കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ​ തദ്ദേശ സ്ഥാപനങ്ങൾക്ക്​ അധികാരം

കോട്ടയം: കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ​ അനുവാദം നല്‍കാനുള്ള അധികാരം തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് നല്‍കാന്‍ തീരുമാനമായതായി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോര്‍പറേഷന്‍, മുനിസിപ്പല്‍, പഞ്ചായത്ത് സെക്രട്ടറിമാർക്കായിരിക്കും ഇതിനുള്ള ചുമതല. പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക്​ അതത് പ്രദേശത്തെ തോക്ക് ലൈസന്‍സുള്ളവരുടെ പാനല്‍ തയാറാക്കി അവരുടെ സഹായത്തോടെ കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാം. പൊലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയും ചെയ്യാം. ജഡം ശാസ്ത്രീയമായി സംസ്കരിക്കണം. ഇക്കാര്യം ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തി വനം വകുപ്പിനെ അറിയിക്കണം. കാട്ടുപന്നിയെ കുരുക്കിട്ട് പിടിക്കാം. എന്നാൽ, ഷോക്കേൽപിക്കാനോ വിഷം നൽകാനോ പാടില്ല. മറ്റു ജീവികളെ കൂടി ഇത് ബാധിക്കും എന്നതിനാലാണ്​ ഈ നിബന്ധന. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്നു നേരത്തേ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ് നൽകാൻ അധികാരമുള്ള ഉദ്യോഗസ്ഥൻ. സർക്കാർ തീരുമാനം വന്നതോടെ ഇനി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവിനായി കാത്തുനിൽക്കേണ്ട. കാട്ടുപന്നിയെ കൊന്ന് ഭക്ഷിക്കാൻ അനുവാദമില്ല. ഭക്ഷിക്കാൻ അനുമതി നൽകിയാൽ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്ന്​ മന്ത്രി ചൂണ്ടിക്കാട്ടി. മലയോര കർഷകരുടെ ഏറെക്കാലമായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്. വനത്തോടുചേർന്ന മേഖലകളിലെ കാർഷികവിളകൾ വൻതോതിൽ പന്നി നശിപ്പിച്ചിരുന്നു. അതിനുപുറശമ മനുഷ്യജീവന് ഹാനി വരുത്തുന്ന നിലയും പലയിടങ്ങളിലും ഉണ്ടായിരുന്നു. ഇതിനെതിരെ കർഷകർ വലിയ രീതിയിലുള്ള പ്രതിഷേധംതന്നെ പലയിടങ്ങളിലും സംഘടിപ്പിച്ചിരുന്നു. കേന്ദ്ര സർക്കാറിനു മുന്നിലും സംസ്ഥാന സർക്കാർ ഈ വിഷയം ഉന്നയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.