കൊല്ലം: പാമ്പുപിടിത്തക്കാരനായ കല്ലുവാതുക്കൽ സ്വദേശി ചാവരുകാവ് സുരേഷിലൂടെയാണ് ഉത്രയെ സൂരജ് കൊലപ്പെടുത്തിയത് തന്നെയെന്ന് അന്വേഷണസംഘം ഉറപ്പിച്ചത്. സൂരജിനെ കസ്റ്റഡിയിലെടുത്തശേഷം ഫോൺ പരിശോധിച്ചപ്പോൾ ചാവരുകാവ് സുരേഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന് വ്യക്തമായി. സുരേഷിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതോടെ സൂരജുമായുള്ള മാസങ്ങൾ നീണ്ട ബന്ധം തുറന്നുപറഞ്ഞു.
എലിയെ പിടിക്കാനും ബോധവത്കരണ ക്ലാസ് നടത്താനെന്നും പറഞ്ഞ് പണം നൽകി അണലിയെ വാങ്ങി. പിന്നീട് കൈയിൽനിന്ന് നഷ്ടപ്പെട്ടുപോയ അണലിയെ പിടിക്കാനെന്ന് പറഞ്ഞാണ് മൂർഖനെ വാങ്ങിയത്. ഉത്രയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന വാർത്ത ശ്രദ്ധയിൽപെട്ടപ്പോൾ സൂരജിനെ വിളിച്ചു. പാമ്പിനെ വാങ്ങിയ കാര്യം ആരോടും പറയരുതെന്നും എല്ലാവരും സർപ്പശാപമായി കരുതിക്കോളുമെന്നും പറഞ്ഞാൽ താനും കുടുങ്ങുമെന്നും പറഞ്ഞ് സുരേഷിനെ സൂരജ് ഭീഷണിപ്പെടുത്തി. സുരേഷിെൻറ വെളിപ്പെടുത്തൽ കേസിൽ നിർണായകമായതിനാൽ സുരേഷിനെ മാപ്പുസാക്ഷിയാക്കി.
വിധിയറിയാൻ ജിജ്ഞാസയോെട ജനം കോടതി വാരാന്തയിൽ
കൊല്ലം: പെരുമഴയെപ്പോലും അവഗണിച്ച് നൂറുകണക്കിനുപേർ ഉത്ര വധക്കേസ് വിധി പ്രഖ്യാപനം അറിയാൻ കോടതി വരാന്തയിലെത്തി. രാവിലെമുതൽ കോടതി പരിസരവും വരാന്തയും ജനങ്ങളാൽ നിറഞ്ഞു. ഉച്ചക്ക് 12 ഓടെയാണ് പ്രതി സൂരജിനെ പൊലീസ് കോടതിയിലെത്തിച്ചത്. ദ്രുതകർമസേനയുടെയും പൊലീസിെൻറയും ശക്തമായ സുരക്ഷ വലയത്തിലാണ് പ്രതിയെത്തിയത്. ഉച്ചക്ക് ഒന്നോടെയാണ് കോടതി വിധി പറഞ്ഞത്. വിധി പറഞ്ഞശേഷം സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആദ്യം കോടതിമുറിയിൽനിന്ന് പുറത്തിറങ്ങി. പിന്നാലെ ഉത്രയുടെ പിതാവും സഹോദരനും. പിന്നീടാണ് സൂരജിനെ പുറത്തേക്ക് കൊണ്ടുവന്നത്. തിരികെ കൊണ്ടുപോകുമ്പോഴും ജനക്കൂട്ടം ചിത്രങ്ങൾ മൊബൈലിൽ പകർത്താൻ തിരക്കുകൂട്ടി.
