തുള്ളിക്കൊരു കുടം എന്ന ചൊല്ലിനെ പ്രസക്തമാക്കുന്ന അസ്സല് മഴയോടെയാണ് ഞങ്ങള്‍ രാവിലെ ആറിന് തൃശൂരില്‍ നിന്നും അതിരപ്പിള്ളിയിലേക്ക് യാത്ര ആരംഭിച്ചത്. വഴിമധ്യേ മഴ കുറയുകയും ചില പ്രദേശങ്ങളില്‍ ചെറിയ ട്രാഫിക് കുരുക്കുകള്‍ ഉണ്ടാകുകയും ചെയ്തുവെങ്കിലും പ്രകൃതിയുടെ മനോഹാരിതയില്‍ സ്വപ്നലോകം കാണിച്ചുതന്ന അതിരപ്പിള്ളിയിലേക്ക് വേഗത്തില്‍ തന്നെ എത്തി. വാഹനത്തിനും സഞ്ചാരികള്‍ക്കും ചെറിയ ഫീസ് അടപ്പിച്ചു ഉദ്യോഗസ്ഥര്‍ പെട്ടെന്ന് ഞങ്ങളെ അകത്തേക്ക് കടത്തിവിട്ടു. ടിക്കറ്റ് കൗണ്ടറിന് സമീപം നിന്നു നോക്കിയാല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടവും അടിവാരത്തെ കൊടുംകാടും പച്ചപ്പും വെള്ളത്തിന്റെ ഒഴുക്കുണ്ടാക്കുന്ന സംഗീതവും ഒരു ദൃശ്യാവിഷ്കാരമായി കാണാന്‍ കഴിയും.
മരങ്ങളിലെ പച്ചപ്പടര്‍പ്പുകളില്‍ ധാരാളം വാനരന്മാര് കൂട്ടമായി പാര്‍ക്കുന്ന കാഴ്ച സഞ്ചാരികളെ കൗതുകഭരിതരാക്കുന്നു. വ്യൂ പോയിന്റുകളുടെ സുരക്ഷാവേലികളിലും മതിലുകളിലും സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ആ വാനരന്മാര് തികച്ചും ആകര്‍ഷകമാണ്. വെള്ളച്ചാട്ടത്തിന്റെ ഗര്‍ജ്ജനവും ചുറ്റുപാടുകളിലേക്കുള്ള കാഴ്ചകളും ഞങ്ങളെ വീണ്ടും ഇവിടെയെത്താന്‍ എപ്പോഴും പ്രേരിപ്പിക്കുന്നു. വെള്ളച്ചാട്ടത്തിന് അടുത്തേക്ക് നടക്കുന്നതിനിടയില്‍ മഴക്കോള് ഉഗ്രരൂപം എടുക്കുകയുണ്ടായി. വഴുവഴുപ്പുള്ളതെങ്കിലും കൈവരികൾ കെട്ടി വഴിയൊരുക്കിയ പാറകളിലൂടെ നടന്ന് വെള്ളച്ചാട്ടത്തിനരികെ തീർത്ത സുരക്ഷാവേലിയുടെ അടുത്ത് എത്തി.
