ്ഞാറെകല്ലട, മൈനാഗപ്പള്ളി, ശാസ്താംകോട്ട പഞ്ചായത്തുകളാൽ ചുറ്റപ്പെട്ടതാണ് ശാസ്താംകോട്ട തടാകം. ശാസ്താംകോട്ട പഞ്ചായത്തിലെ ആറ് വാർഡുകൾ, പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ മൂന്ന് വാർഡുകൾ, മൈനാഗപ്പള്ളി പഞ്ചായത്തിലെ ഒരു വാർഡിന്റെ കുറച്ചുഭാഗം എന്നിവ തടാക തീരത്തോട് ചേർന്നാണ്. പതിറ്റാണ്ടുകളായി തലമുറകൾ കൈമാറി ജീവിച്ചുവരുന്ന നിരവധി കുടുംബങ്ങൾ ഇവിടെയുണ്ട്.
പട്ടികജാതി വിഭാഗത്തിൽപെട്ടവരും, സാധാരണക്കാരുമാണ് ഏറെയും. കാലപ്പഴക്കത്താൽ താമസയോഗ്യമല്ലാത്ത വീടുകൾ നിരവധിയുണ്ട്. സർക്കാറിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുകയും എന്നാൽ ഇവർക്ക് വീടുകൾ ലഭിക്കുന്നതിന് ഉദ്യോഗസ്ഥർ അനുമതി നിഷേധിക്കുകയും ചെയ്യുകയാണെന്ന് പരാതിയുയരുന്നു.
ലൈഫ് ഭവന പദ്ധതിയിൽപെട്ടവർ, പട്ടികജാതി വികസന ഫണ്ടിൽ നിന്നുംവീട് നിർമാണത്തിന് അനുകൂല്യങ്ങൾ ലഭിച്ചവർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മെയിന്റനൻസ് ഫണ്ട് ലഭിച്ചവർ, പഴയ വീടുകൾ പുതുക്കി നിർമിച്ചവർ എന്നിവർ കായലുമായുള്ള ദൂരപരിധിയുടെ പേരിൽ നിലവിലെ വീടുകൾക്ക് നമ്പർ ലഭിക്കാതെയും ആനുകൂല്യങ്ങൾ ലഭിക്കാതെയും കഷ്ടപ്പെടുകയാണ്. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് എൻ.ഒ.സി നൽകുന്നതിന് ഉദ്യോഗസ്ഥർ വിസമ്മതിക്കുന്നതായും ആക്ഷേപമുണ്ട്.
എന്നാൽ പലയിടങ്ങളിലും കൈയൂക്കുള്ളവർ പഞ്ചായത്തിൽനിന്ന് പെർമിറ്റ് എടുക്കാതെ ബഹുനില കെട്ടിടങ്ങൾ പണിയുന്നതായി ആരോപണമുണ്ട്. ശാസ്താംകോട്ട അമ്പലക്കടവിനോട് ചേർന്ന് ഓണഅവധി ദിവസങ്ങൾ മറയാക്കി രണ്ടുനില കെട്ടിടം വാർത്തിരുന്നു.
കലക്ടർ ഇടപെട്ട് പണി നിർത്തിവെപ്പിച്ചെങ്കിലും പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം വീണ്ടും കെട്ടിടം പണി തുടരുകയാണ്. ജലവിധാന കല്ലുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ‘നമ്മുടെ കായൽ കൂട്ടായ്മ’ തണ്ണീർത്തട അതോറിറ്റിക്ക് നിരവധി തവണ പരാതികൾ നൽകിയിരുന്നു. ജലവിധാന കല്ല് സ്ഥാപിക്കുമ്പോൾ അതിൽ നിന്നും 50 മീറ്റർ കഴിഞ്ഞ് നിർമാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയും.
സാധാരണ ജനങ്ങൾക്ക് നീതിയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് ഉദ്യോഗസ്ഥർ തയാറാകണമെന്നും അവരുടെമേൽ മാത്രം നിയമം അടിച്ചേൽപിക്കുന്നത് നീതീകരിക്കാൻ ആവുന്നതല്ലെന്നും നമ്മുടെ കായൽ കൂട്ടായ്മ കൺവീനർ എസ്. ദിലീപ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.