ശാസ്താംകോട്ട: ശാസ്താംകോട്ട തടാകത്തിന്റെ മുഖച്ഛായ മാറുന്നു. തടാക സൗന്ദര്യം ആസ്വദിക്കാൻ നിരവധി സന്ദർശകർ ദിനംപ്രതിയെത്തുന്ന തടാക തീരത്ത് ഒരുവിധ സൗകര്യങ്ങളും ഇല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശികവികസനഫണ്ടും ജില്ല പഞ്ചായത്തിന്റെ ഒരു കോടി രൂപയുടെ പദ്ധതിയും ചേർത്താണ് അമ്പലക്കടവിൽ മാറ്റങ്ങൾക്ക് നാന്ദി കുറിക്കുന്നത്.
ഇതിന് മുന്നോടിയായി കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് അമ്പലകടവിലേക്കുണ്ടായിരുന്ന റോഡ് കോൺക്രീറ്റ് ചെയ്തും ഇന്റർലോക്ക് ചെയ്തും ഗതാഗതയോഗ്യമാക്കി. ജില്ല പഞ്ചായത്ത് ഫണ്ട് പ്രകാരം അമ്പലകടവിൽ വള്ളങ്ങൾ അടുപ്പിക്കുന്ന ഭാഗത്ത് ഉണ്ടായിരുന്ന കൽപ്പടവുകൾ പുതുക്കിപണിതു കഴിഞ്ഞു.
തൊട്ടടുത്ത് തന്നെ കാത്തിരിപ്പ് കേന്ദ്രവും ഓപ്പൺ ഏയർ ഓഡിറ്റോറിയവുമായി ഉപയോഗിക്കാവുന്ന തരത്തിൽ നിർമിക്കുന്ന സ്റ്റേജ് നിർമാണ ഘട്ടത്തിലാണ്. ഇതിനുള്ളിൽ തടാക ദുരത്തെ അനുസ്മരിപ്പിക്കുന്ന സിമന്റിൽ തീർത്ത ചിത്രങ്ങൾ ഉണ്ടാകും. ഇതിന്റെ മുൻഭാഗമുൾപ്പെടെ മുള്ള സ്ഥലത്ത് തറയോട് പാകും.
ക്ഷേത്രത്തിന് സമീപത്തുനിന്ന് ആരംഭിച്ച് അമ്പലകടവിൽ അവസാനിക്കുന്നതും ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതുമായ കൽപ്പടവുകളിൽ ടൈൽ പാകി കഴിഞ്ഞു. ഈഭാഗത്തും തടാകത്തിലേക്കുള്ള റോഡിലും അലങ്കാര വിളക്കുകൾ സ്ഥാപിക്കും. ആളുകൾക്ക് ഇരിക്കാൻ സ്റ്റീൽ ബഞ്ചുകൾ സ്ഥാപിക്കും.
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് മിനി മാറ്റ്സ് ലൈറ്റും സ്ഥാപിക്കും. ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വരുന്നതോടെ തടാകം കാണാൻ വരുന്നവരുടെ എണ്ണത്തിൽ വലിയ വർധന പ്രതീക്ഷിക്കുന്നുണ്ട്. സാമൂഹിക വിരുദ്ധ ശല്യംതടയാൻ സി.സി.ടിവി കാമറകൾ സ്ഥാപിക്കണമെന്നും വാച്ചറൻമാരെ നിയമിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.