ശാസ്താംകോട്ട: രൂപവത്കരിച്ചിട്ട് 14 വർഷങ്ങൾ കഴിഞ്ഞതായി സർക്കാർ പറയുമ്പോഴും തടാക സംരക്ഷണ സൊസൈറ്റി (ലേക്ക് കൺസർവേഷൻ സൊസൈറ്റി) യെക്കുറിച്ച് വിവരമില്ലാതെ നാട്ടുകാർ.
ശാസ്താംകോട്ട തടാക സംരക്ഷണത്തിനായി സ്റ്റാറ്റ്യൂട്ടറി അതോറിറ്റി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് ‘നമ്മുടെ കായൽ കൂട്ടായ്മ’ കൺവീനർ എസ്. ദിലീപ് കുമാർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന് മറുപടിയായാണ് തടാക സംരക്ഷണ സൊസൈറ്റി ജി.ഒ.ആർ നമ്പർ 35/2010 സർക്കാർ ഉത്തരവ് പ്രകാരം രൂപവത്കരിച്ച വിവരം നൽകിയത്.
സർക്കാർ ഉത്തരവ് പ്രകാരം എം.എൽ.എ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപവത്കരിച്ചിട്ടുള്ളത്. എന്നാൽ, കമ്മിറ്റി കടലാസിലൊതുങ്ങി. തടാക സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനോ, പദ്ധതികൾ തയാറാക്കി സർക്കാറിനും വിവിധ ഏജൻസികൾക്കും നൽകുന്നതിനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
വിവിധ വകുപ്പുകൾ തടാക സംരക്ഷണത്തിന് കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോൾ വ്യക്തമായ മാർഗനിർദേശങ്ങൾ, പ്രവർത്തന രൂപരേഖകൾ എന്നിവ നൽകുന്നതിന് ഈ കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല.
തടാകത്തിനുള്ളിലെ പൈപ്പുകൾ മാറ്റണമെന്നാവശ്യപ്പെട്ട് കായൽ കൂട്ടായ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഫ്സാന പർവീൺ കലക്ടറായിരുന്ന 2022 ഡിസംബറിൽ തടാകം സന്ദർശിക്കുന്നതും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. അതിന്റെ ഭാഗമായി 2023 ജനുവരിയിൽ കൊല്ലത്ത് ജനപ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥർ, തടാക സംരക്ഷണ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി യോഗം ചേർന്നിരുന്നു. അത് കലക്ടർ താൽപര്യമെടുത്ത് നടത്തിയ യോഗമായിരുന്നു. മറ്റ് പ്രവർത്തനമൊന്നും നടന്നിട്ടില്ല. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകം സംരക്ഷിത തണ്ണീർത്തടങ്ങളുടെ പട്ടികയായ റംസാർ സൈറ്റിൽ ഉൾപ്പെട്ടതാണ്. ദിവസവും 4.5 കോടി ലിറ്റർ ജലമാണ് ജല അതോറിറ്റി കുടിവെള്ളത്തിനായി പമ്പ് ചെയ്യുന്നത്. വർഷങ്ങളായി തടാകം ഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്നുണ്ട്. സംസ്ഥാന തണ്ണീർത്തട അതോറിറ്റി ശാസ്താംകോട്ട തടാകത്തിന്റെ വിവിധ പ്രശ്നങ്ങൾ പഠനവിധേയമാക്കിയിട്ടുണ്ട്.
അതിൽ വിവിധ ഏജൻസികൾ നടത്തിയ പഠനങ്ങൾക്ക് അനുയോജ്യമായ പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്. എന്നാൽ, പഠനത്തിന്റെ വെളിച്ചത്തിൽ ഇതുവരെയും സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. നിലവിൽ തടാകത്തിന്റെ വിസ്തൃതി, ജലസംഭരണശേഷി, ആഴം, ജലനിരപ്പ് എന്നിവ വൻതോതിൽ കുറഞ്ഞിട്ടുണ്ട്. തടാകത്തിന്റെ വൃഷ്ടി പ്രദേശങ്ങളിൽ അനധികൃത കൈയേറ്റങ്ങളും അശാസ്ത്രീയമായ കൃഷി രീതികളും, മാലിന്യം തള്ളലും വ്യാപകമാണ്. തടാക സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾ, തദ്ദേശസ്ഥാപനങ്ങൾ, തടാക സംരക്ഷണ പ്രവർത്തകർ, തീരദേശ വാസികൾ, മത്സ്യത്തൊഴിലാളികൾ, കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവരെയെല്ലാം ഉൾപ്പെടുത്തി സ്റ്റാറ്റ്യൂട്ടറി അതോറിറ്റി രൂപവത്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനും നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.