ചങ്ങനാശ്ശേരി: നിർമാണം പൂര്‍ത്തീകരിച്ച് എട്ടുമാസം പിന്നിട്ടിട്ടും അംഗൻവാടി തുറന്നു നല്‍കിയില്ല. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് ഏഴാംവാര്‍ഡ് കാരക്കാട്ട് കുന്നില്‍ പ്രവര്‍ത്തിക്കുന്ന 21ാം നമ്പര്‍ അംഗൻവാടിക്കാണ് ഈ ദുരവസ്ഥ. കൊടിക്കുന്നില്‍ സുരേഷിന്റെ എം.പി ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് ഫെബ്രുവരിയിലാണ് നിർമാണം പൂര്‍ത്തീകരിച്ചത്.
വയറിങ്ങിനും പ്ലംബിങ്ങിനും മാടപ്പള്ളി ഗ്രാമപഞ്ചായത്ത് തനത് ഫണ്ടില്‍നിന്ന് 50,000 രൂപയും അനുവദിച്ചിരുന്നു. ഫെബ്രുവരി 25ന് ഉദ്ഘാടനം നടത്തുമെന്ന് ചൂണ്ടിക്കാട്ടി ശിലാഫലകവും സ്ഥാപിച്ചു.
എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും അംഗൻവാടി തുറന്നുനല്‍കിയിട്ടില്ല. വാടകക്കെട്ടിടത്തില്‍നിന്ന് അംഗൻവാടിയുടെ മാറ്റണമെന്ന് വാടകക്കാരനും ആവശ്യപ്പെട്ടിരിക്കുകയാണ്.
കാടുമൂടി ഇഴജന്തുക്കളുടെ ശല്യവുമുള്ള വാടകക്കെട്ടിടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞയിടെ ഇവിടെ മൂര്‍ഖന്‍ പാമ്പ് കയറിയതായി അധ്യാപികയും പറയുന്നു. ഇഴജന്തുക്കളുടെ ശല്യം കൂടുതലായതോടെ മാതാപിതാക്കള്‍ കുട്ടികളെ വിടാത്ത സ്ഥിതിയിലായി. വിഷയം ചൂണ്ടിക്കാട്ടി അധ്യാപികയും സി.ഡി.പി.ഒയും സൂപ്പര്‍വൈസറും പഞ്ചായത്ത് അംഗവും എം.പിയുമായി സംസാരിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ഉദ്ഘാടനം നടത്താമെന്ന് സമ്മതിച്ചിരുന്നതായി പറയുന്നു. ഇതേതുടര്‍ന്ന് മാടപ്പള്ളി പഞ്ചായത്ത് ഭരണസമിതി അടിയന്തിര കമ്മിറ്റി ചേര്‍ന്ന് ബുധനാഴ്ച ഉദ്ഘാടനം തീരുമാനിച്ചു. എന്നാല്‍, എം.പിക്ക് ഡേറ്റ് ഇല്ലെന്നും പറഞ്ഞ് ബുധനാഴ്ച ഉദ്ഘാടനം നടന്നില്ല. എട്ടുമാസത്തിനിടെ പലതവണ ഉദ്ഘാടനം തീരുമാനിച്ചെങ്കിലും എം.പിക്ക് ഡേറ്റ് ഇല്ലെന്ന് തടസ്സമായി പറഞ്ഞ് അംഗൻവാടി ഉദ്ഘാടനം നടത്താന്‍ സാധിക്കുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
മാടപ്പള്ളി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അംഗൻവാടി നിർമിച്ചിരിക്കുന്നത്. പഞ്ചായത്തും എം.പിയും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് ഉദ്ഘാടനം നടത്തുന്നതിന് കാലതാമസം വരുന്നതെന്ന് വാര്‍ഡ് മെംബറും ആരോപിക്കുന്നു.
‘അംഗൻവാടിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ട് എട്ടുമാസമായി. ഉദ്ഘാടനം ചെയ്ത് തുറന്നു നല്‍കുന്നതിനായി പലതവണ തീയതി തീരുമാനിച്ചിരുന്നു. പഞ്ചായത്ത് അടിയന്തര കമ്മിറ്റി കൂടി ബുധനാഴ്ച ഉദ്ഘാടനം നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ എം.പിക്ക് വരാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. നാലുമാസമായി അംഗൻവാടി ടീച്ചറും ഹെല്‍പറും ചേര്‍ന്നാണ് 4000 രൂപ വീതം മാസവാടക കൊടുക്കുന്നത്. മാടപ്പള്ളിയിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും ഭിന്നതയും ഉദ്ഘാടനത്തെ ബാധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും യാതൊരു വീഴ്ച ഉണ്ടായിട്ടില്ല’ -പി.എ. ബിന്സണ് (വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.