ചങ്ങനാശ്ശേരി: പങ്കാളി പകുത്തുനൽകിയ കരളിനും രക്ഷിക്കാനാവാതെ സജി മടങ്ങി. നാലുകോടി ആലഞ്ചേരി വീട്ടിൽ ജോസഫ് മാത്യുവാണ് (സജി -49) ശനിയാഴ്ച പുലർച്ച കൊച്ചി അമൃത ആശുപത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയക്കു ശേഷം മരിച്ചത്. ഈ മാസം മൂന്നിന് ഭാര്യ ഷീജയുടെ കരളിന്റെ ഭാഗമാണ് സജിയിൽ തുന്നിച്ചേർത്തത്. ഒന്നര വർഷം മുമ്പ് പാൻക്രിയാസിൽ കല്ല് ബാധിച്ചതിന് ചികിത്സ തേടിയ സജി ലിവർ സിറോസിസിന്റെ പിടിയിലാകുകയായിരുന്നു. ഇതോടെ പാൻക്രിയാസിസ് ശസ്ത്രക്രിയക്കൊപ്പം കരൾമാറ്റ ശസ്ത്രക്രിയ കൂടി ഡോക്ടർമാർ നിർദേശിച്ചു.
ഭാര്യ ഷീജ കരൾ നൽകാൻ സന്നദ്ധയായതോടെ ആശുപത്രി നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാനായി. നാട്ടുകാരുടെ സാമ്പത്തിക സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്. അൾത്താര ബാലനായി തുടങ്ങിയ സാമൂഹികജീവിതം എണ്ണമറ്റ സൗഹൃദമാണ് സജിക്കു സമ്മാനിച്ചത്. നിരവധി ചെറു നാടകങ്ങൾ എഴുതുകയും വേഷമിടുകയും ചെയ്തിട്ടുണ്ട്. അനുകരണ കലയിലും സംഗീതത്തിലും കൈവെച്ചിരുന്നു. വ്യാപാര സ്ഥാപനങ്ങളിലെ അക്കൗണ്ടിങ് ജോലിയിൽ തുടങ്ങി കെട്ടിടനിർമാണ കൺസൽട്ടന്റായും കെ.എസ്.എഫ്.ഇ ഏജന്റായും പ്രവർത്തിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കേരള കോൺഗ്രസ് എം പായിപ്പാട് മണ്ഡലം സെക്രട്ടറി കൂടിയാണ്. ഭാര്യ ഷീജ കിളിമല സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂളിൽ അധ്യാപികയാണ്.
പത്തിലും ഏഴിലും പഠിക്കുന്ന ആൽവിൻ, എഡ്വിൻ എന്നിവർ മക്കളാണ്. അമൃത ആശുപത്രിയിലെ ഐ.സി.യുവിൽ കഴിയുന്ന ഷീജ അന്ത്യചുംബനം നൽകി പ്രിയതമനെ യാത്രയാക്കുകയായിരുന്നു. മൃതദേഹം ഞായറാഴ്ച ഉച്ചക്കു രണ്ടിന് നാലുകോടി സെന്റ് തോമസ് ചർച്ച് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.