ശാസ്താംകോട്ട: മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ. ആനയടി തയ്യിൽ ഫൈനാൻസിയേഴ്സ് എന്ന സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയതിന് ഓച്ചിറ ചങ്ങൻകുളങ്ങര പുതുമംഗലത്ത് വീട്ടിൽ ഷാജു (28), മൈനാഗപ്പള്ളി നെടുവിള കിഴക്കത്തിൽ ഷാജി (42), ചവറ തൊട്ടിൽവാരം നീലിമ ഹൗസിൽ സന്ദീപ് (46) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 29ന് ഉച്ചയോടെ ഒന്നാം പ്രതി ഷാജിയുടെ പേരിലാണ് അഞ്ച് പവൻ സ്വർണം പണയം വെച്ചത്. പണയത്തുക രണ്ടു ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിലും സ്ഥാപനത്തിലുണ്ടായിരുന്ന 1,20,000 രൂപ മാത്രമാണ് അപ്പോൾ നൽകിയത്. ബാക്കി പണം പിന്നീട് മതിയെന്ന് പറഞ്ഞതിനാൽ ഉള്ള പണം നൽകുകയായിരുന്നു.
ബാക്കി പണം നൽകാൻ ഷാജിയുടെ മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ ഓഫായിരുന്നു. സംശയം തോന്നി സ്വർണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് ബോധ്യമായത്. സ്ഥാപന ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ബാക്കി തുകക്കുവേണ്ടി മറ്റ് ഫോണുകളിൽനിന്നാണ് സ്ഥാപനത്തിലേക്ക് വിളിച്ചിരുന്നത്. അതുകൊണ്ടുതന്നെ പ്രതികളിലേക്ക് എത്താൻ ബുദ്ധിമുട്ടി. കഴിഞ്ഞ ദിവസം ബാക്കി തുക വാങ്ങാൻ എത്താൻ അറിയിച്ച പ്രകാരം എത്തുമ്പോഴായിരുന്നു അറസ്റ്റ്.
സംശയം തോന്നിയാൽ രക്ഷപ്പെടുന്നതിനുവേണ്ടി രണ്ടാം പ്രതി ഷാജു മോട്ടോർ സൈക്കിളിലിൽ പുറത്ത് കാത്തു നിൽപുണ്ടായിരുന്നു. മൂന്നാം പ്രതി സന്ദീപിനെ പരിസരം നിരീക്ഷിക്കാനായി ചുമതലപ്പെടുത്തിയിരുന്നു. മൂന്നുപേരെയും സ്ഥാപനത്തിന് സമീപം വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികൾക്ക് മുക്കുപണ്ടം ഉണ്ടാക്കി കൊടുത്തയാളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന് ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോൺ പറഞ്ഞു. എസ്.ഐ കൊച്ചുകോശി, എ.എസ്.ഐമാരായ ഹരി, ചന്ദ്രമോഹൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.