ത്ര ചെയ്യാൻ കിട്ടുന്ന ഏതവസരവും പാഴാക്കാറില്ല. ഇത്തവണ യു.കെയിലുള്ള അനുജൻ ഡോ. ഷഫീർ കളത്തിലിന്റെ ക്ഷണം സ്വീകരിച്ച് ഗ്രേറ്റ് ബ്രിട്ടനിലെ ന്യൂ ക്യാസിലിലേക്കായിരുന്നു യാത്ര. കഴിഞ്ഞ തവണ യാത്രയിൽ ലണ്ടനും കേംബ്രിഡ്ജും പരിസരങ്ങളും മാത്രമായിരുന്നു കാണാൻ സമയം കിട്ടിയിരുന്നത്. അതു കൊണ്ട് ഇത്തവണ യാത്ര തിരിച്ചപ്പോൾ തന്നെ ഉള്ള ആഗ്രഹമായിരുന്നു ബ്രിട്ടനിലെ ഗ്രാമ പ്രദേശങ്ങളിലൂടെ സ്വയം വാഹനമോടിച്ചു കാഴ്ചകൾ കാണുകയെന്നത്. അത് സാധ്യമായെന്നതാണ് ഇത്തവണത്തെ യാത്രയുടെ ഹൈലൈറ്റ്. കുറഞ്ഞ ദിവസത്തേക്ക് മാത്രമുള്ള യാത്രയായതിനാൽ അവിടെ എത്തിയതിന്റെ അന്ന് ഉച്ചയ്ക്കു തന്നെ ഞങ്ങൾ പുറം കാഴ്ചകൾ കാണാനായിറങ്ങി. ന്യൂ ക്യാസിലിലിൽ നിന്നും 10 മിനിറ്റ് ട്രെയിനിൽ യാത്ര ചെയ്ത് ‘ഡർഹം’ ഉപദ്വീപിലെ വെയർ നദിക്ക് മുകളിലുള്ള ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഡർഹം കാസിലിലെത്തി.
കരിങ്കൽ കൊത്തു പണികളാൽ നിർമിതമായ ഈ കോട്ട 1837 മുതൽ ഡർഹാമിലെ ബിഷപ്പുമാരുടെ വസതിയായിരുന്നത്രെ. പക്ഷേ, ഇന്ന് ഡർഹാമിലെ യൂനിവേഴ്സിറ്റി കോളജിന്റെ കൈവശമാണ് ഇത് ഉള്ളത്. ഇതിനോടനുബന്ധിച്ചുള്ള ഡർഹാം കത്തീഡ്രലും അതിനുള്ളിലുള്ള ചിത്രപ്പണികളും വളരെ കൗതുകം ജനിപ്പിക്കുന്ന കാഴ്ചതന്നെയാണ്. ലോക പ്രശസ്തമായ ഹാരിപോർട്ടർ സിനിമയിലെ പല രംഗങ്ങളും ചിത്രീകരിച്ചത് ഈ കത്തിഡ്രലിലും പരിസരത്തുമാണ്. കോട്ടയിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങൾ താഴെ കളകളാരവും പൊഴിച്ചൊഴുക്കുന്ന വെയർ നദിക്കരയിലൂടെ നടന്നു. ഇരുവശവും നടപ്പാതകൾ ഉള്ളതു കൊണ്ടു തന്നെ സായാഹ്ന നടത്തക്കാരും ടൂറിസ്റ്റുകളും ഇവിടെ ധാരാളമുണ്ട്. നദിയിൽ ചെറിയ തടയണ കെട്ടി ഒരു കെട്ടിടത്തിനടിയിലൂടെ വെള്ളം കടത്തിവിട്ട് വെള്ളത്തിന്റെ ശക്തിയാൽ പ്രവർത്തിച്ചിരുന്ന ഒരു പഴയകാല പൊടിമില്ലും അവിടെ ഇന്നും പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്ന കാഴ്ച്ച കൗതുകമുളവാക്കി. പുഴക്കരയിലൂടെ നടന്ന് പതിയെ മെയിൻ റോഡിൽ കയറി ഡറം അങ്ങാടിയിലൂടെ ബസ്റ്റാന്റും കടന്ന് ചെറിയ ചാറ്റൽ മഴയും കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു.ന്യൂ കാസിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ടൗണിലൂടെ ബസ്റ്റാന്റിലേക്ക് നടക്കുമ്പോൾ വൈകുന്നേരം അഞ്ച് മണി കഴിഞ്ഞിട്ടുണ്ടായിരുന്നു. അപ്പോഴേക്കും അങ്ങാടിയിലെ ഒട്ടുമിക്ക കടകളും അടച്ചു കഴിഞ്ഞു. അവിടങ്ങളിലെല്ലാം ഇത് പതിവാണത്രെ. വൈകുന്നേരം ആറ് മണിക്കുള്ളിൽ എല്ലാവരും അവരുടെ പണികൾ നിർത്തി കടകൾ അടച്ച് വീട്ടിൽ എത്തിയിട്ടുണ്ടാവും.