മുകളില്‍ നിന്നും താഴേക്ക് ഒഴുകുന്ന കാഴ്ചയില്‍ ആകര്ഷിപ്പിക്കപ്പെട്ടു. വിദേശിയരും അന്യസംസ്ഥാനത്തു നിന്നും വന്ന അഥിതികളുമായി സാമാന്യം തരക്കേടില്ലാത്ത ജനക്കൂട്ടം മഴയും കാടും വെള്ളച്ചാട്ടവും കാണാൻ രാവിലെ ഹാജറുണ്ടായിരുന്നു. താഴെ വെള്ളം പതിക്കുന്ന ഇടത്തേക്ക് ചെങ്കുത്തായ കല്പടവുകളിലൂടെ താഴേക്ക് അര കിലോമീറ്റര്‍ നടന്നാൽ ഏകദേശം മുപ്പത് മീറ്റര്‍ അകലെ പതിക്കുന്ന വെള്ളത്തിന്റെ സൗന്ദര്യം സുരക്ഷാവേലിക്കടുത്തു നിന്നുകാണാം. ഒരിക്കലും നിലക്കാത്ത പ്രവാഹത്തില്‍ ചിതറുന്ന വെള്ളത്തിന്റെ പൊരിച്ചില് മുഖത്ത് തട്ടുമ്പോള്‍, പ്രകൃതിയുടെ അത്ഭുതം ഏറ്റവും അടുത്തുകാണുന്ന അനുഭവം അത്യുന്നതമാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടവും വാഴച്ചാലും പച്ചതേയിലത്തോപ്പുകളാല് നിറഞ്ഞ മലക്കപ്പാറയും കാണാൻ പ്രിയപ്പെട്ടവരുമായി പലപ്പോഴായി നടത്തിയ യാത്രകളിലെ ഓര്‍മ്മകള്‍ ഹൃദയത്തില്‍ സ്നേഹമായി ഇടം പിടിച്ചു. അതിരപ്പിള്ളിയില്‍ നിന്നും മലക്കപ്പാറയിലെ തേയിലത്തോപ്പുകള് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. എവിടെയും കാണുന്ന ഹരിതാഭ കണ്ണുകളും മനസ്സും നിറക്കപ്പെട്ടു.
വഴിമധ്യേ വിവിധ വ്യൂ പോയിന്റുകളില്‍ വാഹനം നിർത്തി കാഴ്ച്ചകൾ കാണുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. ഷോളയാര്‍ ഡാമിലെ അടിവാരത്തില്‍ ഏകദേശം മുന്നൂറ് അടി ഉയരത്തില്‍ നിന്നും ചെറുതായി തുറന്നു വിട്ട ഷട്ടറിലൂടെ വെള്ളി അരഞ്ഞാണം കണക്കെ ഉച്ചവെയിലിൽ മിനുങ്ങുന്ന ജലധാര കാണാനും ധാരാളം ആളുകൾ റോഡിന് കുറുകെയുള്ള പാലത്തിൽ സ്ഥലം പിടിച്ചിരുന്നു. മുകളിൽ ഡാമിന്ന് കുറുകെ തീർത്ത റോഡിലൂടെ കാൽനടയായി പോയിക്കാണാൻ സഞ്ചാരികൾക്ക് അനുവാദമുണ്ട്, ഡാമിന്റെ നോക്കെത്താ ദൂരത്തിലുള്ള വൃഷ്ടിപ്രദേശങ്ങളിലേക്കും താഴേക്കും കണ്ണുംനട്ട് നിന്നാൽ ആ സുന്ദര കാഴ്ചകളിൽ നമ്മൾ അനന്തമായി അലിഞ്ഞു ചേരും.
ഡാമിന്റെ നീല ജലാശയത്തിൽ പ്രതിബിംബിതമായ മേഘങ്ങള്‍ അതിന്റെ സൗന്ദര്യത്തിന് കൂടുതല്‍ ഭംഗി കൂട്ടി. വാല്‍പാറയിലേക്കുള്ള യാത്രയില്‍ നാല്പത് ഹെയര്‍പിന്‍ വളവുകള്‍ പിന്നിടേണ്ടി വന്നു. ഓരോ വളവും പുതിയ കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ചു. കോടമഞ്ഞ് മൂടിയ പാതകളിലൂടെ നടന്ന് കാറ്റിന്റെ തണുപ്പും മഞ്ഞിന്റെ നനവുമെല്ലാം ആസ്വദിച്ചത് മനസ്സില്‍ അനന്തമായ സന്തോഷം പകർന്നു. പൊള്ളാച്ചി നഗരം തൊടാതെ വടുക്കഞ്ചേരി വഴി തൃശൂരിലേക്കുള്ള മടക്ക യാത്രയും മനോഹരമായി. ഇന്നത്തെ ഏകദിന യാത്രയില്‍ അനുഭവിച്ച പ്രകൃതി ഭംഗിയും കോടമഞ്ഞിന്റെ തണുപ്പും അതു തന്ന സൗന്ദര്യവും വാക്കുകളില്‍ പറഞ്ഞു തീരാത്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.