ശാസ്താംകോട്ട: ചേലൂർ കായലിലെ വെള്ളം ഉപയോഗിച്ച് ആരംഭിച്ച കുന്നത്തൂർ ശുദ്ധജല പദ്ധതിയുടെ തുടക്കം മുതൽ കലക്കവെള്ളമാണ് ജനങ്ങൾ കുടിച്ചിരുന്നതെങ്കിൽ ഇപ്പോഴത് അഴുക്ക് വെള്ളത്തിലേക്ക് വഴി മാറി. എല്ലാ വേനൽക്കാലത്തും അഴുക്കുവെള്ളം കുടിച്ചാണ് ഇവിടത്തുകാർ കഴിയുന്നത്.
യാതൊരു സംരക്ഷണവുമില്ലാതെ കിടക്കുന്ന ചേലൂർ കായൽ വർഷങ്ങൾക്ക് മുമ്പ് അനധികൃത മണൽ ഖനനത്തിന് കുപ്രസിദ്ധമായിരുന്നു.
പ്രദേശവാസികൾ പ്രാഥമിക ആവശ്യങ്ങൾക്ക് ആശ്രയിക്കുന്നതും കന്നുകാലികളെയടക്കം കുളിപ്പിക്കുന്നതും ഓല അഴുകാൻ ഇടുന്നതുമടക്കം എല്ലാം കായലിൽ നടക്കുന്നു. ചേലൂരിൽ പതിക്കുന്ന തൊളിക്കൽ തോട്ടിലടക്കം വൻതോതിൽ ഇറച്ചി- സെപ്ടിക് ടാങ്ക് - ഭക്ഷണ മാലിന്യവും തള്ളുന്നു.
ഇത്തരത്തിൽ മലിനമായ വെള്ളമാണ് ക്ലോറിനേഷൻ പോലും നടത്താതെ പൈപ്പുകൾ വഴി ശുദ്ധജലമെന്ന പേരിൽ വിതരണം ചെയ്യുന്നത്. മിക്കവാറും കുടിവെള്ളത്തിൽ ജീവനുള്ള പുഴുക്കളും കൃമികളും മറ്റ് ജലജീവികളും ഗുണഭോക്താക്കൾക്ക് ലഭിക്കാറുണ്ടെന്ന് പരാതിയുണ്ട്. അതിനിടെ ആരോഗ്യത്തിന് ഏറെ ഹാനികരമായ രീതിയിൽ കോളിഫോം ബാക്ടീരിയയുടെ അളവും വലിയ തോതിൽ അടുത്തിടെ ഡൽഹിയിൽ നടത്തിയിരുന്ന പഠനത്തിൽ കണ്ടെത്തിയിരുന്നു.
കുന്നത്തൂരിലെ ജനങ്ങളെ മലിനജലം കുടിപ്പിക്കുന്ന വാട്ടർ അതോറിറ്റി ഓരോ മാസവും ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. കുന്നത്തൂർ ശുദ്ധജല പദ്ധതി പ്രകാരം ലഭിക്കുന്ന വെള്ളം ഉപയോഗിച്ചാൽ സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യത ഉണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ.
വേനൽക്കാലത്ത് കുന്നത്തൂർ പഞ്ചായത്തിലാകമാനവും പടിഞ്ഞാറെ കല്ലട, ശാസ്താംകോട്ട, പോരുവഴി പഞ്ചായത്തുകളിൽ ഭാഗികമായും വിതരണം ചെയ്യുന്നത് ചേലൂരിൽ നിന്നുള്ള വെള്ളമാണ്.
കുന്നത്തൂർ പദ്ധതിയുടെ നവീകരണവും മറ്റും ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടർന്ന് ബദൽ കുടിവെള്ളപദ്ധതിക്കായി നാട്ടുകാർ മുറവിളി കൂട്ടിയെങ്കിലും അധികൃതർ ചെവിക്കൊണ്ടിട്ടില്ല. കുടിവെള്ളത്തിന്റെ പേരിൽ മാസം തോറും ലക്ഷങ്ങൾ കൊയ്യുന്ന വാട്ടർ അതോറിറ്റിയും പഞ്ചായത്തും മലിനജലം കുടിപ്പിക്കാൻ മത്സരിക്കുകയാണെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.