കൊല്ലം: ചൂളത്തിന്റെ ഈണത്തിൽ ഉജ്ജ്വലനേട്ടത്തിലേക്ക് കുതിച്ചുകയറിയ സന്തോഷത്തിലാണ് എസ്. ശ്രുതി സാന്ദ്ര. വിസ്ലിങ് അഥമാ ചൂളമടിക്കൽ പ്രഫഷനാക്കി മാറ്റിയ കുട്ടിത്താരം സംസ്ഥാന ഉജ്ജ്വലബാല്യ പുരസ്കാരം സ്വന്തമാക്കി തന്റെ പ്രഫഷനും കൈയടി നേടിക്കൊടുക്കുകയാണ്.
വേള്‍ഡ് ഓഫ് വിസിലേഴ്സ് വിജയമാണ് ശ്രുതി സാന്ദ്രക്ക് പുരസ്കാരത്തിലേക്ക് വഴിതുറന്നത്. പരവൂര്‍ കൂനയില്‍ കിഴക്കിടംമുക്ക് സ്നേഹതീര്ഥത്തില് സജിത് സാന്ദ്രയുടെയും സുമയുടെയും ഇളയ മകളാണ്. കീബോര്‍ഡ് ആര്‍ട്ടിസ്റ്റും സംഗീതസംവിധായകനുമായ പിതാവിന്റെ വഴിയിൽ സംഗീതത്തോട് ചേർന്നുനിൽക്കുന്ന ഏഴാം ക്ലാസുകാരി പക്ഷേ, അൽപം വ്യത്യസ്തത പിടിച്ചാണ് ചൂളമടി സംഗീതത്തിൽ ശ്രദ്ധേയയായത്.
കുട്ടിയായിരിക്കുമ്പോഴേ ചൂളമടിക്കൽ ശ്രുതിക്ക് ഏറെ പ്രിയപ്പെട്ട ഹോബിയായിരുന്നു. ചൂളമടിച്ച് മനോഹരമായി പാടുന്ന കഴിവ് കോവിഡ് കാലത്താണ് തേച്ചുമിനുക്കിയത്. വിരസമാറ്റിയിരുന്ന ഹോബി പ്രഫഷനായി ഏറ്റെടുത്ത് പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രഫഷനൽ പരിശീലനത്തിന്റെ ഫലമാണ് ഇന്ന് ഉജ്ജ്വലബാല്യ പുരസ്കാരം വരെ എത്തിനിൽക്കുന്നതെന്ന് സന്തോഷം പങ്കിട്ട് ശ്രുതി സാന്ദ്ര പറയുന്നു.
കൊച്ചിയില്‍ വേള്‍ഡ് ഓഫ് വിസിലേഴ്സ് സംഘടന നടത്തിയ വിസില്‍ മാരത്തണ്‍ 2024 പോരാട്ടത്തിലാണ് വേൾഡ് ഓഫ് വിസിലേഴ്സ് ഒന്നാം സ്ഥാനം ഈ മിടുക്കി സ്വന്തമാക്കിയത്. എല്ലാ പ്രായക്കാരും പങ്കെടുത്ത പോരാട്ടത്തിൽ മൂന്ന് മിനിറ്റ് സിനിമ ഗാനവരികൾ ചൂളമടിയിലൂടെ അവതരിപ്പിച്ചാണ് ഒന്നാമതെത്തിയത്.
ആ കഴിവിന് അംഗീകാരമായി ഒടുവിൽ ഉജ്ജ്വലബാല്യ പുരസ്കാരവും ലഭിക്കുമ്പോൾ തന്നെപ്പോലെ നിരവധി കുട്ടികൾക്ക് പ്രചോദനമാകുമെന്ന അഭിമാനത്തിലാണ് പരവൂര്‍ എസ്.എന്‍.വി ഗേള്‍സ് ഹൈസ്കൂൾ വിദ്യാർഥിനിയായ ശ്രുതി സാന്ദ്ര. സഹോദരി സ്നേഹ സാന്ദ്ര പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.
കൊല്ലം: വരയോടും വർണത്തിനോടും കുട്ടിക്കാലം മുതൽ ഇഷ്ടംകൂടിയ കുട്ടിക്കലാകാരിക്ക് ഈ വർഷത്തെ സംസ്ഥാന ഉജ്ജ്വലബാല്യം പുരസ്കാരം. ചിത്രരചനയിൽ മികവുറ്റ നേട്ടവുമായി കുതിക്കുന്ന അയത്തിൽ ജി.വി. നഗർ സുനിൽ മന്ദിരത്തിൽ സുഭാഷ്-ശ്രീജ ദമ്പതികളുടെ ഏകമകൾ അനന്യ എസ്. സുഭാഷിന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവലാണ് ഈ നേട്ടം.
