കോട്ടയം: പൊട്ടിത്തെറികളില്ലാതെ ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കി സി.പി.എം ജില്ല സമ്മേളന ഒരുക്കങ്ങളിലേക്ക്. ജില്ലയിലെ 12 ഏരിയ സമ്മേളനങ്ങളും പൂർത്തിയായി. ജനുവരി 13 മുതൽ 15 വരെ കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് സമ്മേളനം. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. നേതാക്കളായ എ. വിജയരാഘവൻ, തോമസ് ഐസക്, വൈക്കം വിശ്വൻ, പി. രാജീവ്, കെ. രാധാകൃഷ്ൻ, എം.എം. മണി, കെ.ജെ. തോമസ്, എം.സി. ജോസഫൈൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തോട് അനുബന്ധിച്ച് മാധ്യമ സെമിനാർ, സാംസ്കാരിക സമ്മേളനം, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. നിലവിലെ ജില്ല സെക്രട്ടറി എ.വി. റസൽ തുടരാനാണ് സധ്യത. ജില്ല സെക്രട്ടറിയായിരുന്ന വി.എൻ. വാസവൻ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് റസൽ പകരം സെക്രട്ടറിയായി എത്തുന്നത്. എന്നാൽ, ജില്ല കമ്മിറ്റിയിലേക്ക് കൂടുതൽ പുതുമുഖങ്ങൾ എത്തുമെന്നാണ് വിവരം. എരിയ സമ്മേളനങ്ങളിൽ െപാലീസിനെതിരെ വ്യാപകമായി വിമർശനങ്ങളുയർന്നിരുന്നു. കേരള കോൺഗ്രസുമായുള്ള ബന്ധവും സമ്മേളനങ്ങളിൽ ചർച്ചയായി. ഭൂരിഭാഗവും പുതിയ കൂട്ടുകെട്ടിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. ഏറ്റുമാനൂർ, കടുത്തുരുത്തി എന്നിവിടങ്ങളിൽ ഒഴിച്ച് മറ്റ് ഏരിയ സെക്രട്ടറിമാർക്ക് മാറ്റമില്ല. ഏറ്റുമാനൂരിലും കടുത്തുരുത്തിയിലും പുതിയ സെക്രട്ടറിമാരെത്തി. ഏറ്റുമാനൂരിൽ രണ്ടു ജില്ല കമ്മിറ്റി അംഗങ്ങളെ വെട്ടിനിരത്തിയാണ് ബാബു ജോർജിനെ സെക്രട്ടറിയാക്കിയത്. കടുത്തുരുത്തിയിൽ നിലവിലെ സെക്രട്ടറി കെ.ജി. രമേശനെ ജില്ല നേതൃത്വം ഇടപെട്ടു മാറ്റുകയായിരുന്നു. കെ. ജയകൃഷ്ണനാണ് ഇവിടെ സെക്രട്ടറി. പാലായിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാൻ ചിലർ ശ്രമിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് തടഞ്ഞു. പാലാ-പി.എം. ജോസഫ്, കോട്ടയം-ബി. ശശികുമാർ, കാഞ്ഞിരപ്പള്ളി-കെ. രാജേഷ്, അയർക്കുന്നം-പി.എം. ബിനു, വൈക്കം-കെ. അരുണൻ, തലയോലപ്പറമ്പ്-കെ. ശെൽവരാജ്, ചങ്ങനാശ്ശേരി-കെ.സി. ജോസഫ്, വാഴൂർ-വി.ജി. ലാൽ, പുതുപ്പള്ളി-സുഭാഷ് വർഗീസ്, പൂഞ്ഞാർ-കുര്യാക്കോസ് ജോസഫ് എന്നിവരാണ് മറ്റ് സെക്രട്ടറിമാർ. ഗുരുചിത്തിനെ സന്ദർശിച്ച് കാതോലിക്ക ബാവ കോട്ടയം: സ്പൈനൽ മസ്കുലർ അട്രോഫിയെന്ന(എസ്.എം.എ) അപൂർവ ജനിതക രോഗം ബാധിച്ച ഗുരുചിത്തിന് ആശ്വാസമേകി കാതോലിക്ക ബാവ. തിരുവാതുക്കലിലെ വീട്ടിലെത്തി ഗുരുചിത്തിനെ കണ്ട ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ ചികിത്സ സഹായവും കൈമാറി. കോട്ടയം തിരുവാതുക്കൽ ചെമ്പകയിൽ പി.അജികേഷിൻെറയും ധന്യയുടെയും മകനായ ഗുരുചിത്ത് ജന്മന എസ്.എം.എ രോഗ ബാധിതനാണ്. 67 ലക്ഷം രൂപയാണ് ഗുരുചിത്തിൻെറ ചികിത്സക്കായി ആവശ്യം. വീട്ടുകാർക്ക് ഈ തുക താങ്ങാവുന്നതിലും അധികമായതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ സഹായത്തിനായി ഗുരുചിത്ത് സ്പൈനൽ മസ്കുലർ അട്രോഫി ട്രീറ്റ്മൻെറ് ട്രസ്റ്റ് എന്ന പേരിൽ ട്രസ്റ്റ് രൂപവത്കരിച്ചിരുന്നു. ആക്സിസ് ബാങ്കിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. കഴിഞ്ഞദിവസം ട്രസ്റ്റ് അംഗം കൂടിയായ കോട്ടയം നഗരസഭ അംഗം അഡ്വ. ടോം കോര അഞ്ചേരി വിഷയം ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ ശ്രദ്ധയിൽ എത്തിച്ചത്. ബുധനാഴ്ച രാവിലെ 11.45 ഓടെ ഗുരുചിത്തിൻെറ വീട്ടിലെത്തിയ ബാവ സഭയുടെ വകയായി ചികിത്സ സഹായതുകയും കൈമാറി. സഭാ പി.ആർ.ഒ ഫാ.മോഹൻ ജോസഫ് , ഫാ.ജോൺ ഡേവിഡ്, ഡോ. നിധീഷ് മൗലാനോ , മനോജ് പി.മാത്യു എന്നിവരും ബാവക്കൊപ്പമുണ്ടായിരുന്നു. --പടം-- KTL BAVA
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.