കൊല്ലം: കൊല്ലം സിറ്റി പൊലീസ് പരിധിയിൽ സൈബർ തട്ടിപ്പിലൂടെ മൂന്ന് പേരിൽ നിന്ന് മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തു. കൊട്ടിയം, കൊല്ലം വെസ്റ്റ്, അഞ്ചാലുംമൂട് എന്നിവിടങ്ങളിലാണ് ആൾക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുത്തത്.
തനിച്ച് താമസിക്കുന്ന കൊട്ടിയം സ്വദേശിയായ 62 വയസ്സുകാരിയെ മുംബൈ സൈബർ പൊലീസിൽനിന്നെന്ന പേരിൽ വാട്സ്ആപ് കാൾ ചെയ്തു. അവരുടെ പേരിൽ കിട്ടിയ പാർസലിൽ മയക്കുമരുന്നായ എം.ഡി.എം.എ ഉണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിനാൽ വെർച്വൽ അറസ്റ്റിലാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
ഇവരുടെ ബന്ധുവാണ് ഇക്കാര്യം പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും 92 ലക്ഷത്തോളം രൂപ നഷ്ടമായിരുന്നു. സമാനമായ അനുഭവമാണ് കൊല്ലം വെസ്റ്റ് സ്വദേശിയായ 72 വയസ്സുള്ള വയോധികന്റെ ഭാര്യക്കും സംഭവിച്ചത്.
വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ഇവരുടെ ഒരുകോടി അഞ്ചുലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് അഞ്ചാലുംമൂട് സ്വദേശിയിൽനിന്ന് സംഘം പണം തട്ടിയെടുത്തത്. അദ്ദേഹത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഒരുകോടിയോളം രൂപയാണ് കബളിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.