കോട്ടയം: നഗരസഭയുടെ മാലിന്യകേന്ദ്രമായ വടവാതൂർ ഡമ്പിങ് യാർഡിൽ ബയോമൈനിങ്ങിനായി പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചു. ഏത് തരം മാലിന്യമാണ് ഉള്ളതെന്നറിയാൻ പരിശോധന ചൊവ്വാഴ്ച തുടങ്ങും. നാഗ്പുർ കേന്ദ്രമായ എസ്.എം.എസ് എൻവോകെയർ ലിമിറ്റഡ് കമ്പനിയാണ് ബയോമൈനിങ് കരാർ എടുത്തിരിക്കുന്നത്.
സംസ്ഥാനത്ത് 20 നഗരസഭകളിലാണ് ഇവർ ബയോമൈനിങ് നടത്തുന്നത്. വടവാതൂർ അടക്കം ഏഴിടങ്ങളിൽ പ്രവർത്തനം ആരംഭിച്ചു. മലിനീകരണം തടയാൻ ഗ്രീൻ നെറ്റ് കെട്ടൽ, സ്പ്രിങ്ഗ്ലർ ഉപയോഗിച്ച് നനക്കൽ തുടങ്ങിയ മുന്നൊരുക്കമാണ് ആദ്യഘട്ടം.
അടുത്ത ആഴ്ചയോടെ ബയോമൈനിങ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. കമ്പനിയുടെ മെഷീനുകളുടെ ഭാഗങ്ങൾ അടക്കം മോഷണം പോയതിനാൽ ഇവ പുതിയതായി എത്തിക്കണം. 2013ൽ പൂട്ടിയ വടവാതൂർ യാർഡിൽ ഏകദേശം 1.25 ലക്ഷം ടൺ മാലിന്യം ഉണ്ടാകുമെന്നാണ് പ്രാഥമിക സർവേയിലെ കണ്ടെത്തൽ. മൂന്ന് സോണായി തിരിച്ച് മാലിന്യം പൂർണമായി നീക്കും.
മാലിന്യം തരംതിരിച്ച് മണ്ണ് മാത്രമാണ് ഇവിടെ തിരിച്ചിടുക. പ്ലാസ്റ്റിക് തമിഴ്നാട്ടിലെ ഡാൽമിയപുരത്തേക്ക് സിമന്റ് നിർമാണത്തിന് അയക്കും. മൂന്നുമാസമാണ് നിലവിലെ കാലാവധി. മഴ പെയ്താൽ മാലിന്യം ഉണക്കുന്ന പ്രക്രിയകൂടി വേണം. ചിലപ്പോൾ ആറുമാസത്തേക്ക് നീളും.
ലോകബാങ്ക് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ ലെഗസി മാലിന്യം നീക്കുന്നത്. 95.24 കോടിയാണ് ആകെ പദ്ധതിച്ചെലവ്. 16 കോടിയാണ് വടവാതൂരിനായി അനുവദിച്ചിട്ടുള്ളത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 60 ഏക്കറില്‍പരം ഭൂമി വീണ്ടെടുക്കാന്‍ സാധിക്കുകയും ആ പ്രദേശത്തെ നാഷനല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ മാനദണ്ഡപ്രകാരമുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും സാധിക്കുമെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ.
അഞ്ചുലക്ഷം രൂപയുടെ യന്ത്രഭാഗങ്ങൾ മോഷണം പോയി
കോട്ടയം: വടവാതൂരിൽ ബയോമൈനിങ്ങിനെത്തിച്ച യന്ത്രഭാഗങ്ങൾ അടക്കം മോഷണം പോയി. അഞ്ചുലക്ഷം രൂപയുടെ നഷ്ടമാണ് എസ്.എം.എസ് കമ്പനിക്കുണ്ടായിരിക്കുന്നത്. അധികൃതർ മണർകാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മോട്ടോറുകൾ, പാനൽ ബോർഡിലെ വയറുകൾ, സെൻസറുകൾ, മാലിന്യം തരംതിരിക്കുന്ന ട്രോമൽ എന്ന യന്ത്രത്തിന്റെ റോളറുകൾ എന്നിവക്കു പുറമെ കാബിന്റെ പൂട്ട് തകർത്ത് അകത്തുണ്ടായിരുന്ന വെയിങ് മെഷീന്റെ മൂന്ന് പെട്ടി സെൻസറുകളും മോഷ്ടിച്ചു. പകൽ പണിക്കാർ ഉള്ളതിനാൽ രാത്രി ആളില്ലാത്ത സമയം നോക്കിയാണ് മോഷണം നടത്തിയിട്ടുള്ളത്. വൈദ്യുതി കണക്ഷൻ കിട്ടാത്തതിനാൽ രാത്രി വെളിച്ചമില്ല. ഇതിന് അപേക്ഷിച്ചിട്ടുണ്ട്. വൈദ്യുതി കിട്ടിയാലുടൻ സി.സി ടി.വി കാമറകളും സ്ഥാപിക്കും. ഈയാഴ്ച ബയോമൈനിങ് ആരംഭിക്കേണ്ടതായിരുന്നു. മോഷണം പോയതിനു പകരം പുതിയവ എത്തിച്ചാലേ ഇനി മാലിന്യം തരം തിരിക്കൽ തുടങ്ങാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.