കൊല്ലം: ദീർഘദൂര ബസ് യാത്രികർക്ക് ആശ്വാസമായ അയത്തിൽ ഫീഡർ സ്റ്റേഷന് പൂട്ടിടാൻ കെ.എസ്.ആർ.ടി.സി. കൊല്ലം നഗരത്തിൽ പ്രവേശിക്കാതെ കടന്നുപോകുന്ന സ്വിഫ്റ്റ്, സൂപ്പർ ഡീലക്സ്, വോൾവോ ഉൾപ്പെടെ ഹൈക്ലാസ് ദീർഘദൂര സർവിസുകൾക്ക് സ്റ്റോപ്പുള്ള ബൈപാസ് റോഡിലെ അയത്തിൽ ഫീഡർ സ്റ്റേഷൻ ആണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. ജില്ലയിൽ ഈ സർവിസുകൾ പലതും ഉപയോഗിക്കുന്നതിന് ഇവിടത്തെ സ്റ്റോപ്പാണ് ആകെയുള്ളത്.
ഒരു കാരണവും ചൂണ്ടിക്കാട്ടാതെ സ്റ്റേഷൻ പ്രവർത്തനം ഉടൻ അവസാനിപ്പിക്കാനും ഡ്യൂട്ടിക്ക് ആളെ നിയോഗിക്കേണ്ടെന്നും സർവിസ് ഓപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എസ്.ആർ.ടി.സി ജില്ല അധികൃതർക്ക് ഞായറാഴ്ച നിർദേശം നൽകുകയായിരുന്നു. തിങ്കളാഴ്ച മുതൽ ജീവനക്കാരെ വിടേണ്ടെന്നാണ് നിർദേശം വന്നത്. എന്നാൽ, തിങ്കളാഴ്ച കൂടി ജീവനക്കാരെ നിയോഗിക്കാനും തുടർന്ന് നിർദേശം പാലിക്കാനുമാണ് ജില്ല അധികൃതരുടെ തീരുമാനം.
ദീർഘദൂര സർവിസ് ബസ് കാത്തിരിക്കുന്നവർക്കും വന്നിറങ്ങുന്നവർക്കും ആശ്വാസമായി കെ.എസ്.ആർ.ടി.സിയുടെ പഴയ ബസ് ആണ് ഫീഡർ സ്റ്റേഷൻ ആയി പ്രവർത്തിച്ചിരുന്നത്. ദേശീയപാതയിൽ അയത്തിൽ പെട്രോൾ പമ്പിന് സമീപമാണ് ഈ ബസ് സ്റ്റേഷൻ.
ബംഗളൂരു, കോഴിക്കോട് പോലുള്ള സർവിസുകളിൽ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് ദിനംപ്രതി ഫീഡർ സ്റ്റേഷനിൽനിന്ന് ബസ് കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. സ്റ്റേഷൻ ബസിനുള്ളിൽ ഫാനും ലൈറ്റും ഉൾപ്പെടെ സൗകര്യങ്ങളൊരുക്കി യാത്രക്കാർക്ക് രാപകലെന്യേ ബസ് കാത്തിരിക്കാനുള്ള സജ്ജീകരണം ഏറെ ആശ്വാസമായിരുന്നു. സ്റ്റേഷൻ മാസ്റ്ററെയും പൂർണസമയം നിയോഗിച്ചിരുന്നു.
കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് ദീർഘദൂര ബസ് റിസർവേഷൻ ഉള്ള യാത്രക്കാരെ ഫീഡർ സ്റ്റേഷനിൽ എത്തിക്കുന്നതിനും തിരിച്ചും സൗജന്യ ബസ് സർവിസുകളും ഇതിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നു. യാത്രക്കാരെ ആകർഷിക്കുന്നതിന് ലക്ഷ്യമിട്ട് തുടങ്ങിയ ഈ സജ്ജീകരണങ്ങൾ നിരവധി യാത്രക്കാർക്ക് പ്രയോജനപ്പെട്ടിരുന്നു. വനിതകൾ ഉൾപ്പെടെ സുരക്ഷിത കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സ്റ്റേഷനാണ് പൂട്ടുവീഴുന്നത്.
ഇതോടെ യാത്രികർ പെരുവഴിയിലാകുന്ന സ്ഥിതിയാണ്. നിർമാണം നടക്കുന്ന ദേശീയപാതയിൽ വെളിച്ചംപോലുമില്ലാത്ത സ്ഥലത്ത് ബസ് കാത്തുനിൽക്കാനും ബസിറങ്ങാനും നിർബന്ധിതരാകുന്ന യാത്രികർക്ക് സാമൂഹിക വിരുദ്ധരെയും പേടിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.