പക്ഷികളുടെ അലങ്കാര തൂവലുകളുടെ വിപണനം നിയമപരമായി തടഞ്ഞെങ്കിലും ആചാരങ്ങൾക്കായിഉപയോഗിക്കാൻ തടസ്സമില്ല. അതുകൊണ്ടു തന്നെ തൂവലുകൾക്കായി ഇപ്പോഴും ഈ സ്വർഗ്ഗത്തിലെ പക്ഷികളെകൊല്ലുന്നുണ്ട്. വന്യമൃഗങ്ങളെ മിക്കതിനെയും ഇവിടെ വേട്ടയാടി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. 80 ശതമാനവും പരമ്പരാഗത ആദിവാസികളായതിനാൽ വന്യസംരക്ഷണ നിയമങ്ങളൊന്നും ഇവിടെ നടപ്പിലാക്കാൻ കഴിയില്ലെന്നതാണ് സത്യം
പപ്പുവ ന്യൂഗിനിയ എന്ന രാജ്യത്തുമാത്രമായി കണ്ടുവരുന്ന 28 ഇനം ബേർഡ്സ് ഓഫ് പാരഡൈസ് പക്ഷികളുണ്ട്. ഭംഗിയുള്ള തൂവലുകളും ബ്രീഡിങ്ങ് പ്ലുമേജും കാട്ടി ആൺപക്ഷി നൃത്തം ചെയ്യുന്നത് ആരുടെയും മനം കുളിർക്കും. ഇവയുടെ കോർട്ട്ഷിപ്പ് അഭിനയം കാണാനും കൗതുകമാണ്. ഈയടുത്തകാലത്തായി ഫോട്ടോഗ്രാഫർമാർ ഈ പക്ഷിയുടെ കോർട്ഷിപ്പ് ഡാൻസും പ്രകടനങ്ങളും വീഡിയോ വഴി പ്രചരിപ്പിച്ചത് കാരണം നിരവധി പേർ ഈപക്ഷികളെ കാണുവാനായി ലോകത്തിന്റെ പല ഭാഗത്തു നിന്നും വന്നെത്തിത്തുടങ്ങി. ടൂറിസം വരുമാനമായതോടെ ഇവയെ സംരക്ഷിക്കാൻ സർക്കാരും ആദിവാസികളും മുന്നിട്ടിറങ്ങി.
മഴ വനപ്രദേശത്ത് കണ്ടുവരുന്ന ഇവയുടെ ആഹാരം പഴങ്ങളും പ്രാണികളുമാണ്. റഗ്ഗിയാന എന്ന പക്ഷിയാണ് ഈരാജ്യത്തിന്റെ ദേശീയ പക്ഷി. എവിടെ നോക്കിയാലും ഇതിന്റെ ചിത്രങ്ങളും പ്രതിമകളും ലോഗോയും കാണാം. മിക്ക ഉൽപന്നങ്ങളുടെ കവറിലും ഇതിന്റെ ചിത്രമുണ്ടാകും. ആദിവാസികളുടെ എല്ലാ പരിപാടികളിലും അലങ്കാരത്തിന് ഈ പക്ഷികളുടെ തൂവലുകൾ ആണ് ഉപയോഗിക്കുന്നത്. തൂവലുകൾക്കായി പക്ഷികളെ അമ്പ് എയ്ത് പിടിക്കുന്നതിൽ അതിസമർത്ഥരാണിവർ. ഇപ്പോൾ പക്ഷികൾ വംശനാശത്തിന്റെ വക്കിലാണ്. കാട്ടിൽ പക്ഷികളെ കണ്ടെത്തുന്നത് തന്നെ അതീവ സാഹസികമാണ്.