പ്രതിക്ക് വധശിക്ഷ കിട്ടണമെന്ന് വാവ സുരേഷ്
കൊല്ലം: ഉത്ര വധക്കേസ് വിധി കേൾക്കാൻ പാമ്പ് പിടുത്ത വിദഗ്ധൻ വാവ സുരേഷും കോടതിയിലെത്തി. ഇതുവരെയുള്ള നടപടികളിൽ സന്തോഷമുണ്ടെന്നും കേസിൽ സാക്ഷിയായ സുരേഷ് പറഞ്ഞു. ഉത്ര പാമ്പുകടിയേറ്റ് മരിച്ച സംഭവം അവരുടെ ബന്ധു ശ്രദ്ധയിൽപെടുത്തിയപ്പോൾതന്നെ വാവ സുരേഷ് സംശയം പ്രകടിപ്പിച്ചിരുന്നു. അണലി രണ്ടാം നിലയിലെത്തിയെന്നതും മൂർഖൻ ആ പ്രദേശത്ത് എത്തിയതും അസ്വാഭാവികമാണെന്ന് വാവ അന്നുതന്നെ ബന്ധുക്കളോട് പറഞ്ഞിരുന്നു.
ഉത്രയുടെ മരണത്തിന് പിന്നാലെ കുറച്ച് ദിവസം കഴിഞ്ഞ് വീട് സന്ദർശിച്ചിരുന്നു. പാമ്പ് ജനലിലൂടെ ഇഴഞ്ഞുപോയതിെൻറ അടയാളമില്ലായിരുന്നു. ഇതുവരെ രണ്ടാമെത്ത നിലയിൽനിന്ന് പാമ്പിനെ പിടികൂടേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിധികാത്ത് നിറകണ്ണുകളുമായി മാതാവ്
അഞ്ചൽ: ഉത്ര വധക്കേസിെൻറ വിധി പറയുന്ന ഇന്നലെ രാവിലെമുതൽ നിറകണ്ണുകളുമായി മാതാവ് മണിമേഖല വീട്ടിലെ ടി.വിക്ക് മുന്നിലായിരുന്നു. ഒന്നുമറിയാതെ ഉത്രയുടെ രണ്ടരവയസ്സുള്ള മകൻ ആർജവ് വീടിനുള്ളിൽ ഓടിക്കളിക്കുന്ന തിരക്കിലും. രാവിലെ എേട്ടാടെതന്നെ ഉത്രയുടെ പിതാവ് വിജയസേനനും സഹോദരൻ വിഷുവും വിധി പറയുന്നത് കേൾക്കുന്നതിന് കൊല്ലത്തെ കോടതിയിലേക്ക് പുറപ്പെട്ടിരുന്നു. കോരിച്ചൊരിയുന്ന മഴയായിരുന്നിട്ടും ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്കെത്തിയിരുന്നു. അക്ഷമയോടെ കാത്തിരുന്ന വിധി ഉച്ചയോടെ എത്തിയതിനുശേഷമാണ് എല്ലാവരും മടങ്ങിയത്.
ഒന്നുമറിയാതെ ആ കുഞ്ഞുമകൻ
കൊല്ലം: ഉത്ര മരിക്കുേമ്പാൾ ഒരു വയസ്സ് മാത്രമുണ്ടായിരുന്ന കുഞ്ഞുമകൻ, ഇന്ന് ഒാടിക്കളിക്കുന്ന രണ്ടര വയസ്സുകാരനാണ്. അച്ഛെൻറ ക്രൂരതക്കിരയായി അമ്മയെ നഷ്ടപ്പെട്ട കുരുന്ന് ഇപ്പോൾ വളരുന്നത് അമ്മവീടിെൻറ സ്നേഹച്ചൂടിലാണ്. അമ്മവീട്ടുകാരിലൂടെ അമ്മയുടെ സ്നേഹം അറിഞ്ഞാണ് അവൻ വളരുന്നത്. സ്വത്തിൽ കണ്ണുമായി കൊണ്ടുപോകാൻ ശ്രമിച്ചവരിൽ നിന്ന് നിയമവഴിയിലൂടെ അവനെ സ്വന്തമാക്കിയതാണ് ഉത്രയുടെ മാതാപിതാക്കൾ. ഉത്ര മരിക്കുേമ്പാൾ ധ്രുവ് എന്നായിരുന്നു കുഞ്ഞിെൻറ പേര്. ഉത്രയുടെ വീട്ടുകാർ ശിശുക്ഷേമസമിതിയുടെ സഹായത്തോടെയാണ് ചെറുമകനെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നത്. തുടർന്ന് ആർജവ് എന്ന പുതിയ പേരും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.