ശാസ്താംകോട്ട: ശൂരനാട്, ശാസ്താംകോട്ട എന്നിവിടങ്ങളിൽ എം.ഡി.എം.എയുമായി പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം മൂന്നുപേർ പിടിയിലായി. ശാസ്താംകോട്ട, ശൂരനാട് പൊലീസ് സംയുക്തമായാണ് പരിശോധന നടത്തിയത്. കഴിഞ്ഞദിവസം രാത്രി ശൂരനാട് സ്റ്റേഷൻ പരിധിയിലെ തൊടിയൂർ പാലത്തിനു സമീപം പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് മൂന്ന് ഗ്രാം എം.ഡി.എം.എയുമായി പ്രായപൂർത്തിയാകാത്ത കുട്ടി പിടിയിലായത്.
കുട്ടിയെ ചോദ്യം ചെയ്തതിൽ ഭരണിക്കാവ് ജങ്ഷനിലുള്ള ലോഡ്ജിൽനിന്നാണ് ലഹരിമരുന്ന് ലഭിച്ചതെന്ന് വ്യക്തമായി. ശാസ്താംകോട്ട പൊലീസുമായി ചേർന്ന് നടത്തിയ റെയ്ഡിലാണ് ഭരണിക്കാവ് ജങ്ഷനിലുള്ള ലോഡ്ജിൽനിന്നും രണ്ടു യുവാക്കൾ എം.ഡി.എം.എ യുമായി പിടിയിലായത്.
ചങ്ങനാശ്ശേരി പുഴവാത് കിഴക്കുംമുറിയിൽ അംജിത്ത് (19), ചങ്ങനാശ്ശേരി വെട്ടിതുരുത്ത് മുട്ടേൽ പുരയിടം വീട്ടിൽ റിയാൻ നിയാസ് (19) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്നും വിപണിയിൽ 25,000 രൂപ വിലമതിക്കുന്ന 7.2 ഗ്രാം എം.ഡി.എം.എയും, ലഹരി ഉപയോഗിക്കുന്നതിനായുള്ള 15 പാക്കറ്റ് ഒ.ബി.സി പേപ്പറുകളും എം.ഡി.എം.എ വലിക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും രണ്ട് മൊബൈൽ ഫോണുകളും 20,000 രൂപയും കണ്ടെടുത്തു.
ഭരണിക്കാവ് ജങ്ഷനിലുള്ള ഒരു കടയിലെ ജീവനക്കാരാണിവർ. രണ്ടു മാസമായി ഈ ലോഡ്ജിലാണ് താമസം. ഭരണിക്കാവ് ജങ്ഷനിൽതന്നെയുള്ള ഒരാളാണ് ബംഗളൂരുവിൽനിന്നും ഇത് എത്തിക്കുന്നതെന്നും, ഒരു ഗ്രാമിന് 3500 രൂപ വെച്ചാണ് വിൽക്കുന്നതെന്നും പൊലീസിന് ഇവർ മൊഴി നൽകിയിട്ടുണ്ട്. പ്രതികളുടെ ബാഗിനും പഴ്സിനും ഉള്ളിലാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്.
ശാസ്താംകോട്ട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ ശൂരനാട് ഇൻസ്പെക്ടർ ജോസഫ് ലിയോൺ, ശൂരനാട് സബ് ഇൻസ്പെക്ടർ ദീപു പിള്ള, ശാസ്താംകോട്ട സബ് ഇൻസ്പെക്ടർ എച്ച്. ഷാനവാസ്, ഗ്രേഡ് എസ്.ഐമാരായ ഹരിലാൽ, ജേക്കബ്, സി.പി.ഒ ശ്രീകാന്ത്, മനു, കിഷോർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.