മനോഹരമായ ഈ ആചാരം കൗതുകരവും ഒപ്പം സന്തോഷവും ജനിപ്പിച്ചു. ആറ് മണിയോടുകൂടി എല്ലാവർക്കും കുടുംബത്തിൽ എത്തിച്ചേരാനും കുടുംബവുമായ് കുറെയേറെ സമയം ചിലവിടാനും കിട്ടുക എന്നത് വളരെ സന്തോഷകരം തന്നെയാണല്ലോ. വൈകീട്ട് ആറ് മണിക്ക് ശേഷം ടി.വി ചാനലുകൾ പോലും കുട്ടികളുടെ പരിപാടികൾ അടക്കം നിർത്തിവെച്ച് അവരുടെ ഉറക്കത്തിനും മറ്റും പ്രോൽസാഹനം നൽകുന്നുണ്ടത്രെ. ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഇതിൽപ്പരം എന്ത് പ്രവർത്തനമാണ് വേണ്ടത് ! നമ്മളും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ നന്നായിരിക്കുമെന്ന് തോന്നി. ഇതൊക്കെ ആലോചിച്ചു കൊണ്ട് ബസ്റ്റാന്റിൽ നിന്നും ബസ് കയറിയ ഞങ്ങൾ 15 മിനിറ്റിനുള്ളിൽ വീട്ടിലെത്തി.
നാളെ സ്ക്കോട്ട്ലാന്റിലേക്ക് ഒരു ദീർഘയാത്ര ചെയ്യേണ്ടതുള്ളതു കൊണ്ട് നേരത്തെ ഉറങ്ങണമെന്നുണ്ടായിരുന്നു. പക്ഷേ രാത്രി പ്രാർഥനയുടെ സമയം 11 മണിക്കു ശേഷമായതു കൊണ്ടും രാത്രി ഒമ്പത് മണിയോടെയെ സൂര്യൻ അസ്തമിക്കുകയുള്ളൂ എന്നതു കൊണ്ടും ഉറങ്ങാൻ പറ്റുകയില്ല എന്ന തിരിച്ചറിവിൽ നാളെ പോവുന്ന സ്ഥലത്തെക്കുറിച്ചും ബ്രിട്ടനെക്കുറിച്ചുമൊക്കെ മനസ്സിലാക്കാൻ ഗൂഗിളിന്റെ സഹായം തേടി. ഇംഗ്ലണ്ട്, സ്കോട്ലൻഡ്, വെയ്ൽസ്, നോർത്തേൺ അയർലൻഡ് എന്നീ നാല് പ്രദേശങ്ങൾ ചേർന്ന യു.കെ സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. ഇതോടൊപ്പം തന്നെ യു.കെയുടെ ഭാഗമായ ഈ നാലു പ്രദേശങ്ങളും ഒരു പരിധിവരെ സ്വയംഭരണാവകാശമുള്ള നാലു രാഷ്ട്രങ്ങളാണ് എന്നും പറയാം. ഈ നാലു രാജ്യങ്ങളുടെയും രാഷ്ട്രീയ ഐക്യമാണ് (Political union) യു.കെ എന്നു വിശേഷിപ്പിക്കാം. ഗ്രേറ്റ് ബ്രിട്ടൻ എന്ന വലിയ ദ്വീപും അയർലൻഡ് എന്ന ദ്വീപിന്റെ വടക്ക്–കിഴക്കൻ ഭാഗത്തായുള്ള നോർത്തേൺ അയർലൻഡും ബ്രിട്ടിഷ് ഐൽസിന്റെ ഭാഗമായുള്ള ചെറുതും വലുതുമായ 6,000 ദ്വീപുകളും യു.കെയുടെ ഭാഗമാണ്. യു.കെയിലെ ഏറ്റവും വലിയ രാജ്യമാണ് ഇംഗ്ലണ്ട്. യു.കെയുടെ ഏറ്റവും തെക്ക് ഭാഗത്തായി ഇത് സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ 84 ശതമാനം ജനങ്ങളും വസിക്കുന്നത് ഇംഗ്ലണ്ടിലാണ്. യു.