കോട്ടയം: വ്യാപകമായി റോഡ് പൊളിച്ചിട്ടതിൽ പ്രതിഷേധിച്ച്, അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട ചുമതലയുള്ള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനവുമായി കൗൺസിലർമാർ. രാഷ്ട്രീയ ഭേദമന്യേ എല്ലാ കൗൺസിലർമാരും ഒറ്റക്കെട്ടായി വാട്ടർ അതോറിറ്റിയുടെ അനാസ്ഥക്കെതിരെ രംഗത്തെത്തി. പഴയ മുനിസിപ്പൽ പ്രദേശം, നാട്ടകം, കുമാരനെല്ലൂർ എന്നിവിടങ്ങളിൽ പദ്ധതിക്കായി ടെൻഡർ വെച്ചതിനേക്കാൾ അധിക തുക ആവശ്യമുള്ളതിനാൽ റിവിഷന് വേണ്ടിയാണ് ബുധനാഴ്ച അടിയന്തര കൗൺസിൽ ചേർന്നത്.
വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും ഹാജരായിരുന്നു. പണി പൂർത്തിയാക്കാത്തതിനാൽ റിവിഷൻ അംഗീകരിക്കാനാവില്ലെന്ന് കൗൺസിലർമാർ നിലപാടെടുത്തു. അമൃത് പദ്ധതിക്കായി നഗരസഭ പരിധിയിലെമ്പാടും റോഡ് സഞ്ചരിക്കാനാവാത്ത വിധം വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. പലയിടത്തും പൈപ്പ് സ്ഥാപിച്ചിട്ടും വെള്ളം കിട്ടുന്നില്ല. എന്നാൽ, ബിൽ നൽകുന്നുമുണ്ട്. ജനം തങ്ങളെയാണ് ആക്ഷേപിക്കുന്നത്. കൗൺസിലർമാർ വിളിക്കുമ്പോൾ ഉദ്യോഗസ്ഥർ ഫോണെടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്യുന്നില്ല. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ കണ്ടാൽ ജനം കല്ലെറിഞ്ഞ് ഓടിക്കുമെന്നും കൗൺസിലർമാർ പറഞ്ഞു. മൂലേടം 30ാം വാർഡിൽ കുത്തിപ്പൊളിച്ചിട്ട റോഡ് ടാർ ചെയ്യാൻ പലതവണ ആവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്ന് കെ.യു. രഘു പറഞ്ഞു.
പുത്തനങ്ങാടി കുന്നുംപുറത്ത് കഴിഞ്ഞ മാർച്ചിൽ പണി തുടങ്ങി. ഇതുവരെ വെള്ളം കിട്ടിയിട്ടില്ല. റോഡ് തകർത്തിട്ടിരിക്കുകയാണെന്ന് അഡ്വ. ഡോം കോര ചൂണ്ടിക്കാട്ടി. ഇവിടെ സെപ്റ്റംബർ 13നകവും മാന്താർ റോഡ് 30നകവും ഗതാഗതയോഗ്യമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
തിരുവാതുക്കലിൽ എപ്പോഴും പൈപ്പ് പൊട്ടുന്ന വിഷയവും ഉന്നയിച്ചു. പൊട്ടുന്നത് പഴയ എ.സി പൈപ്പാണ്. പുതിയ പൈപ്പിടൽ നടക്കുകയാണ്.
അത് പൂർത്തിയായാൽ പഴയ കണക്ഷൻ വിച്ഛേദിക്കും. ഇതോടെ പൈപ്പ് പൊട്ടൽ മാറുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പഴയ സെമിനാരി ഭാഗത്ത് പൈപ്പിടാൻ പൊളിച്ച റോഡ് നാമാവശേഷമായെന്ന് പി.ആർ. സോന പറഞ്ഞു. ഈ റോഡും സെപ്റ്റംബറിൽതന്നെ നന്നാക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.