മനുഷ്യരെ ഭയന്ന് ഏറ്റവും ഉയർന്ന മരത്തിന്റെ കൊമ്പിലാണ് ഇവ ചേക്കേറുന്നത്. മനുഷ്യ സാമിപ്യം കണ്ടാൽ അവ പറന്നുപോകും. പക്ഷികൾ ചേക്കേറുന്ന പറമ്പിന്റെ ഉടമകൾ അവയുടെ ചലനം നിരീക്ഷിച്ചു ടൂറിസ്റ്റുകൾക്ക് കാണിച്ചു കൊടുക്കും. ഓരോ സമയത്തും എവിടെയൊക്കെ പക്ഷികൾ വന്നിരിക്കുമെന്നത് അവർക്ക് ഹൃദിസ്ഥമാണ്. ടൂറിസ്റ്റുകൾക്ക് പക്ഷികളെ കാണിച്ചു കൊടുക്കുന്നതിന് സ്ഥലമുടമ പണമീടാക്കും. സ്വന്തം പറമ്പിൽ പക്ഷിചേക്കേറാത്ത ദേഷ്യത്തിന് അയൽവാസിയുടെ പറമ്പിൽ ചേക്കേറുന്ന പക്ഷികളെ കൊല്ലുന്ന സ്ഥിതിവരെയുണ്ടാകാറുണ്ട്. ഇതും വംശനാശത്തിന് കാരണമാണ്. പഴയ കാലത്ത് യൂറോപ്പിലെ പട്ടാളക്കാരുടെ തൊപ്പിയിൽ ഈ പക്ഷികളുടെ തൂവലുകൾ വെക്കാറുണ്ട്. അധിനിവേശക്കാലത്ത് ഇവയെ കൂട്ടത്തോടെ ഇതിനായി കൊന്നൊടുക്കിയിരുന്നത്രേ !
ഇപ്പോൾ പക്ഷികളുടെ അലങ്കാര തൂവലുകളുടെ വിപണനം നിയമപരമായി തടഞ്ഞെങ്കിലും ആചാരങ്ങൾക്കായിഉപയോഗിക്കാൻ തടസ്സമില്ല. അതുകൊണ്ടു തന്നെ തൂവലുകൾക്കായി ഇപ്പോഴും ഈ സ്വർഗ്ഗത്തിലെ പക്ഷികളെകൊല്ലുന്നുണ്ട്. വന്യമൃഗങ്ങളെ മിക്കതിനെയും ഇവിടെ വേട്ടയാടി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. 80 ശതമാനവും പരമ്പരാഗത ആദിവാസികളായതിനാൽ വന്യസംരക്ഷണ നിയമങ്ങളൊന്നും ഇവിടെ നടപ്പിലാക്കാൻ കഴിയില്ലെന്നതാണ് സത്യം.
പപ്പുവാ ന്യൂഗിനിയിലെ ഒരു സംസ്ഥാനമാണ് എൻഗാ. ഇവിടെ 1980 മുതൽ എല്ലാ വർഷവും ആഗസ്ത് ഒമ്പത് മുതൽഒരാഴ്ച ആദിവാസികളുടെ പരമ്പരാഗത കലാപരിപാടികൾ അവതരിപ്പിക്കാറുണ്ട്. സങ്കീർണ്ണമായ ശിരോവസ്ത്രങ്ങൾ ധരിച്ചും മുഖത്തും ശരീരത്തിലും നിറങ്ങൾ പൂശിയും പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് ഗോത്രങ്ങൾ എത്തിച്ചേരുകയും ഒത്തുകൂടുകയും ചെയ്യുന്നതോടെ എംഗാ ഫെസ്റ്റ് ആരംഭിക്കും. പലഗോത്രങ്ങളിൽപ്പെട്ടവർ അവരവരുടെ തനതായ വേഷ സംവിധാനത്തോടെ നൃത്തചുവടുകൾ തീർക്കും.
