ചൂരല്‍മല: ഇടവേളക്കു ശേഷം തുറന്ന സൂചിപ്പാറയിൽ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്നു. സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ ഭംഗി അസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ഇപ്പോഴെത്തുന്നത്. കഴിഞ്ഞ ഒമ്പതു മാസത്തോളമായി അടച്ചിട്ടിരുന്ന സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രം കഴിഞ്ഞ ഒന്നിനാണ് വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്.
സൂചിപ്പാറ വനസംരക്ഷണ സമിതിയുടെ കീഴിലാണ് ടൂറിസം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. 44 തൊഴിലാളികളാണ് ഇവിടെയുള്ളത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആയിരത്തിലധികം സഞ്ചാരികളാണ് സൂചിപ്പാറയിലെത്തിയത്. സഞ്ചാരികള്‍ കൂട്ടമായെത്തുന്നത് കാരണം രാവിലെയോടെ തന്നെ ടിക്കറ്റുകളും വിറ്റുതീരുന്നുണ്ട്.
സഞ്ചാരികളെത്താന്‍ തുടങ്ങിയതോടെ കേന്ദ്രത്തിന് സമീപത്തെ ഹോംസ്റ്റേകളും റിസോര്‍ട്ടുകളും വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളുമെല്ലാം സജീവമായി തുടങ്ങിയിട്ടുണ്ട്. മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ ഒഴുകിയെത്തിയ മണ്ണും ചളിയും പാറകളുമെല്ലാം സൂചിപ്പാറയിലൂടെയുള്ള പുഴയിലൂടെയാണ് ഒഴുകിയത്. എന്നാല്‍, ടൂറിസം കേന്ദ്രത്തിനു കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. കൈവരിയും പടികളും നടപ്പാതകളും നവീകരിച്ചതിനു ശേഷമാണ് കേന്ദ്രം വിനോദസഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തത്.
കുറുവ വനസംരക്ഷണ സമിതി ജിവനക്കാരന് പുല്പള്ളി പാക്കം വെള്ളച്ചാലില്‍ പോള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 19നാണ് സൂചിപ്പാറ അടക്കമുള്ള ജില്ലയിലെ വനംവകുപ്പിന് കീഴിലെ എട്ടു ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചത്.
പിന്നീട്, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നത് കോടതി നിര്‍ദേശപ്രകാരം മാത്രമാകണമെന്ന് ഹൈകോടതി ഉത്തരവിറക്കുകയും ചെയ്തു. പിന്നീട് ഹൈകോടതി അനുമതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 15 മുതലാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.