കോട്ടയം: എസ്.എം.എ (സ്പൈനൽ മസ്കുലാർ അട്രോഫി) രോഗബാധിതനായ കുരുന്നിന് ഇല്ലാത്ത കാഴ്ച വൈകല്യത്തിന്റെ പേരിൽ നഗരസഭ ഇലക്ട്രിക് വീൽച്ചെയർ നിഷേധിച്ചു. തിരുവാതുക്കൽ സ്വദേശിയായ 11 കാരനാണ് ഇലക്ട്രിക് വീൽച്ചെയർ നിഷേധിക്കപ്പെട്ടത്. ഇലക്ട്രിക് വീൽച്ചെയർ നൽകാനുള്ള പ്രൊജക്ടിന് 36 പേരുടെ പട്ടികയാണ് നഗരസഭ പരിധിയിൽ നിന്ന് ലഭിച്ചത്. 26 പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. 13 പേരെയാണ് അർഹതപ്പെട്ടവരായി എല്ല്-നേത്രരോഗ ഡോക്ടർമാർ തെരഞ്ഞെടുത്തത്.
കാഴ്ച വൈകല്യം ഉള്ളവർക്ക് ഇലക്ട്രിക് വീൽച്ചെയർ ഉപയോഗിക്കാൻ അനുമതിയില്ല. ക്യാമ്പിൽ പങ്കെടുത്ത എസ്.എം.ഇ രോഗിയായ 11കാരന് കാഴ്ച വൈകല്യമുള്ളതിനാൽ സാദാ വീൽചെയറേ നൽകാനാവൂ എന്നാണ് പരിശോധിച്ച ഡോക്ടർമാർ റിപ്പോർട്ട് നൽകിയത്. എന്നാൽ ഈ കുട്ടിക്ക് കാഴ്ചക്ക് തകരാറില്ല. കൗൺസിലർ ടോം കോര അഞ്ചേരിയാണ് വിഷയം മുനിസിപ്പൽ കൗൺസിലിൽ ഉന്നയിച്ചത്. തന്റെ വാർഡിലും അർഹതപ്പെട്ട ആൾക്ക് ഇലക്ട്രിക് വീൽച്ചെയർ നിഷേധിച്ചതായി വൈസ്ചെയർമാൻ ബി. ഗോപകുമാറും ആക്ഷേപം ഉന്നയിച്ചു.
തെറ്റായ റിപ്പോർട്ട് നൽകിയ ഡോക്ടർക്കെതിരെ നടപടി വേണമെന്നും വീണ്ടും മെഡിക്കൽ ക്യാമ്പ് നടത്തി അർഹതപ്പെട്ടവരെ ഉൾപ്പെടുത്തണമെന്നും ടോം കോര ആവശ്യപ്പെട്ടു. സ്പിൽ ഓവർ പ്രൊജക്ടിലുൾപ്പെട്ട പദ്ധതിയാണിത്. 17 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഒരു വീൽചെയറിന് 1,27,000 രൂപ വില വരും. കൂടുതൽ പേർക്ക് നൽകാൻ പണമില്ലാത്തതിനാൽ ആക്ഷേപം ഉന്നയിക്കപ്പെട്ട മൂന്നുപേരെ കൂടി പരിഗണിക്കാൻ കൗൺസിൽ തീരുമാനിച്ചു. മെഡിക്കൽ ബോർഡ് കൂടി പരിശോധിക്കാൻ ആവശ്യപ്പെടും.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ കടമുറികൾ പലരും കൈയേറിയിട്ടും അനങ്ങാതെ അധികൃതർ. നാഗമ്പടം ഗാലറിക്കുതാഴെയുള്ള കടമുറികളും നാഗമ്പടം സ്റ്റാൻഡിലെ കടമുറികളിലുമാണ് കൈയേറ്റം. നഗരസഭ വാടകക്കു നൽകിയ മുറികൾ മറ്റു പലരുമാണ് യാതൊരു രേഖകളുമില്ലാതെ കാലങ്ങളായി കൈവശം വെച്ചിരിക്കുന്നത്. ബി.ജെ.പി കൗൺസിലർ വിനു ആർ. മോഹനാണ് വിഷയം ഉന്നയിച്ചത്. നഗരസഭയുടെ ആസ്തികൾ അന്യാധീനപ്പെടുകയാണെന്നും വൻതോതിൽ വരുമാനച്ചോർച്ച സംഭവിച്ചുകൊണ്ടിക്കുകയാണെന്നും കൗൺസിലർ പറഞ്ഞു. നഗരസഭയുടെ ആസ്തി രജിസ്റ്റർ പരിശോധിക്കണം. രേഖകളിലുള്ളവർ തന്നെയാണോ കടമുറികൾ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
നഗരസഭയുടെ ആംബുലൻസ് മാസങ്ങളായി വർക്ക്ഷോപ്പിൽ. മാർച്ചിലാണ് ആംബുലൻസ് കേടായത്. നന്നാക്കാൻ എസ്റ്റിമേറ്റ് എടുത്ത ശേഷമാണ് ജി.പി.എസ് വേണമെന്നും സ്റ്റിക്കർ പതിക്കണമെന്നും ആവശ്യപ്പെട്ടത്. രണ്ടു തവണ എസ്റ്റിമേറ്റ് എടുത്തതിന്റെ നടപടിക്രമങ്ങൾ മൂലമാണ് അറ്റകുറ്റപ്പണി വൈകിയതെന്നും അടുത്ത ദിവസം തന്നെ നിരത്തിലിറക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൗൺസിലിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.