വേണ്ടത്ര ചർച്ചയുണ്ടായില്ലെന്ന അഭിപ്രായം ശരിയല്ലെന്ന് സി.പി.എം തൊടുപുഴ: കെ.എസ്.ഇ.ബി ഭൂമി ഹൈഡൽ ടൂറിസത്തിന് സൊസൈറ്റികൾക്ക് വിട്ടുനൽകിയത് സംബന്ധിച്ച വിവാദത്തിൽ ഇടുക്കിയിലെ സി.പി.എം, സി.പി.ഐ നേതൃത്വങ്ങൾ രണ്ടുതട്ടിൽ. ഭൂമി നൽകുന്നത് സംബന്ധിച്ച് വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ പ്രതികരിച്ചപ്പോൾ തീരുമാനം എൽ.ഡി.എഫ് സർക്കാറിന്‍റേതാണെന്നായിരുന്നു സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസിന്‍റെ മറുപടി. പൊന്മുടിയിൽ മുൻ മന്ത്രി എം.എം. മണിയുടെ മരുമകൻ പ്രസിഡന്‍റായ രാജാക്കാട് സർവിസ് സഹകരണ ബാങ്കിന് കെ.എസ്.ഇ.ബി പാട്ടത്തിന് നൽകിയ ഭൂമിയിൽ പരിശോധനക്കെത്തിയ റവന്യൂ സംഘത്തെ ബാങ്ക് ഭരണസമിതി അംഗങ്ങൾ തടഞ്ഞതോടെ വിവാദം വഴിത്തിരിവിലെത്തി. ഹൈഡൽ ടൂറിസം പദ്ധതികൾക്ക് ഭൂമി കൈമാറിയതിന് പിന്നിൽ അഴിമതി ഉണ്ടെന്ന ആരോപണം ശക്തമായതോടെ വൈദ്യുതി, റവന്യൂ വകുപ്പുകൾ തമ്മിലെ പോരും മുറുകുകയാണ്. ഇത് ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സി.പി.എമ്മും സി.പി.ഐയും തമ്മിലെ രാഷ്ട്രീയപ്പോരിനും വഴിതെളിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി കൈവശം വെച്ചിരിക്കുന്നതിൽ തങ്ങളുടെ ഭൂമിയുമുണ്ടെന്നാണ് റവന്യൂ വകുപ്പിന്‍റെ അവകാശവാദം. വിവാദത്തിൽ ഇതുവരെ മൗനം പാലിച്ച സി.പി.ഐ ജില്ല നേതൃത്വം ആദ്യമായാണ് പരസ്യ പ്രതികരണം നടത്തുന്നത്. മുഴുവൻ കാര്യങ്ങളും തെറ്റാണെന്ന് പറയുന്നില്ലെങ്കിലും പൊന്മുടിയിൽ അടക്കം ഹൈഡൽ ടൂറിസം പദ്ധതി നടപ്പാക്കിയപ്പോൾ മതിയായ കൂടിയാലോചന ഉണ്ടായില്ലെന്ന് ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ ചൂണ്ടിക്കാട്ടി. കൂടുതൽ ചർച്ച ചെയ്ത് നിയമപരമായ നടപടികൾ പൂർത്തിയാക്കണമായിരുന്നു. കെ.എസ്.ഇ.ബിയുടെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ള ഭൂമി റവന്യൂ വകുപ്പിന് വിട്ടുകൊടുക്കണം. ഇത്തരം കാര്യങ്ങൾ സർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, വേണ്ടത്ര ചർച്ചയുണ്ടായില്ലെന്ന അഭിപ്രായം ശരിയല്ലെന്നായിരുന്നു സി.വി. വർഗീസിന്‍റെ പ്രതികരണം. പൊന്മുടിയിൽ കെ.എസ്.ഇ.ബി പാട്ടത്തിന് നൽകിയ ഭൂമിയിൽ മുൻകൂട്ടി അറിയിക്കാതെ റവന്യൂ വകുപ്പ് പരിശോധന നടത്തിയത് ശരിയായില്ല. ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ കെ.എസ്.ഇ.ബിയെ അക്കാര്യം ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. സംയുക്ത പരിശോധന നടത്തി വസ്തുത കണ്ടെത്തണം. ഒഴിപ്പിച്ചാൽ നിയമനടപടിയെന്ന് ബാങ്ക് തൊടുപുഴ: രാജാക്കാട് സർവിസ് സഹകരണ ബാങ്കിന് ഭൂമി നൽകിയത് കെ.എസ്.ഇ.ബിയാണെന്നും ഒഴിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ബാങ്ക് പ്രസിഡന്‍റ് വി.എ. കുഞ്ഞുമോൻ. പൊന്മുടിയിൽ റവന്യൂ ഭൂമിയുണ്ടെങ്കിൽ കെ.എസ്.ഇ.ബിയെ ബോധ്യപ്പെടുത്തി നടപടി സ്വീകരിക്കണം. തങ്ങൾക്ക് ഭൂമി നൽകിയത് കെ.എസ്.ഇ.ബിയാണ്. ഒഴിപ്പിച്ചാൽ നഷ്ടം നൽകേണ്ടിവരുമെന്നും കുഞ്ഞുമോൻ പറഞ്ഞു. എം.എം. മണിയുടെ പേര് വിവാദത്തിലേക്ക് വലിച്ചിഴച്ച് മരുമകന് ഭൂമി നൽകിയെന്ന രീതിയിൽ പ്രചാരണം നടത്തുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും കുഞ്ഞുമോൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.