കൊല്ലം: അഷ്ടമുടിയുടെ സൗന്ദര്യം നുകർന്ന് മണിക്കൂറുകൾ ചെലവഴിക്കാൻ അവസരവുമായി ‘സീ അഷ്ടമുടി’ വെള്ളിയാഴ്ച നീറ്റിലിറങ്ങും. സംസ്ഥാന ജലഗതാഗത വകുപ്പ് പുതുതായി നിര്‍മിച്ച ‘സീ അഷ്ടമുടി’ ടൂറിസം ബോട്ട് സര്‍വിസിന്റെ ഉദ്ഘാടനം വൈകീട്ട് അഞ്ചിന് കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കുന്നതോടെ മാസങ്ങൾ നീണ്ട കാത്തിരിപ്പിന് അവസാനമാകും. അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിച്ചും സാമ്പ്രാണിക്കോടിയിലെ കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടെ സന്ദര്‍ശിക്കുന്നതിനും കുറഞ്ഞചെലവില്‍ സുരക്ഷിത യാത്ര ഒരുക്കി ബോട്ട് സര്‍വിസുകള്‍ വിപുലപ്പെടുത്തുന്നതിന് ആവിഷ്കരിച്ച പദ്ധതിയാണ് ‘സീ അഷ്ടമുടി’.
പൂര്‍ണമായി ആധുനീകരിക്കുന്നതിന്റെ ഭാഗമായി ഐ.ആര്.എസ് സര്‍ട്ടിഫിക്കേഷനും അപ്പര്‍ ഡെക് സംവിധാനവും എല്ലാവിധ ആധുനിക സൗകര്യവുമുള്ള ബോട്ടാണ് തയാറാക്കിയിട്ടുള്ളത്. താഴത്തെ നിലയില്‍ 60ഉം മുകളില്‍ 30ഉം ഇരിപ്പിടങ്ങളാണുള്ളത്. പ്രകൃതിസൗഹൃദ ശൗചാലയങ്ങളുമുണ്ട്. 1.7 കോടി രൂപയാണ് ചെലവ്.
കൊല്ലം സ്റ്റേഷനില്‍നിന്ന് രാവിലെ 11.30ന് ആരംഭിച്ച് അഷ്ടമുടി, പെരിങ്ങാലം, പേഴുംതുരുത്ത് വഴി സാമ്പ്രാണിക്കോടിയിലെത്തി ഒരു മണിക്കൂര്‍ സമയം ദ്വീപ് സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
വൈകീട്ട് 4.30ന് തിരിച്ചെത്തുന്ന രീതിയില്‍ അഞ്ചു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയാണ് ഒരുക്കിയിരിക്കുന്നത്. അപ്പര്‍ ഡെക്കില്‍ 500 രൂപയും ലോവര്‍ ഡെക്കില്‍ 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. നേരത്തെ ഒരു ദിവസം രണ്ട് സർവിസ് നടത്താനായിരുന്നു പദ്ധതി. ഇതനുസരിച്ച് മൂന്നര മണിക്കൂർ യാത്രക്ക് 300, 250 രൂപ വീതമായിരുന്നു ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ, അഷ്ടമുടിക്കായൽ പൂർണമായി ആസ്വദിക്കാൻ ഈ സമയം മതിയാകില്ലെന്ന വിലയിരുത്തലിലാണ് ഒറ്റ ട്രിപ്പാക്കി മാറ്റിയത്. കുടുംബശ്രീ യൂനിറ്റ് മുഖാന്തരം ലഘു ഭക്ഷണശാലയും ബോട്ടിൽ സജ്ജമാക്കിയിട്ടുണ്ട്. ബുക്കിങ് വെള്ളിയാഴ്ച വൈകീട്ട് ആരംഭിക്കും. തിങ്കളാഴ്ച മുതൽ പൊതുജനങ്ങൾക്ക് സർവിസ് ലഭ്യമാകും. ബുക്കിങ്ങിന്: 9400050390.
ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. എന്‍.കെ. പ്രേമചന്ദ്രന് എം.പി, എം. മുകേഷ് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാകും. മേയര്‍ പ്രസന്ന ഏണസ്റ്റ്, കലക്ടര്‍ അഫ്സാന പര്‍വീണ്‍, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, കൗണ്‍സിലര്‍ ഹണി ബെഞ്ചമിന്‍, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍, ട്രാഫിക് സൂപ്രണ്ട് സുജിത്ത് എന്നിവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.