നൂറുകണക്കിന് പുരസ്കാരങ്ങൾ സ്വന്തമെങ്കിലും ഇതേറെ സ്പെഷൽ ആണെന്ന് പറയുകയാണ് അനന്യ. ‘ഒരുപാട് സന്തോഷമുണ്ട്. ഏറെ ആഗ്രഹിച്ചാണ് അപേക്ഷിച്ചതെങ്കിലും പ്രതീക്ഷിച്ചിരുന്നില്ല. പുരസ്കാരവിവരം അറിഞ്ഞപ്പോൾ സന്തോഷത്തിന് വാക്കുകളില്ല’- വീട്ടുകാർക്കൊപ്പം ആഹ്ലാദം പങ്കിടുന്നതിനിടയിൽ അനന്യ പറഞ്ഞു.
എൽ.കെ.ജി കാലത്ത് ചിത്രരചനയോട് കൂട്ടുകൂടിയതാണ് അനന്യ. ഇതിനകം വരച്ചുകൂട്ടിയതാകട്ടെ അയ്യായിരത്തിലധികം ചിത്രങ്ങൾ.
മത്സരക്കളത്തിൽ മൂന്നാം ക്ലാസ് മുതൽ ചിത്രങ്ങൾ വരക്കുന്ന മിടുക്കി 650ഓളം സമ്മാനങ്ങളാണ് ഇതുവരെ സ്വന്തമാക്കിയത്. ചിത്രരചനമത്സരങ്ങളിൽ ദേശീയതലം വരെ പങ്കെടുത്ത മികവുറ്റ ചിത്രകാരി കൊല്ലം വിമലഹൃദയ എച്ച്.എസ്.എസ് പത്താക്ലാസ് വിദ്യാർഥിനിയാണ്.
കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ചിത്രരചനവേദിയിൽ എ ഗ്രേഡ് നേട്ടത്തിനുടമായാണ്. ഇത്തവണ സംസ്ഥാനപോരാട്ടത്തിനുള്ള ഒരുക്കത്തിനിടയിലാണ് ഉജ്ജ്വലബാല്യ പുരസ്കാരനേട്ടം. ഓയിൽ പെയിന്റിങ്, വാട്ടർകളർ, പെൻസിൽ ഡ്രോയിങ് എന്നിവയിൽ ജില്ലയിൽ ഒന്നാംസ്ഥാനവുമായാണ് സംസ്ഥാനത്തേക്ക് ഇത്തവണ പോകുന്നത്.
ഈവർഷത്തെ സംസ്ഥാന സിലബസ് സ്കൂൾ പുസ്തകങ്ങളിൽ ഒന്നാം ക്ലാസ് മലയാളത്തിലും മൂന്നാം ക്ലാസ് ശാസ്ത്രത്തിലും ചിത്രങ്ങൾ വരച്ചും കൈയടി നേടിയിരുന്നു. അടുത്ത വർഷം നാലാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിന് ചിത്രമൊരുക്കാനുള്ള അവസരവും തേടിയെത്തിയിട്ടുണ്ട്. പിന്നാലെ, കോവിഡ് കാലത്ത് തന്റെ കഴിവിനെ തേച്ചുമിനുക്കാൻ പ്രത്യേക പഠനവും പരിശീലനവും നടത്തിയിരുന്നു.
ഓയിൽ പെയിന്റിങ്, വാട്ടർകളർ, പെൻസിൽ ഡ്രോയിങ്, അക്രിലിക്, പോട്രെയിറ്റ്, ഡിജിറ്റൽ പെയിന്റിങ് എന്നിവയെല്ലാം അനന്യക്ക് ഏറെ പ്രിയമാണ്. പോട്രെയിറ്റുകളോട് ഇഷ്ടം കൂടുതലുണ്ടെന്ന് മാത്രം. നിമിഷങ്ങൾക്കുള്ളിൽ ആളുകളുടെ മുഖം ഒപ്പിയെടുക്കുന്ന ലൈവ് പോട്രെയിറ്റ് ചെയ്യുന്നത് ഏറെ ഇഷ്ടമാണ്. ഭാവിയിൽ സിവിൽ സർവിസ് നേടാൻ ആഗ്രഹിക്കുന്ന അനന്യ ചിത്രരചനയെയും ഒപ്പം ചേർത്തുനിർത്താനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.