കെയെ മുഴുവനായി ഗ്രേറ്റ് ബ്രിട്ടൻ എന്നും വിളിക്കാറുണ്ട്. യു.കെയുടെ ഭാഗമായുള്ള ഇംഗ്ലണ്ട്, സ്കോട്ലൻഡ്, വെയ്ൽസ്, വടക്കൻ അയർലൻഡ് എന്നീ പ്രദേശങ്ങൾ ചേരുന്നതാണ് ഗ്രേറ്റ് ബ്രിട്ടൻ. ഇവിടത്തെ ജനങ്ങളെ ബ്രിട്ടിഷുകാർ എന്ന് വിളിക്കാം. ബ്രിട്ടീഷ് രാജഭരണത്തോട് ചേർന്നു നിൽക്കുമ്പോഴും ഈ നാലു രാഷ്ട്രങ്ങൾക്കും സ്വതന്ത്രമായ നിലനിൽപുണ്ട്. യു.കെയുടെ ഭാഗമായ നോർത്തേൺ അയർലൻഡ് ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമല്ല. എന്തുകൊണ്ടാണ് ഗ്രേറ്റ് ബ്രിട്ടൻ എന്നു വിളിക്കുന്നതെന്ന് അറിയുമോ.
ഫ്രാൻസിൽ സമാന പേരിൽ ഒരു പ്രദേശമുണ്ട്. ബ്രിട്ടാനി അഥവാ ലിറ്റിൽ ബ്രിട്ടൻ എന്നാണതിന്റെ പേര്. ഈ പ്രദേശത്തിന്റെ പേരുമായി തെറ്റിദ്ധരിക്കപ്പെടാതിരിക്കാനാണ് ഗ്രേറ്റ് ബ്രിട്ടൻ എന്നു വിളിച്ചത്. അതിലൊക്കെ രസകരമായ മറ്റൊരു സംഗതി ബ്രിട്ടണിലെ ദേശീയ ഭക്ഷണങ്ങളിൽ ഒന്ന് ചിക്കൻ തിക്ക മസാലയാണത്രെ. സ്കോട്ട്ലണ്ടുകാരനായ ഒരു പാക്കിസ്ഥാൻ വംശജനാണത്രെ ചിക്കൻ തിക്ക മസാല ആദ്യമായ് കണ്ടു പിടിച്ചത്. പിറ്റേന്ന് പുലർച്ചെ ഞങ്ങൾ സ്ക്കോട്ട്ലന്റിന്റെ ഭാഗമായ ഗ്ലാസ്ക്കോവിലേക്ക് യാത്ര തിരിച്ചു. ഗ്രാമ പ്രദേശങ്ങളിലൂടെയുള്ള ആ യാത്ര വളരെ ഹൃദ്യമായിരുന്നു. കുതിരകളും ചെമ്മരിയാടുകളും പശുക്കളും മേയുന്ന വിശാലമായ താഴ്വരകളും നോക്കെത്താ ദൂരത്തോളം ഗോതമ്പു വിളഞ്ഞു നിൽക്കുന്ന വയലുകളും പൈൻമരക്കാടുകളുമൊക്കെ താണ്ടിയുള്ള ആ യാത്ര മറക്കാനാവാത്ത അനുഭവമായിരുന്നു. പടിഞ്ഞാറൻ മധ്യ സ്കോട്ട്ലൻഡിൽ ക്ലൈഡ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സ്കോട്ട്ലൻഡിലെ ഏറ്റവും ജനസാന്ദ്രതയുള്ള തുറമുഖ നഗരമായ ഗ്ലാസ്ഗോവ്, യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമാണ്. ഗ്ലാസ്ക്കോ സിറ്റിയിലൂടെ കാറിൽ ഒരു കറക്കം കറങ്ങിയ ഞങ്ങൾ അവിടെയുള്ള ഞങ്ങളുടെ ബന്ധുവിനെയും കൂട്ടി അവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ലോക് ലോമോണ്ട് കാണാൻ പോയി.
