ശാസ്താംകോട്ട: ശാസ്താംകോട്ട കെ.എസ്.ഇ.ബി സെക്ഷനുകീഴിൽ നാലു കോടിയുടെ പദ്ധതികൾ നടപ്പിലാക്കും. പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ നിലവിൽ ജനം നേരിടുന്ന വൈദ്യുതി പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരമാകും. പ്രകൃതിക്ഷോഭം മൂലം മരക്കൊമ്പുകൾ ഒടിഞ്ഞുവീണ് കമ്പികൾ പലയിടങ്ങളിലും പൊട്ടിവീഴുന്നത് ദിവസങ്ങളോളം ഉപഭോക്താക്കൾക്ക് വൈദ്യുതി ലഭ്യമാകാതിരിക്കുന്നതിനും ഉദ്യോഗസ്ഥരും ജനങ്ങളുമായി സംഘർഷത്തിനും ഇടയാക്കിയിരുന്നു.
വോൾട്ടേജ് വ്യതിയാനം മൂലം വ്യാപാര സ്ഥാപനങ്ങൾക്കും വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും കേട് സംഭവിക്കുകയും സാമ്പത്തിക നഷ്ടങ്ങൾക്കും പലപ്പോഴും കാരണമായിട്ടുണ്ട്. മതിയായ ട്രാൻസ്ഫോർമറുകളുടെ അഭാവം ഇതിന് കാരണമായിരുന്നു. പുതിയ എട്ട് ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചു കഴിഞ്ഞു. താക്കോൽ മുക്ക്, കൊപ്പാറമുക്ക്, അയണിക്കാട്, കോഴിമുക്ക്, പാർത്ഥസാരഥി ക്ഷേത്രം, തെറ്റികുഴി, ഐ.സി.എസ് ജംങ്ഷൻ, കണത്താർകുന്നം എന്നിവിടങ്ങളിലാണ് പുതിയ ട്രാൻസ്ഫോമറുകൾ സ്ഥാപിക്കുന്നത്. സിനിമ പറമ്പ് സബ്സ്റ്റേഷൻ മുതൽ ശാസ്താംകോട്ട കനറാ ബാങ്ക് വരെ എച്ച്.ടി.എ.ബി.സി 4.1 കിലോമീറ്ററിൽ പുതിയ ഫീഡർ സ്ഥാപിക്കും. ശാസ്താംകോട്ട ഫീഡറിൽ കവേർഡ് കണ്ടക്ടർ റീ കണ്ടക്ടറിങ് സ്ഥാപിക്കും.
പുതിയ പദ്ധതികൾ പൂർത്തിയാകുന്നതോടെ ഏതെങ്കിലും ട്രാൻസ്ഫോർമറുകളിൽ നിന്നും വൈദ്യുതി ലഭ്യമല്ലെങ്കിൽ പുതിയ സംവിധാനം വഴി മറ്റ് ട്രാൻസ്ഫോർമറുകളിൽ നിന്നും വൈദ്യുതി നൽകുവാൻ കഴിയും. ലൈൻ എയർ ബ്രേക്കർ സ്ഥാപിക്കുന്നതോടെ വൈദ്യുതി തടസ്സം കൂടാതെ കാര്യക്ഷമമായി വിതരണം നടത്തുന്നതിന് സാധിക്കും. പദ്ധതികളുടെ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ തന്നെ ആരംഭിക്കുമെന്നും ശാസ്താംകോട്ട സെക്ഷൻ പരിധിയിലെ ഉപഭോക്താക്കൾ നേരിടുന്ന വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും അസി. എൻജിനീയർ അമ്പിളി ആർ.അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.