കൊട്ടാരക്കര: കേരളത്തിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിലെ നവീകരിച്ച ആദ്യത്തെ സുലഭ് കംഫർട്ട്സ്റ്റേഷന്റെ പ്രവർത്തനം കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ആരംഭിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ആധുനിക രീതിയിലാണ് കംഫർട്ട് സ്റ്റേഷൻ സുലഭ് എന്ന ഇന്റർനാഷനൽ കമ്പനി നവീകരിച്ചിരിക്കുന്നത്. ഏറെനാളായി വളരെ ശോച്യാവസ്ഥയിലായിരുന്നു കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ജില്ലയിലെ മിക്ക സ്റ്റേഷനുകളിലെയും കംഫർട്ട് സ്റ്റേഷനുകൾ. കേരളത്തിലെ 41 കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളിൽ കംഫർട്ട് സ്റ്റേഷനുകൾ ആധുനിക രീതിയിൽ നവീകരിക്കാനുള്ള നിർമാണ ചുമതല സുലഭ് കമ്പനിയെ ഏൽപിച്ചുകഴിഞ്ഞു. ക്ലോക്ക് റൂം, വാട്ടർ ഫിൽറ്റർ ഉൾപ്പടെയുള്ള സജ്ജീകരണങ്ങൾ കൊട്ടാരക്കര ബസ് സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.
നഗരസഭ ചെയർമാൻ എസ്.ആർ. രമേശ് അധ്യക്ഷത വഹിച്ചു. സുലഭ് ഇന്റർനാഷനൽ കൺട്രോളർ അവിനാഷ് കുമാർ തിവാരി, അസി. ട്രാൻസ്പോർട്ട് ഓഫിസർ ബി. അജിത്കുമാർ, ഡിപ്പോ എൻജിനീയർ എസ്. ശ്രീകാന്ത്, സുലഭ് കോഓഡിനേറ്റർ മിനി ബാബു എന്നിവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ പി.എസ്. പ്രമോജ് ശങ്കർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.