ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട പഞ്ചായത്തിൽ കടപ്പാക്കുഴി കേന്ദ്രമായി പ്രവർത്തിക്കുന്ന മെറ്റൽ ക്രഷർ യൂനിറ്റ് അടച്ചുപൂട്ടണമെന്ന് ജനകീയ സമര സമിതി യോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യമുയർത്തി പ്രക്ഷോഭ പരിപാടി ആരംഭിക്കുന്നതിനും തീരുമാനിച്ചു.
നവകേരള സദസ്സിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ പഞ്ചായത്തിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും മാനദണ്ഡങ്ങൾ പാലിക്കാതെ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ക്രഷർ യൂനിറ്റ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. പൊടിപടലം കാരണം കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും റോഡിലൂടെ സഞ്ചരിക്കാൻ കഴിയുന്നില്ല.
45 വർഷത്തിലധികം പഴക്കമുള്ള കടപ്പാക്കുഴി പാലം അപകടത്തിലാണെന്ന് കാണിച്ച് പഞ്ചായത്തും റോഡ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെയാണ് അമ്പതും അറുപതും ടൺ ഭാരമുള്ള വാഹനങ്ങൾ ലോഡ് കയറ്റി വന്ന് ഉഗ്രസ്ഫോടനത്തോടെ ടാങ്കിൽ പാറ നിക്ഷേപിക്കുന്നത്. ഏതു സമയത്തും അപകടമുണ്ടാകുന്ന അവസ്ഥയിലാണ് പാലം.
പൊടിശല്യം രൂക്ഷമായ പ്രദേശത്ത് കുട്ടികൾക്കും മുതിർന്നവർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും അർബുദവുമുൾപ്പെടെ വർധിക്കുന്നു. അനധികൃത എംസാൻഡ് യൂനിറ്റിൽനിന്ന് രാസവസ്തുക്കൾ അടങ്ങിയ മലിനജലവും വേസ്റ്റും പ്രദേശത്തെ തോട്ടിലേക്കാണ് ഒഴുക്കുന്നത്. ജന ശ്രദ്ധ ആകർഷിച്ച താമരപ്പാടം മലിനജലം കലർന്ന് നശിച്ചിരിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
സുഭാഷ് എസ്. കല്ലട അധ്യഷതവഹിച്ചു. സമിതി അംഗങ്ങളായ ഉണ്ണിക്കൃഷ്ണൻ, കെ.എസ്. ഷിബുലാൽ, വി. അനിൽ, എസ്. ഗോപാലകൃഷ്ണപിള്ള, സുരേഷ് ചന്ദ്രൻ, റാഫേൽ, ഓമനക്കുട്ടൻ പിള്ള, ശിവകുമാർ, ജി. വിജയൻ, ഗിരീശൻ, അനിൽ ലക്ഷ്മൺ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സുഭാഷ് എസ്. കല്ലട (കൺ.), കെ.എസ്, ഷിബുലാൽ (ചെയർ.), ഉണ്ണിക്കൃഷ്ണൻ, മഹേഷ് എം. കുന്നൂത്തറ (കോഓഡിനേറ്റർമാർ), അച്ചൻകുഞ്ഞ് (വൈസ് ചെയർ.), ജി. വിജയൻ (ജോ. കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.