കൊല്ലം: സുരഭിയുടെ ആ ഇടപെടൽ ഒരു കുടുംബത്തിന്റെ ഒന്നര പതിറ്റാണ്ടുനീണ്ട കാത്തിരിപ്പിന് മാത്രമല്ല അവരുടെ വിശ്വാസ സംരക്ഷണത്തിനും കാരണമായി. അഞ്ച് മാസം മോർച്ചറിയിൽ മരവിച്ചുകിടന്ന കാന്തപുരം കൊയിലോത്തുകണ്ടി മുണ്ടോചാലിൽ അബ്ദുൽ സലീമിന്റെ (52) മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ അടുത്തേക്ക് യാത്രയാക്കിയപ്പോൾ ഒപ്പമുണ്ടായിരുന്ന കുറിപ്പിൽ സനാഥത്വത്തിന്റെ അടയാളമായി കൊല്ലം ജില്ല ആശുപത്രി സീനിയര്‍ നഴ്സിങ് ഓഫിസര്‍ സുരഭി മോഹന്‍ തന്റെ പേര് രേഖപ്പെടുത്തിയിരുന്നു. യാത്രയിൽ ‘ബന്ധുവായി’ സുരഭി സലീമിന് കൂട്ടുനിന്നു. ഈ വിവരം മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് ബന്ധുക്കൾ അറിഞ്ഞ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിയത്. ബുധനാഴ്ച മകൻ നിസാമും സഹോദരൻ അബ്ദുൽ സമദും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.
കൊല്ലം ജില്ല ആശുപത്രിയിൽ മരിച്ച് അഞ്ചുമാസം ഏറ്റെടുക്കാൻ ആളില്ലാതെയിരുന്ന സലീമിനെ തേടി ബന്ധുക്കളാരും വരാത്തതിനാലാണ് പഠനാവശ്യത്തിന് വിട്ടുനല്‍കിയത്. കഴിഞ്ഞ ഡിസംബറിൽ സുരഭിയുടെ പിതാവിനെ പക്ഷാഘാതത്തെ തുടർന്ന് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേസമയത്ത് വഴിയോരത്ത് വീണുകിടന്ന സലീമിനെ പൊലീസ് ആശുപത്രിയിലെത്തിച്ചു. സുരഭിയുടെ പിതാവിന്റെ തൊട്ടടുത്ത കിടക്കയിലായിരുന്നു സലീം. പരിചയമായതോടെ ദിവസവും പിതാവിനൊപ്പം സലീമിനും സുരഭി ആഹാരമെത്തിച്ചു. ദിവസങ്ങൾക്കുശേഷം സലിം മരിച്ചു. അവകാശികളാരും എത്തിയില്ലെങ്കിൽ സലീമിന് മതാചാരപ്രകാരമുള്ള മരണാനന്തര കർമങ്ങൾ ചെയ്യാൻ അനുവദിക്കണമെന്ന് അന്ന് പൊലീസ് സർജനോട് സുരഭി അഭ്യർഥിച്ചിരുന്നു. ഒടുവിൽ, സലീമിന്റെ മൃതദേഹം സ്വകാര്യ മെഡിക്കൽ കോളജിന് കൈമാറുംമുമ്പ് സുരഭി കൊല്ലം ജുമാമസ്ജിദിൽനിന്ന് പണ്ഡിതരെ ക്ഷണിച്ചുവരുത്തി മരണാനന്തര കർമങ്ങളും പ്രാർഥനകളും നടത്തിച്ചു. ഇതിന് വേണ്ട ചെലവും സുരഭി വഹിച്ചു.
പടിഞ്ഞാറേകല്ലട കോതപുരം ആവണി നിലയത്തിൽ ഭർത്താവ് റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ മോഹനും മക്കളായ ആവണിയും അൽക്കയും സുരഭിയുടെ ഈ സ്നേഹക്കരുതലിൽ പിന്തുണ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.