ലോക്ക് എന്നത് ലേക്ക് (തടാകം) എന്നതിന്റെ സ്കോട്ടിഷ് ഉച്ചാരണമാണത്രെ. ചുരുക്കിപറഞ്ഞാൽ ലോമോണ്ട് തടാകം അത്ര തന്നെ. വിശാലമായ തടാകവും തടാക്കരയും. തടാകത്തിൽ ബോട്ടിങ്ങും കയാക്കിങ്ങും നടത്തുന്നവർ, കരയിൽ ടെന്റുകൾ കെട്ടി അവധി ദിനങ്ങൾ ആസ്വദിക്കാൻ വന്നവർ, പുതു തലമുറയുടെ ഭാഷയിൽ പറഞ്ഞാൽ മൊത്തത്തിൽ നല്ല വൈബുള്ള സ്ഥലം. അവിടെ നിന്നും തിരികെ ഗ്ളാസ്കോ സിറ്റിയിൽ വന്ന് ഉച്ച ഭക്ഷണവും കഴിച്ച് അവിടുത്തോട് വിട പറഞ്ഞു.
പിന്നീട് കുറ്റാന്വേഷണ കഥകൾകളിലൂടെ കഥാകൃത്തിനേക്കാൾ (ആർതർ കോനൻ ഡോയൽ) ലോകം അറിയപ്പെട്ട ഇന്നും എന്നും ഞാൻ വായിക്കാൻ ഇഷ്ടപ്പെടുന്ന ഷർലക് ഹോംസിന്റെ നാടായ എഡിൻബർഗിലേക്ക് വണ്ടി വിട്ടു. വഴിയിലെ ഗോതമ്പു പാടങ്ങളും ലോക പ്രശസ്തമായ സ്കോട്ട്ലന്റ് വൈൻ ഫാക്ടറികളും പിന്നിട്ട് ഞങ്ങൾ എന്റെ സ്വപ്പ്ന ഭൂമിയായ ഷെർലക്ക് ഹോംസ് കഥകളിൽ നമ്മൾ കേട്ട് പരിചയമുള്ള സ്കോട്ട്ലന്റിലെ എഡിൻബർഗ് ബ്രൗട്ടൺ സ്ട്രീറ്റ്ൽ എത്തി. വണ്ടി ഇറങ്ങിയതു തന്നെ ആർതർ കോനൻ ഡോയലിന്റെ വീടു നിന്ന ഇടത്തിലാണ്.
സ്രഷ്ടാവിനേക്കാളും താൻ പിറന്നുവീണ ഗ്രന്ഥത്തെക്കാളും മഹത്ത്വമാർന്ന അസ്തിത്വവിശേഷം നേടിയ കഥാപാത്രത്തെ സൃഷ്ടിച്ച ആർതർ കോനൻ ഡോയലിന്റെ നാട്. ചിലപ്പോഴൊക്കെ തലയിലെ തൊപ്പി താഴ്ത്തി വെച്ച് നിലത്തു നോക്കി നടക്കുന്ന ഷെർലക് ഹോമ്സ് എന്ന കഥാപാത്രം നടന്നു പോയ തെരുവുകളിലൂടെ നടക്കുമ്പോൾ തീർത്തും കൽപ്പിത കഥാപാത്രമായിരിക്കുകയും അതേസമയം ജീവിക്കുന്ന യാഥാർത്ഥ്യമായി ലോകം വിശ്വസിക്കുന്ന പ്രതിഭാസവുമായി മാറിയ ഷെർലക് ഹോംസ് സത്യമായും ജീവിച്ചിരുന്നോ എന്ന് എനിക്കും തോന്നിപ്പോവുന്നു! ആർതർ കോനൻ ഡോയലിന്റെ ഓർമക്കായ് പണി തീർത്ത ഷെർലക്ക് ഹോംസിന്റെ പ്രതിമക്കരികിൽ ഏറെ നേരം ചിലവഴിച്ച ഞങ്ങൾ അവിടെ തെരുവിലൂടെ വെറുതെ കുറേ നടന്നു. പ്രതിമക്കടുത്തുള്ള ചാപ്പലിന്റെ പടിയിലിരുന്ന് ഹോംസിന്റെ കുറ്റാന്വേഷണ രീതിയെക്കുറിച്ചും കഥാകാരനേക്കാൾ പ്രശസ്ഥനായ കഥാപാത്രത്തെക്കുറിച്ചുമൊക്കെയോർത്ത് അൽപ്പ സമയം വിശ്രമിച്ചു. പിന്നീട് സ്കോട്ടിഷ് പാർലമെന്റും ഹോളിറോഡ് ഹൗസ് പാലസും കണ്ട് വൈകീട്ടോടെ ഞങ്ങൾ തിരികെ ന്യൂ കാസിലിലേക്ക് തിരിച്ചു.
തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.