പാപ്പുവ ന്യൂഗിനിയയിലെമ്പാടുമുള്ള പാട്ട് പാടുന്ന ഗ്രൂപ്പുകളെ ഈ ഫെസ്റ്റ് ഒരുമിച്ച് കൊണ്ടുവരുന്നു; വർണ്ണാഭമായപരമ്പരാഗത വസ്ത്രങ്ങളിലൂടെയും നൃത്തത്തിലൂടെയും പാട്ടുകളിലൂടെയും ഓരോരുത്തരും തങ്ങളുടെ തനതായആഘോഷ പ്രദർശനം പങ്കിടുന്നു. പാപ്പുവ ന്യൂ ഗിനിയയുടെ സാംസ്കാരിക ഭൂപ്രകൃതിയുടെ അവിശ്വസനീയമായ വൈവിധ്യത്തിന്റെ അതിശയകരമായ പ്രതിഫലനമാണ് ഈ പ്രദർശനം. വിവിധ ഗോത്രങ്ങൾ അവരുടെ ജീവിതോപാദികളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ടായിരുന്നു..
കുട്ടികളും സ്ത്രീകളും പുരുഷന്മാരോടൊപ്പം ആടിയും പാടിയും ആഘോഷിക്കും. നായാടികളായും യുദ്ധത്തിനിറങ്ങുന്ന യോദ്ധാക്കളായും അവർ വേഷമിടും. സ്ത്രീകൾ മാറു മറക്കാതെ ദേഹം മുഴുവൻ മണ്ണു തേച്ച്പ്രത്യക ഈണത്തിൽ പാട്ടു പാടി നൃത്തം വെക്കും. കല്ലിൽ നിന്ന് ഉപ്പുണ്ടാക്കുന്നതും പല നിറത്തിലുള്ള മണ്ണും കല്ലുകളും പൊടിച്ചു അതുകൊണ്ട് ചിത്രം വരക്കുന്നതും പ്രദർശനത്തിൽ കാണാൻ കഴിഞ്ഞു. നൂലുപയോഗിച്ച്കൈ കൊണ്ട് തുന്നിയുണ്ടാക്കുന്ന ഒരു പ്രത്യേക സഞ്ചി ഇവിടുത്തെ സ്റ്റാളുകളിൽ വില്ലനയ്ക്ക് വെച്ചിട്ടുണ്ട്. ചെറിയകുട്ടികളെ ഈ സഞ്ചിയിലാക്കി തോളിലിട്ടാണ് സ്ത്രീകൾ നടക്കുക. ഗ്രാമങ്ങളിൽ ടൂറിസ്റ്റുകൾ വരുന്ന സ്ഥലത്ത്സഞ്ചികളുടെയും മുത്തുമാലകളുടെയും പ്രദർശനം ഉണ്ടാകാറുണ്ട്.
60000 വർഷങ്ങൾക്ക് മുമ്പ് തന്നെ മനുഷ്യൻ ഈ ദ്വീപിൽ എത്തിയതാണെങ്കിലും ആധുനികലോകത്തിനുമുമ്പിൽ ഈ സ്ഥലം അറിയപ്പെടുന്നത് പതിനാറാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ എത്തിയപ്പോഴാണ്. തുടർന്ന് ജർമ്മനി, ഡച്ച്, ആസ്ത്രേലിയ, ചൈന എന്നീ രാജ്യങ്ങളുടെ അധിനിവേശത്തിന്റെയും ഇടപെടലിന്റെയും ഭാഗമായി വികസനം മുരടിക്കുകയായിരുന്നു. ഗോത്രങ്ങൾ തമ്മിലുള്ള ആഭ്യന്തര കലഹങ്ങളും വികസനത്തിന് തടസ്സമായി. 1973ൽ രാജ്യം സ്വതന്ത്രമായെങ്കിലും അയൽരാജ്യങ്ങളുടെ അദൃശ്യ ഇടപെടൽ ഇപ്പോഴും തുടരുന്നു. പ്രകൃത്യാലുള്ള ആഹാരം കഴിച്ചു വളർന്നിരുന്ന ആദിവാസികളെ കോള കുടിപ്പിക്കാൻ പഠിപ്പിച്ചതാണ് ഇവിടെയുണ്ടായ കാതലായമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.