നി‍ർധനരായ കുട്ടികളുടെ കരൾചികിത്സക്ക്​ കൈത്താങ്ങുമായി ആസ്റ്റർ

കോട്ടയം: കരൾ രോഗബാധിതരായ നി‍ർധന കുടുംബങ്ങളിലെ കുട്ടികൾക്ക് ചികിത്സ സഹായവുമായി ആസ്റ്റ‍ർ മെഡ്​സിറ്റി. ഇതിന്‍റെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട്​ അനുഭവിക്കുന്ന കുട്ടികളുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും തുട‍ർപരിചരണവും സൗജന്യമായും സബ്സിഡി നിരക്കിലും ചെയ്തുനൽകുമെന്ന്​ ആസ്റ്റ‍ർ ഹോസ്പിറ്റൽസ് കേരള ക്ലസ്റ്റ‍ർ ആൻഡ്​​ ഒമാൻ റീജനൽ ‍ഡയറക്ടർ ഫ‍ർഹാൻ യാസിൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൊച്ചി ആസ്റ്റർ മെഡ്​സിറ്റി, ആസ്റ്റർ മിംസ് കോഴിക്കോട് ആശുപത്രികളിലായിരിക്കും ശസ്ത്രക്രിയ നടത്തുക. ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷൻ, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രാൻസ്‌പ്ലാന്‍റേഷൻ രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്ന ആസ്റ്റർ മെഡ്സിറ്റിയുടെ ഉദ്യമമായ 'പീപിൾ ഹെൽപിങ്​ പീപിൾ' എന്നിവയോടൊപ്പം ബോളിവുഡ് നടനും ജീവകാരുണ്യ പ്രവർത്തകനുമായ സോനു സൂദും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്​. കൂടാതെ ക്രൗഡ് ഫണ്ടിങ്​ ലഭിക്കുന്നതിനാവശ്യമായ സഹായങ്ങളും പ്രത്യേക ഇളവുകളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അനുയോജ്യരായ അവയവദാതാക്കളുടെ ലഭ്യതക്കുറവാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വൈകുന്നതിലെ പ്രധാന കാരണം. ഭീമമായ ചികിത്സചെലവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാരെ വിഷമത്തിലാക്കുന്നു. ഇത്​ കണക്കിലെടുത്താണ് ദാതാക്കളെ കണ്ടെത്തുന്നതുമുതൽ ശസ്ത്രക്രിയക്ക് ശേഷമുള്ള പരിചരണം വരെയുള്ള ഘട്ടങ്ങളിൽ പിന്തുണക്കാൻ ലിവർ കെയർ പദ്ധതിക്ക് ആസ്റ്റ‍ർ വളന്‍റിയർമാർ രൂപംനൽകിയത്. കുട്ടികളുടെ കരൾ മാറ്റൽ ശസ്ത്രക്രിയക്ക് സഹായം ആവശ്യമുള്ള കുടുംബങ്ങൾക്ക് 8113078000, 9656000601 വാട്സ്ആപ് നമ്പറുകളിൽ ബന്ധപ്പെടാം. അപേക്ഷകരിൽനിന്ന് ഏറ്റവും അർഹരായവർക്ക് ആസ്റ്റർ വളന്‍റിയേഴ്സ് ചികിത്സസഹായം ഉറപ്പാക്കും. അത്യാധുനിക ചികിത്സ സൗകര്യം ഉറപ്പാക്കുന്നതോടൊപ്പം മതിയായ ചികിത്സ ലഭിക്കാതെ ആരും ദുരിതമനുഭവിക്കരുതെന്ന ആസ്റ്ററിന്‍റെ സ്ഥാപിത ലക്ഷ്യത്തെ ഉയ‍ർത്തിപ്പിടിക്കുന്നതാണ് ലിവ‍ർ കെയർ പദ്ധതിയെന്ന് ഇന്‍റഗ്രേറ്റഡ് ലിവ‍ർ കെയർ, ഹെപ്പറ്റോ ബിലിയറി സ‍ർജറി വിഭാഗം സീനിയർ കൺസൾട്ടന്‍റ്​ ഡോ. മാത്യു ജേക്കബ് പറഞ്ഞു. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരൾ മാറ്റിവെക്കൽ വിഭാഗമാണ്​ ആസ്റ്ററിലേത്​​. ഇവിടെ അഞ്ഞൂറിലധികം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ പൂ‍ർത്തിയായതായും ഇവർ പറഞ്ഞു. ആസ്റ്റർ മെഡ്​സിറ്റിയിൽ കരൾമാറ്റ ശസ്ത്രക്രിയക്ക്​ വിധേയരായ കോട്ടയം സ്വദേശികളായ സാജൻ മാത്യു, ബെലേഷ്യ എന്നിവരും വാർത്തസമ്മേളനത്തിൽ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.