ശാസ്താംകോട്ട: ധർമശാസ്താ ക്ഷേത്രത്തിൽ പരമ്പരാഗത രീതിയിലുള്ള സ്വർണ കൊടിമരത്തിന് പകരം ഇലക്ട്രോ പ്ലേറ്റിങ്ങിലൂടെ കൊടിമരം നിർമിക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിട്ടത് തങ്ങളെ അറിയിക്കാതെയെന്ന് ക്ഷേത്രം ഉപദേശകസമിതി ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് ഉപദേശകസമിതി ഭാരവാഹികളും തിരുവാഭരണം കമീഷണറും ചർച്ച ചെയ്ത് ഇലക്ട്രോ പ്ലേറ്റിങ് നടത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം എടുത്തതെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നത്. ഇലക്ട്രോപ്ലേറ്റിങ് ഉപയോഗിച്ചുള്ള നിർമാണത്തിന് സ്വർണത്തിന്റെ ആവശ്യകത കുറവായതിനാലും 25 വർഷത്തെ വാറന്റി ലഭിക്കുമെന്നതിനാലുമാണ് അനുമതി നൽകിയിരിക്കുന്നതെന്നാണ് ദേവസ്വം അധികൃതർ പറയുന്നത്.
തങ്ങൾ കമ്മിറ്റിയിൽ പങ്കെടുത്തിരുന്നുവെങ്കിലും ഇത്സംബന്ധിച്ച് ചർച്ച നടത്തുകയോ തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഉപദേശകസമിതി ഭാരവാഹികൾ പറയുന്നത്. തിരുവാഭരണം കമീഷണറുടെ ഇടപെടലിൽ ദുരൂഹത ആരോപിക്കുന്നു. പരമ്പരാഗത രീതിയിൽ സ്വർണകൊടിമരം നിർമിക്കുമെന്നാണ് ബോർഡ് പ്രസിഡന്റ് ഉറപ്പ് നൽകിയിരുന്നത്.
മറിച്ചുള്ള തീരുമാനം ക്ഷേത്ര ഉപദേശക സമിതി അംഗീകരിക്കുന്നില്ല. ദേവസ്വത്തിന്റെ ആറന്മുള സ്ട്രോങ് റൂമിൽ എട്ട് കിലോ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന പ്രചാരണം ശരിയല്ല. ചിലർ ദുഷ്ടലാക്കോടെയാണ് ക്ഷേത്രത്തിനെതിരെ പ്രവർത്തിച്ചുവരുന്നത്.
കോന്നിയിൽ നിന്നെത്തിച്ച ഗുണനിലവാരം ഉറപ്പുവരുത്തിയ തേക്കിൻ തടി എണ്ണത്തോണിയിലിട്ട ശേഷം തടിക്ക് ഗുണമേന്മയില്ലെന്നും പഴയ തടിയാണ് ഉപയോഗിച്ചതെന്നും ആരോപിച്ച് പരാതിയുമായി രംഗത്തെത്തിയത് ഇതിന്റെ തെളിവാണെന്നും ഉപദേശക സമിതി പ്രസിഡന്റ് ആർ. രാജേന്ദ്രൻപിള്ള, വൈസ് പ്രസിഡന്റ് ആർ. രാഗേഷ്, സെക്രട്ടറി ആർ. പങ്കജാക്ഷൻപിള്ള, മധുസൂദനൻ പിള്ള, സോമൻ പിള്ള, ശിവശങ്കരപ്പിള്ള, ബിജുകുമാർ, എം. മുകേഷ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.