ശാസ്താംകോട്ട: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥർ ശാസ്താംകോട്ട തടാകം സന്ദർശിച്ചു. തടാകത്തിന്റെ നിലവിലെ അവസ്ഥയും നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും നേരിൽ കണ്ട് മനസ്സിലാക്കുകയും ജനപ്രതിനിധികളുമായും പ്രദേശവാസികളുമായും ചർച്ച നടത്തുകയും ചെയ്തു. ശാസ്താംകോട്ട തടാകത്തിന് വേണ്ടി മാനേജ്മെന്റ് ആക്ഷൻ പ്ലാൻ തയാറാക്കുക എന്നതാണ് പ്രധാനമായി ഉദ്ദേശിക്കുന്നതെന്ന് സന്ദർശകസംഘം പറഞ്ഞു. തടാക സംരക്ഷണ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗനിർദേശങ്ങൾ, വിവിധ പദ്ധതികൾ നടപ്പാക്കൽ, തടാകത്തിലെ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ, തീരസംരക്ഷണം, പരിസ്ഥിതി സൗഹൃദ നിർമാണങ്ങൾ, ടൂറിസവുമായി ബന്ധിപ്പിക്കൽ തുടങ്ങി നിരവധി നിർദേശങ്ങൾ അടങ്ങുന്നതായിരിക്കും മാനേജ്മെന്റ് ആക്ഷൻ പ്ലാൻ.
അടുത്ത അഞ്ചുവർഷത്തേക്ക് നടപ്പാക്കേണ്ട സമഗ്ര പദ്ധതി നിർദേശങ്ങൾ ഇതിൽ ഉൾക്കൊള്ളിക്കും. സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുമായി സഹകരിച്ച് വീണ്ടും തുടർ സന്ദർശനവും ചർച്ചകളും ഉണ്ടാകുമെന്ന് അവർ പറഞ്ഞു.
നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ ചെലവിന്റെ 60 ശതമാനം കേന്ദ്ര ഗവൺമെന്റും 40 ശതമാനം സംസ്ഥാന ഗവൺമെന്റും ആയിരിക്കും വഹിക്കുന്നത്. കേന്ദ്ര തണ്ണീർതട ജൈവവൈവിധ്യ ബോർഡ് ദേശീയ പ്രോജക്ട് കോഓഡിനേറ്റർ സുജിത അശ്വതി, വാട്ടർ മാനേജ്മെന്റ് ടെക്നിക്കൽ ഓഫിസർ ഹർഷ് ഗോപിനാഥ്, സംസ്ഥാന തണ്ണീർതട അതോറിറ്റി പ്രോജക്ട് സയന്റിസ്റ്റ് യു. മഞ്ജുഷ എന്നിവർ പരിപാടികൾ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, ബ്ലോക്ക് പഞ്ചായത്തംഗം തുണ്ടിൽ നൗഷാദ്, പഞ്ചായത്തംഗങ്ങളായ എം. രജനി, ഉഷാകുമാരി, പ്രകാശിനി, കായൽ കൂട്ടായ്മ രക്ഷധികാരി എസ്. ദിലീപ്കുമാർ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എ.ഇ. ബിനി, പരിസ്ഥിതി പ്രവർത്തകൻ വിജയൻ കെ. പവിത്രേശ്വരം, കുടുംബശ്രീ ചെയർപേഴ്സൺ ജയശ്രീ, ദേവസ്വം ബോർഡ് കോളജ് ഭൂമിത്രസേന ക്ലബ് കോഓഡിനേറ്റർ എസ്.ആർ. ധന്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.