കരാറുകാരനിൽനിന്ന്​ കൈക്കൂലി: ഇറിഗേഷൻ എൻജിനീയർ വിജിലൻസ്​ പിടിയിൽ

കോട്ടയം: കരാറുകാരനിൽനിന്ന്​ കൈക്കൂലി വാങ്ങുന്നതിനിടെ മൈനർ ഇറിഗേഷൻ വിഭാഗം സബ് ഡിവിഷൻ അസിസ്റ്റന്‍റ്​ എക്‌സിക്യൂട്ടിവ് എൻജിനീയർ വിജിലൻസ്​ പിടിയിൽ. ചങ്ങനാശ്ശേരി പെരുന്ന കുറുപ്പൻപറമ്പിൽ ബിനു ജോസാണ് (56) അറസ്റ്റിലായത്. വിരമിക്കാൻ ഏഴുമാസം ശേഷിക്കെയാണ്​ ഇയാൾ കുടുങ്ങിയത്​. രണ്ടര ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തിരികെ നൽകാനായി കരാറുകാരനിൽനിന്ന് 10,000 രൂപയാണ്​ വാങ്ങിയത്​. 2016-17 സാമ്പത്തികവർഷം ജില്ലയിൽ നടന്ന അഞ്ച് ഇറിഗേഷൻ ജോലി ഏറ്റെടുത്ത കരാറുകാരന്‍റെ പരാതിയിലാണ്​ അറസ്റ്റ്​. കരാറിന്‍റെ ഭാഗമായി സെക്യൂരിറ്റി തുകയായി രണ്ടര ലക്ഷം രൂപ കെട്ടിവെച്ചിരുന്നു. കരാർ പ്രകാരം ഒരു വർഷത്തിനുശേഷം പണം തിരികെ നൽകണമെങ്കിലും തടഞ്ഞുവെച്ചു. തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് കരാറുകാരൻ നിരവധിപ്രാവശ്യം ഓഫിസ് കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ, ബിനു കൈക്കൂലി ആവശ്യവും ഉന്നയി​ച്ചെന്ന്​ വിജിലൻസ്​ പറഞ്ഞു. 10,000 രൂപ നൽകിയാൽ പണം അനുവദിക്കാമെന്ന് പിന്നീട്​ ബിനു അറിയിച്ചു. ഇത്​ കരാറുകാരൻ സമ്മതിച്ചതോടെ ആദ്യഘട്ടമായി രണ്ടുലക്ഷം രൂപയുടെ ചെക്ക് അനുവദിച്ചു. ചെക്ക് മാറി 10,000 രൂപയുമായി വരുമ്പോൾ ബാക്കി തുക അനുവദിക്കാമെന്നായിരുന്നു ധാരണ. കരാറുകാരൻ ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന്​ വിജിലൻസ്​ നൽകിയ നോട്ടുകളുമായി കരാറുകാരൻ ഓഫിസിലെത്തി തുക കൈമാറി. ഇതിനിടെ, സമീപത്ത്​ നിലയുറപ്പിച്ചിരുന്ന വിജിലൻസ്​ സംഘം ബിനുവിനെ കസ്റ്റഡിയിലെടുത്തു. ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകളും പിടിച്ചെടുത്തു. കോട്ടയം വിജിലൻസ് യൂനിറ്റ് ഡിവൈ.എസ്.പി കെ. വിദ്യാധരൻ, ഇൻസ്‌പെക്ടർമാരായ റെജി എം. കുന്നിപ്പറമ്പൻ, സജുദാസ്, ജി. അനുപ, യതീന്ദ്രകുമാർ, ജയകുമാർ, സബ് ഇൻസ്‌പെക്ടർമാരായ തോമസ് ജോസഫ്, കെ.ജി. ബിജു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ സാൻലി തോമസ്, ബിനു, പ്രസാദ്, സാബു, ഉദ്യോഗസ്ഥരായ ടി.പി. രാജേഷ്, വി.എസ്​. മനോജ് കുമാർ, അനൂപ്, സൂരജ്, വനിത വിജിലൻസ് ഉദ്യോഗസ്ഥരായ രഞ്ജിനി എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ബിനുവിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. ഡിസംബറിൽ വിരമിക്കുന്ന ബിനുവിനെതിരെ മുമ്പും കൈക്കൂലി പരാതി ഉയർന്നിട്ടുണ്ടെന്ന്​ വിജിലൻസ്​ അറിയിച്ചു. 2014, 2017 വർഷങ്ങളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കില്ലാത്ത പണം ഇയാളിൽനിന്ന് പിടിച്ചെടുത്തിരുന്നു. ഈ കേസുകളിൽ അന്വേഷണം നടക്കുന്നതിനിടെയാണ്​ അറസ്റ്റ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.